സ്പാനിഷ് ലാ ലീഗയിൽ അത്ലറ്റികോ ബിൽബാവോക്ക് എതിരെ നാലു ഗോൾ ജയവുമായി ബാഴ്സലോണ. ജയത്തോടെ അത്ലറ്റികോ മാഡ്രിഡിനെ മറികടന്നു അവർ ലീഗിൽ നാലാം സ്ഥാനത്തും എത്തി. സമ്പൂർണ ആധിപത്യം മത്സരത്തിൽ പുലർത്തുന്ന സാവിയുടെ ടീമിനെ ആണ് കളിയിൽ കാണാൻ ആയത്. 37 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു മികച്ച ഒരു ഗോളിലൂടെ ഒബമയാങ് ആണ് ബാഴ്സലോണയെ മത്സരത്തിൽ മുന്നിൽ എത്തിച്ചത്. ബാഴ്സക്ക് ആയി മൂന്നു കളികളിൽ നിന്നു ഓബയുടെ അഞ്ചാം ഗോൾ ആയിരുന്നു ഇത്. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ ബാഴ്സ മൂന്നു ഗോളുകൾ കൂടി കണ്ടത്തി.
73 മത്തെ മിനിറ്റിൽ ഫ്രാങ്കി ഡി ജോങിന്റെ പാസിൽ നിന്നു പകരക്കാനായി ഇറങ്ങിയ ഒസ്മാൻ ഡെമ്പേലയുടെ കാത്തിരുന്ന ഗോൾ എത്തിയതോടെ ബാഴ്സലോണ ഏതാണ്ട് ജയം ഉറപ്പിച്ചു. ആത്മവിശ്വാസത്തോടെ കളിക്കുന്ന ഡെമ്പേല ഗോൾ നേടിയ ശേഷം 2 ഗോളുകൾക്കും വഴി ഒരുക്കി പിന്നീട്. 90 മത്തെ മിനിറ്റിൽ ലൂക് ഡി ജോങ് ഗോൾ നേടിയത് ഡെമ്പേലയുടെ ക്രോസിൽ നിന്നായിരുന്നു. തുടർന്ന് ഡെമ്പേലയുടെ പാസിൽ നിന്നു വലൻ കാലൻ അടിയിലൂടെ ഗോൾ നേടിയ മെംപിസ് ഡീപായ് ബാഴ്സലോണയുടെ വലിയ ജയം പൂർത്തിയാക്കുക ആയിരുന്നു. ജയത്തോടെ ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് യോഗ്യത എന്ന തങ്ങളുടെ ലക്ഷ്യത്തിലേക്ക് കൂടുതൽ അടുത്തു. അതേസമയം ലീഗിൽ എട്ടാമത് ആണ് ബിൽബാവോ.