ഗ്രേറ്റ് ഇന്ത്യന്‍ കൊളാപ്സ്, 55 റൺസ് കൂടി നേടുന്നതിനിടെ ഇന്ത്യ ഓള്‍ഔട്ട്

Sports Correspondent

272/3 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 55 റൺസ് കൂടി നേടുന്നതിനിടെ ഇന്ത്യയുടെ അവശേഷിക്കുന്ന ഏഴ് വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്ക വീഴ്ത്തുകയായിരുന്നു.

123 റൺസ് നേടിയ കെഎൽ രാഹുലിനെ റബാഡ പുറത്താക്കുമ്പോള്‍ തലേ ദിവസത്തെ സ്കോറിനോട് ഇന്ത്യ വെറും 6 റൺസാണ് കൂട്ടിചേര്‍ത്തത്. അധികം വൈകാതെ രഹാനെയെ എന്‍ഗിഡി പുറത്താക്കി. 48 റൺസാണ് രഹാനെ നേടിയത്.

പിന്നീടുള്ള ഓവറുകളിൽ റബാഡയും എന്‍ഗിഡിയും മാറി മാറി വിക്കറ്റുകള്‍ നേടിയപ്പോള്‍ ഇന്ത്യയുടെ ചെറുത്ത്നില്പ് അധികം നീണ്ട് നിന്നില്ല. 327 എന്ന നിലയിൽ ടീം ഓള്‍ഔട്ട് ആകുകയായിരുന്നു.

എന്‍ഗിഡി ആറും റബാഡ മൂന്നും വിക്കറ്റാണ് ആതിഥേയര്‍ക്കായി നേടിയത്. അവസാന വിക്കറ്റായി ജസ്പ്രീത് ബുംറ(14) ആണ് പുറത്തായത്. മാര്‍ക്കോ ജാന്‍സന് ആണ് വിക്കറ്റ്.