അന്റോണിയോ കോന്റെക്ക് കീഴിൽ ടോട്ടൻഹാമിന്റെ മികവ് തുടരുന്നു. തരം താഴ്ത്തൽ ഭീഷണി നേരിടുന്ന നോർവിച്ച് സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് ടോട്ടൻഹാം ഇന്ന് മറികടന്നത്. ജയത്തോടെ ആഴ്സണലിനെ മറികടന്നു ലീഗിൽ അഞ്ചാം സ്ഥാനത്ത് എത്താനും അവർക്ക് ആയി. പന്ത് കൂടുതൽ നേരം കൈവശം വച്ചത് നോർവിച്ച് ആണെങ്കിലും കൂടുതൽ അവസരങ്ങൾ തുറന്നത് ടോട്ടൻഹാം ആയിരുന്നു. ഒന്നാം പകുതിയിൽ പത്താം മിനിറ്റിൽ തന്നെ ടോട്ടൻഹാം മത്സരത്തിൽ മുന്നിലെത്തി.
സോണിന്റെ പാസിൽ നിന്നു ലൂക്കാസ് മൗറയാണ് ടോട്ടൻഹാമിന്റെ ആദ്യ ഗോൾ നേടിയത്. തുടർന്ന് ഗോൾ വഴങ്ങാതെ കളിച്ച നോർവിച്ച് രണ്ടാം പകുതിയിൽ 67 മത്തെ മിനിറ്റിൽ ആണ് രണ്ടാം ഗോൾ വഴങ്ങിയത്. കോർണറിൽ നിന്നു ഡേവിസൻ സാഞ്ചസ് ആണ് ഗോൾ കണ്ടത്തിയത്. തുടർന്ന് 77 മത്തെ മിനിറ്റിൽ ബെൻ ഡേവിസിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ സോൺ ആണ് ടോട്ടൻഹാം ജയം പൂർത്തിയാക്കിയത്. തോൽവിയോടെ നോർവിച്ച് ലീഗിൽ അവസാന സ്ഥാനത്ത് തുടരുകയാണ്.