ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക മത്സരത്തിൽ നിലവിലെ ജേതാക്കളായ ചെൽസി യുവന്റസിനെ നേരിടും. ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ചാണ് മത്സരം. നേരത്തെ യുവന്റസിന്റെ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ചെൽസി ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു. പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ചെൽസി ആ ഫോം ചാമ്പ്യൻസ് ലീഗിലും അവർത്തിക്കാനാവും ഇന്ന് ശ്രമിക്കുക.
ചെൽസി ഫോർവേഡ് റൊമേലു ലുകാകു പരിക്ക് മാറി ടീമിനൊപ്പം പരിശീലനം ആരംഭിച്ചെങ്കിലും ഇന്ന് കളിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല. കൂടാതെ മറ്റൊരു ഫോർവേഡ് ടിമോ വെർണറും പരിക്ക് മാറി ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. എന്നാൽ ലെസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ പരിക്കേറ്റ കായ് ഹാവേർട്സ് ഇന്നത്തെ മത്സരത്തിന് ഉണ്ടാവുമെന്ന് ഉറപ്പില്ല. താരത്തിന്റെ ഹാംസ്ട്രിങ്ങിനു പരിക്കേറ്റിട്ടുണ്ടെന്ന് പരിശീലകൻ തോമസ് ടൂഹൽ വ്യക്തമാക്കി.
അതെ സമയം യുവന്റസ് നിരയിലും പരിക്ക് അലട്ടുന്നുണ്ട്. പരിക്ക് മൂലം രണ്ട് പുറത്തുള്ള ഡാനിലോ ഇന്നത്തെ മത്സരത്തിന് ഉണ്ടാവില്ല. പരിക്കിൽ നിന്ന് മോചിതനായി ടീമിനൊപ്പം ചേർന്ന ഡിബാല ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാവുമെന്ന കാര്യത്തിൽ ഉറപ്പില്ല. കൂടാതെ ആരോൺ റംസിയും കില്ലീനിയും പരിക്കിന്റെ പിടിയിലാണ്. ഇന്നത്തെ മത്സരത്തിൽ ഒരു സമനില പോലും യുവന്റസിനെ ഗ്രൂപ്പ് ചാമ്പ്യന്മാരാക്കും. അതെ സമയം യുവന്റസിനെ തോൽപ്പിച്ച് ഗ്രൂപ്പിൽ ഒന്നാമത് എത്താൻ ആവും ചെൽസിയുടെ ശ്രമം.