സീസണിലെ രണ്ടാം തവണയും വാറ്റ്ഫോർഡിനെ പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ല. ഇന്ന് വാറ്റ്ഫോർഡിനെതിരെ ഗോൾ രഹിത സമനില ആണ് വഴങ്ങിയത്.
ഗോളടിക്കാൻ ഇനിയും എന്തൊക്കെ ചെയ്യണം എന്നാകും ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ പരസ്പരം ചോദിക്കുന്നത്. ഇന്ന് വാറ്റ്ഫോർഡിനെതിരെ 70% പൊസഷനും 20ൽ അധികം ഷോട്ടുകളും ഉണ്ടായിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഗോൾ നേടാൻ ഏറെ കഷ്ടപ്പെട്ടു. ഓൾഡ്ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ഒരുപാട് അവസരങ്ങൾ തുലച്ചതാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വിനയായത്.
ആദ്യ പകുതിയിൽ തന്നെ ബ്രൂണോ ഫെർണാണ്ടസിന് മൂന്ന് മികച്ച അവസരങ്ങൾ ലഭിച്ചു. മൂന്നിൽ ഒന്നും വലയിൽ കയറിയില്ല. റൊണാൾഡോ ഒരു ഗോൾ നേടി എങ്കിലും അത് ഓഫ് സൈഡും ആയി. രണ്ടാം പകുതിയിൽ സാഞ്ചോയും റാഷ്ഫോർഡും എല്ലാം കളത്തിൽ ഇറങ്ങിയിട്ടും യുണൈറ്റഡ് ഗോൾ ദാരിദ്ര്യം തുടർന്നു. 20ൽ അധികം ഷോട്ട് എടുത്തപ്പോഴും ആകെ 4 ഷോട്ട് മാത്രമെ ടാർഗറ്റിൽ ഉണ്ടായിരുന്നുള്ളൂ.
ഈ സമനില മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് 4 പ്രതീക്ഷകൾക്ക് തിരിച്ചടിയാകും. 27 മത്സരങ്ങളിൽ 47 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോഴുൻ നാലാമതാണ്. വാറ്റ്ഫോർഡ് ഇപ്പോഴും റിലഗേഷൻ സോണിൽ ആണ്.