1 ഗോൾ അടിച്ചും 2 ഗോൾ അടുപ്പിച്ചും കൗട്ടീന്യോ, രണ്ടു ഗോളുമായി ഡാനിയേൽ ജെയിംസ്, വില്ല ലീഡ്സ് ത്രില്ലർ 3-3 സമനിലയിൽ

Wasim Akram

പ്രീമിയർ ലീഗിൽ സമീപകാലത്ത് കണ്ട ഏറ്റവും മികച്ച ത്രില്ലറിൽ 3-3 നു സമനില പാലിച്ചു സ്റ്റീവൻ ജെറാർഡിന്റെ ആസ്റ്റൺ വില്ലയും മാഴ്സെലോ ബിയേൽസയുടെ ലീഡ്സ് യുണൈറ്റഡും. അത്യന്തം ആവേശകരമായ മത്സരത്തിൽ ആറു ഗോളുകളും ഒരു ചുവപ്പ് കാർഡും കാണാനായി. മത്സരത്തിൽ നേരിയ മുൻതൂക്കം ലീഡ്സിന് ആയിരുന്നു എങ്കിലും ലഭിച്ച അവസരങ്ങൾ മുതലാക്കാൻ വില്ലക്ക് ആയി. ഒമ്പതാം മിനിറ്റിൽ റോഡ്രിഗോയുടെ പാസിൽ നിന്നു ഡാനിയേൽ ജെയിംസിലൂടെ ലീഡ്സ് ആണ് മത്സരത്തിൽ ആദ്യം മുന്നിലെത്തുന്നത്. 30 മത്തെ മിനിറ്റിൽ മാത്യു കാശിന്റെ കോർണറിൽ നിന്നു ലഭിച്ച അവസരം ഗോൾ ആക്കി മാറ്റിയ ഫിലിപ്പ് കൗട്ടീന്യോ വില്ലക്ക് സമനില ഗോൾ സമ്മാനിച്ചു.Screenshot 20220210 075643

തുടർന്ന് 38 മത്തെ മിനിറ്റിൽ ജേക്കബ് റംസിയിലൂടെ വില്ല മത്സരത്തിൽ മുന്നിലെത്തി. ത്രൂ ബോളിലൂടെ കൗട്ടീന്യോ ആണ് ഗോളിന് അവസരം ഉണ്ടാക്കിയത്. പിന്നീട് ആദ്യ പകുതിക്ക് തൊട്ടു മുമ്പ് റംസിക്ക് ഒരിക്കൽ കൂടി ഗോൾ നേടാൻ അവസരം ഉണ്ടാക്കി നൽകിയ കൗട്ടീന്യോ വില്ലയെ 3-1 നു മുന്നിലെത്തിച്ചു. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ഗോളിന് തൊട്ടടുത്ത് വച്ച് ഹെഡറിലൂടെ തന്റെ രണ്ടാം ഗോൾ നേടിയ ഡാനിയേൽ ജെയിംസ് ലീഡ്സിന്റെ പ്രതീക്ഷകൾ കാത്തു. തുടർന്ന് രണ്ടാം പകുതിയിൽ 63 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരം ലക്ഷ്യം കണ്ട ഡീഗോ ലോറന്റെ ലീഡ്സിന് അർഹിച്ച സമനില സമ്മാനിക്കുക ആയിരുന്നു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ രണ്ടാം മഞ്ഞ കാർഡ് കണ്ട എസ്‌റി കോൻസ പുറത്ത് പോയതോടെ വില്ല പത്ത് പേരായി ആണ് മത്സരം അവസാനിപ്പിച്ചത്. നിലവിൽ ലീഗിൽ വില്ല പതിനൊന്നാം സ്ഥാനത്തും ലീഡ്സ് പതിനഞ്ചാം സ്ഥാനത്തും ആണ്.