ഐ എസ് എൽ എട്ടാം സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മികച്ച പ്രകടനങ്ങൾ തുടരുന്നു. ഇന്ന് ചെന്നൈയിന് എതിരായ മത്സരത്തിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ടു ഗോളിന് മുന്നിൽ നിൽക്കുകയാണ്. മുംബൈക്ക് എതിരെ 3-0ന് ജയിച്ച മത്സരത്തിൽ ഇറങ്ങിയ അതേ ഇലവനെ ആണ് ഇന്ന് ഇവാൻ വുകമാനോവിച് ഇറക്കിയത്. ഇതിന്റെ ഗുണം പത്താം മിനുട്ടിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചു. പത്താം മിനുട്ടിൽ പ്യൂടിയ നൽകിയ മനോഹരമായ ലോബ് ബോൾ കൈക്കലാക്കി മുന്നേറിയ പെരേര ഡിയസ് കൃത്യമായ ഫിനിഷിലൂടെ വിശാൽ കെയ്തിനെ കീഴ്പ്പെടുത്തി. കേരള ബ്ലാസ്റ്റേഴ്സ് 1-0 ചെന്നൈയിൻ.
ഇതിനു ശേഷം ഹൈ പ്രസിംഗിലൂടെ ചെന്നൈയിനെ കളി നിയന്ത്രിക്കാൻ അനുവദിക്കാതെ ഇരിക്കുക ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ടാക്ടിക്സ്. ചെന്നൈയിൻ കേരള ബ്ലാസ്റ്റേഴ്സ് പ്രസിംഗിൽ പിഴവുകൾ വരുത്തിയത് മൂലം കേരളത്തിന് നല്ല അവസരങ്ങൾ ഏറെ ലഭിച്ചു. മറുവശത്ത് ചെന്നൈയിന് കിട്ടിയ ഒരു നല്ല അവസരം ലോകോത്തര സേവിലൂടെ ഗിൽ സേവ് ചെയ്തു. ഒരു കൗണ്ടറിൽ കിട്ടിയ മറ്റൊരു അവസരമാകട്ടെ ജർമ്മൻ പ്രീത് നഷ്ടപ്പെടുത്തുകയും ചെയ്തു.
39ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ രണ്ടാം ഗോളും നേടി. സഹൽ അബ്ദുൽ സമദാണ് രണ്ടാം ഗോൾ നേടിയത്. സഹലിന്റെ ആദ്യ ഷോട്ട് ചെന്നൈയിൻ ഡിഫൻസ് തടഞ്ഞു എങ്കിലും റീബൗണ്ടിൽ മലയാളി താരം വല കണ്ടെത്തി. സഹലിന്റെ സീസണിലെ മൂന്നാം ഗോളാണ് ഇത്. ആദ്യ പകുതിയുടെ അവസാന മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന് മൂന്നാം ഗോളിന് ഒരു സുവർണ്ണാവസരം കിട്ടിയിരുന്നു. സഹലിന്റെ പാസിൽ നിന്ന് ഒറ്റക്ക് കുതിച്ച വാസ്കസിന്റെ ഷോട്ട് പക്ഷെ വിശാൽ തടഞ്ഞു. അല്ലായെങ്കിൽ ആദ്യ പകുതിയിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചേനെ.
രണ്ടാം പകുതിയിൽ ഇനി വിജയം ഉറപ്പിക്കാൻ ആകും കേരള ബ്ലാസ്റ്റേഴ്സ് ശ്രമം.