ഇന്ത്യയിൽ ഫുട്ബോൾ നേരിടുന്ന അവഗണനക്ക് പുതിയ ഉദാഹരണം ആയി ആസാമിലെ സംഭവങ്ങൾ. ആസാമിന്റെ തലസ്ഥാനം ആയ ഗുവാഹത്തിയിൽ ഫുട്ബോൾ കളിക്കാൻ ഗ്രൗണ്ടിന് ആയി തെരുവിൽ സമരത്തിനു ഇറങ്ങേണ്ടി വന്നത് ദേശീയ ഫുട്ബോൾ താരങ്ങൾക്കും കുട്ടികൾക്കും അടക്കം എല്ലാവർക്കും ആണ്. ഏതാണ്ട് 500 ൽ അധികം താരങ്ങൾ ആണ് ഫുട്ബോൾ കളിക്കാൻ ഒരു മൈതാനത്തിനു ആയി സമരത്തിനു ഇറങ്ങിയത്. നിലവിൽ ഒരു മൈതാനവും ഫുട്ബോൾ കളിക്കാൻ ഗുവാഹത്തിയിൽ ഇല്ല എന്നതിനാൽ ടൂർണമെന്റുകൾ നടത്താനോ പരിശീലനത്തിൽ ഏർപ്പെടാനോ താരങ്ങൾക്ക് ആവുന്നില്ല എന്നാണ് ആസാം ഫുട്ബോൾ താരങ്ങളുടെ സംഘടന പറയുന്നത്. ഗുവാഹത്തിയിലെ നെഹ്റു സ്റ്റേഡിയം, ജഡ്ജസ് സ്റ്റേഡിയം എന്നിവ ഫുട്ബോൾ കളിക്കാൻ തുറന്നു നൽകണം എന്നാണ് താരങ്ങളുടെ ആവശ്യം. ഫുട്ബോൾ അസോസിയേഷനു ഒരൊറ്റ മൈതാനം പോലും ഇല്ല എന്നതിനാൽ ഈ മൈതാനങ്ങൾ ആയിരുന്നു ഫുട്ബോളിന് ആയി ഉപയോഗിച്ചിരുന്നത്. നേരത്തെ ക്രിക്കറ്റ്, ഫുട്ബോൾ എന്നിവ ഒരുമിച്ച് നടന്നിരുന്ന ഈ മൈതാനങ്ങളിൽ രണ്ടു മാസമായി ഫുട്ബോൾ കളിക്കാൻ അനുവദിക്കുന്നില്ല.
നെഹ്റു സ്റ്റേഡിയം ക്രിക്കറ്റിനു മാത്രമായി മാറ്റുന്ന സമയത്ത് ഒരു ഫുട്ബോൾ മൈതാനം നൽകാൻ സർക്കാർ തയ്യാറായില്ല എന്നത് ആണ് വാസ്തവം. അതേസമയം പുതിയ മൈതാനം ഉടൻ ലഭിക്കും എന്ന പ്രതീക്ഷ ആണ് ആസാം ഫുട്ബോൾ അസോസിയേഷനു ഉള്ളത്. എല്ലാ മൈതാനങ്ങളും ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ ആക്കുന്നതിൽ പല കോണിൽ നിന്നും വിമർശങ്ങൾ വരുന്നുണ്ട്. സമരത്തിനു പിന്തുണയും ആയി ഇതിഹാസ ഇന്ത്യൻ താരം ഭയിച്ചിങ് ഭൂട്ടിയയും രംഗത്ത് വന്നിരുന്നു. ഇത് തന്നെ വേദനിപ്പിക്കുന്നു എന്നു പറഞ്ഞ ഭൂട്ടിയ താരങ്ങളുടെ ആവശ്യം സർക്കാർ അംഗീകരിക്കണം എന്നും ആവശ്യപ്പെട്ടു. ഇന്ത്യൻ ഫുട്ബോളിന്റെ ഏറ്റവും വലിയ ശക്തിയായ നോർത്ത് ഈസ്റ്റിൽ ഫുട്ബോൾ നേരിടുന്ന ഈ അവഗണന ഇന്ത്യൻ ഫുട്ബോളിന് തന്നെ വലിയ ഭീഷണി ആവും സൃഷ്ടിക്കുക. 2016 റെജിസ്ട്രർ ചെയ്ത ഫുട്ബോൾ താരങ്ങളും, 152 പരിശീലകരും, 955 റഫറിമാരും, 53 ക്ലബുകളും ഉള്ള ആസാമിൽ പക്ഷെ വെറും 10 ഫുട്ബോൾ മൈതാനങ്ങൾ മാത്രമേ ഉള്ളു എന്നത് ആണ് യാഥാർത്ഥ്യം.