പ്രീമിയർ ലീഗിൽ റിലഗേഷൻ സോണിൽ കിടന്നു കഷ്ടപ്പെടുന്ന ന്യൂകാസിൽ യുണൈറ്റഡിന്റെ കയ്യിൽ നിന്ന് പരാജയം ഏറ്റുവാങ്ങാതെ യുണൈറ്റഡ് രക്ഷപ്പെട്ടു. ഇന്ന് ന്യൂകാസിലിന്റെ ഹോമിൽ നടന്ന മത്സരത്തിൽ ദയനീയ പ്രകടനം കാഴ്ചവെച്ച യുണൈറ്റഡ് 1-1 എന്ന സമനിലയുമായാണ് മടങ്ങിയത്. പരുക്ക് മാറി എത്തിയ കവാനിയാണ് യുണൈറ്റഡിനെ പരാജയത്തിൽ നിന്ന് രക്ഷിച്ചത്. ഒപ്പം ഡിഹിയയുടെ പതിവ് മാരക സേവുകളും ന്യൂകാസിൽ വിജയം തടഞ്ഞു.
രണ്ടാഴ്ചയുടെ ഇടവേളയ്ക്ക് ശേഷം കളത്തിൽ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ദയനീയ രീതിയിലാണ് തുടങ്ങിയത്. എന്ത് കളിക്കണം എന്ന് അറിയാതെ തപ്പിതടഞ്ഞ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ന്യൂകാസിൽ ഏഴാം മിനുട്ടിൽ തന്നെ നോവിച്ചു. പരിക്ക് മാറി തിരികെയെത്തിയ വരാനെയുടെ അബദ്ധം മുതലെടുത്ത് മുന്നേറിയ ന്യൂകാസിൽ സെന്റ് മാക്സിമനിലൂടെയാണ് വല കണ്ടെത്തിയത്. മാക്സിമിൻ യുണൈറ്റഡ് ഡിഫൻസിനെ ചുറ്റും നിർത്തിയാണ് മനോഹരമായ ഗോൾ നേടിയത്.
ഈ ഗോളിൽ നിന്നും യുണൈറ്റഡ് പാഠം പഠിച്ചില്ല. ആദ്യ പകുതിയിൽ ഒരു നല്ല അവസരം സൃഷ്ടിക്കാൻ പോലും യുണൈറ്റഡിനായില്ല. നല്ല പാസുകൾ പോലും യുണൈറ്റഡിൽ നിന്ന് കണ്ടില്ല. രണ്ടാം പകുതിയിൽ യുണൈറ്റഡ് കവാനിയെയും സാഞ്ചോയെയും കളത്തിൽ ഇറക്കി. റാഷ്ഫോർഡിന്റെ ഒരു ലോങ് ഷോട്ട് ചെറിയ തോതിൽ ന്യൂകാസിലിനെ പരീക്ഷിച്ചു എങ്കിൽ മറുവശത്ത് ഡി ഹിയ മൂന്ന് നല്ല സേവുകൾ നടത്തേണ്ടി വന്നു
അവസാനം 71ആം മിനുട്ടിൽ കവാനി യുണൈറ്റഡിന്റെ രക്ഷക്ക് എത്തി. ഡാലോട്ടിന്റെ പാസിൽ നിന്ന് കവാനി തൊടുത്ത ഷോട്ട് ആദ്യം ലക്ഷ്യത്തിൽ എത്തി ഇല്ല എങ്കിലും റീബൗണ്ടിൽ കവാനി വല കണ്ടെത്തി. താരത്തിന്റെ യുണൈറ്റഡ് കരിയറിലെ 19ആം ഗോളായിരുന്നു ഇത്. 75ആം മിനുട്ടിൽ കവാനിക്ക് വിജയ ഗോൾ നേടാൻ അവസരം ലഭിച്ചു എങ്കിലും താരത്തിന് ഇത്തവണ ലക്ഷ്യം കാണാൻ ആയില്ല.
88ആം മിനുട്ടിൽ ന്യൂകാസിലിന്റെ മർഫി തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി, പിറകെ വന്ന ഷോട്ട് ഡിഹിയ അത്ഭുത സേവിലൂടെ രക്ഷിക്കുകയും ചെയ്തു.
ഈ സമനിലയോടെ യുണൈറ്റഡ് 28 പോയിന്റുമായി ഏഴാം സ്ഥാനത്ത് നിൽക്കുകയാണ്. ന്യൂകാസിൽ 11 പോയിന്റുമായി 19ആം സ്ഥാനത്ത് നിൽക്കുന്നു.