വ്യാഴാഴ്ച പുലർച്ചെ പെറുവിനെതിരായ മത്സരത്തിൽ ഏക ഗോളിന് വിജയിച്ചതോടെ ഉറുഗ്വേ ലോകകപ്പ് യോഗ്യത ഉറപ്പിച്ചു. ജോർജിയൻ ഡി അരാസ്കേറ്റ ആണ് ഉറുഗ്വേയുടെ വിജയ ഗോൾ നേടിയത്. ബ്രസീലിന്റെയും ചിലിയുടെയും സഹായ ഹസ്തത്തിൽ ഇക്വഡോറിന്റെ ലോകകപ്പ് യോഗ്യതയും ഉറപ്പായി. ഇക്വഡോർ ഇന്ന് പരാഗ്വേയിൽ 3-1ന് തോറ്റെങ്കിലും അവർ ലോകകപ്പ് യോഗ്യത നേടി. നാലാം തവണയാണ് ഇക്വഡോർ ലോകകപ്പിന് യോഗ്യത നേടുന്നത്. ഇതിനകം യോഗ്യത നേടിയ ബ്രസീലിന്റെ ചിലിക്കെതിരായ 4-0 വിജയമാണ് ഇക്വഡോറിന് തുണയായത്.
ഈ വർഷം അവസാനം ഖത്തറിൽ നടക്കുന്ന ഫൈനലിലേക്ക് 19 ടീമുകൾ ഇതുവ്രെ യോഗ്യത നേടി, 13 സ്ഥാനങ്ങൾ ഇപ്പോഴും ബാക്കിയുണ്ട്. പെറുവും ചിലിയും ഇപ്പോൾ ദക്ഷിണ അമേരിക്കൻ യോഗ്യതാ ഗ്രൂപ്പിൽ നിന്ന് അഞ്ചാം സ്ഥാനത്തിനുള്ള ഇന്റർകോണ്ടിനെന്റൽ പ്ലേ ഓഫ് സ്ഥാനത്തിനായി കൊളംബിയയ്‌ക്കൊപ്പം പോരാടുകയാണ്.
കഴിഞ്ഞ വർഷാവസാനം തുടർച്ചയായി നാല് മത്സരങ്ങൾ തോറ്റ് ലോകകപ്പ് യോഗ്യതക്ക് അകലെയാണെന്ന് തോന്നിപ്പിച്ച ഉറുഗ്വേ വലിയ തിരിച്ചുവരവാണ് നടത്തിയത്. ഓസ്കർ തെബാരസ് കോച്ചിങ് സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ എത്തിയ ഡിയേഗോ അലോൺസോ തുടർച്ചയായ മൂന്ന് വിജയങ്ങളോടെ യോഗ്യത ഉറപ്പിക്കുക ആയിരുന്നു