തിലക് വീണു!!! മുംബൈയും

Sports Correspondent

തിലക് വര്‍മ്മയുടെ ഇന്നിംഗ്സിന്റെ ബലത്തിൽ വിജയത്തിലേക്ക് കുതിയ്ക്കുകയായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ താളം തെറ്റിച്ച് 23 റൺസ് വിജയം നേടി രാജസ്ഥാന്‍ റോയൽസ്. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 170 റൺസാണ് മുംബൈ ഇന്ത്യന്‍സ് ഇന്ന് നേടിയത്. ഒരു ഘട്ടത്തിൽ തിലക് വര്‍മ്മ – ഇഷാന്‍ കിഷന്‍ കൂട്ടുകെട്ട് മുംബൈയെ വിജയത്തിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും അശ്വിനും ചഹാലും നിര്‍ണ്ണായ വിക്കറ്റുകളുമായി രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ എത്തിക്കുകയായിരുന്നു.

Tilakverma

രോഹിത് ശര്‍മ്മയെയും അന്മോൽപ്രീത് സിംഗിനെയും തുടക്കത്തിൽ തന്നെ നഷ്ടമായ മുംബൈയെ ഇഷാന്‍ കിഷനും തിലക് വര്‍മ്മയും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്.

ഇഷാന്‍ തന്റെ അര്‍ദ്ധ ശതകം തികച്ച് അധികം വൈകാതെ പുറത്താകുമ്പോള്‍ 7 ഓവറിൽ 73 റൺസായിരുന്നു മുംബൈ നേടേണ്ടിയിരുന്നത്. 53 റൺസ് നേടിയ താരം പുറത്താകുമ്പോള്‍ 54 പന്തിൽ 81 റൺസ് ഈ കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ നേടിയിരുന്നു. ട്രെന്റ് ബോള്‍ട്ടാണ് ഇഷാന്‍ കിഷനെ പുറത്താക്കിയത്.

Tilakvermaishankishan

ഇഷാന്‍ കിഷന്‍ പുറത്തായ ശേഷവും തകര്‍പ്പന്‍ ബാറ്റിംഗ് തുടര്‍ന്ന തിലക് വര്‍മ്മ സിക്സര്‍ മഴ പെയ്യിച്ച് മുന്നേറിയെങ്കിലും 33 പന്തിൽ 61 റൺസ് നേടിയ താരത്തെ രവിചന്ദ്രന്‍ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കി രാജസ്ഥാന് ക്യാമ്പിൽ ആശ്വാസം നല്‍കി.

Ravichandranashwin

മത്സരം അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ 58 റൺസായിരുന്നു മുംബൈ നേടേണ്ടിയിരുന്നത്. അടുത്ത ഓവറിൽ ടിം ഡേവിഡിനെയും ഡാനിയേൽ സാംസിനെയും പുറത്താക്കി ചഹാല്‍ മുംബൈയെ കൂടുതൽ പ്രശ്നത്തിലേക്ക് വീഴ്ത്തി. അടുത്ത പന്തിൽ മുരുഗന്‍ അശ്വിനെ വീഴ്ത്തി ചഹാലിന് ഹാട്രിക്കിന് അവസരം ലഭിച്ചുവെങ്കിലും ക്യാച്ച് സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡര്‍ കരുൺ നായര്‍ കൈവിടുകയായിരുന്നു.

19ാം ഓവറിൽ പൊള്ളാര്‍ഡിന് ജീവന്‍ദാനം കൂടി ലഭിച്ചപ്പോള്‍ അവസാന ഓവറിൽ മുംബൈയുടെ വിജയ ലക്ഷ്യം 29 റൺസായിരുന്നു. പൊള്ളാര്‍ഡ് 22 റൺസ് നേടിയെങ്കിലും 24 പന്തുകളിൽ നിന്നാണ് താരം ഈ സ്കോര്‍ നേടിയത്.