ഷദബ് ഖാന്റെ സ്പെല്ലിന് മുന്നിൽ തകര്‍ന്നടിഞ്ഞ ഓസ്ട്രേലിയയ്ക്ക് അപ്രതീക്ഷിത ജയം നല്‍കി ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ മാത്യു വെയിഡും മാര്‍ക്കസ് സ്റ്റോയിനിസും. മത്സരം കൈക്കലാക്കിയെന്ന് കരുതിയ നിമിഷത്തിൽ നിന്നാണ് പാക്കിസ്ഥാന് റിട്ടേൺ ടിക്കറ്റ് ഈ കൂട്ടുകെട്ട് നല്‍കിയത്.
ഒരോവര്‍ അവശേഷിക്കെയാണ് പാക്കിസ്ഥാനെതിരെ 176 റൺസ് ചേസ് ചെയ്ത ഓസ്ട്രേലിയ 5 വിക്കറ്റ് വിജയം നേടിയത്.
ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റന്‍ ആരോൺ ഫിഞ്ചിനെ നഷ്ടമായ ഓസ്ട്രേലിയയ്ക്ക് വേണ്ടി തകര്‍പ്പന്‍ കൂട്ടുകെട്ടാണ് ഡേവിഡ് വാര്‍ണറും മിച്ചൽ മാര്‍ഷും നേടിക്കൊടുത്തത്. എന്നാൽ പവര്‍പ്ലേയ്ക്ക് ശേഷമുള്ള രണ്ടാമത്തെ പന്തിൽ മിച്ചൽ മാര്‍ഷിനെ പുറത്താക്കി ഷദബ് ഖാന്‍ പാക്കിസ്ഥാന് ബ്രേക്ക്ത്രൂ നല്‍കി.
തന്റെ അടുത്തടുത്ത ഓവറുകളിൽ സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും പുറത്താക്കി ഷദബ് ഖാന്‍ ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കി. മാര്‍ഷ് 28 റൺസ് നേടിയപ്പോള്‍ അപകടകാരിയായ ഡേവിഡ് വാര്‍ണര്‍ 30 പന്തിൽ 49 റൺസാണ് നേടിയത്.
തന്റെ സ്പെല്ലിലെ അവസാന ഓവറിൽ ഷദബ് ഖാന്‍ മാക്സ്വെല്ലിനെയും പുറത്താക്കിയതോടെ മത്സരം പാക്കിസ്ഥാന്റെ കൈപ്പിടിയിലായി. എന്നാൽ പിന്നീട് മാര്‍ക്കസ് സ്റ്റോയിനിസും മാത്യു വെയിഡും ചേര്‍ന്ന് ഓസ്ട്രേലിയന്‍ പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കുന്ന കാഴ്ചയാണ് കണ്ടത്. ഇരുവരും ചേര്‍ന്ന് സ്കോറിംഗ് മെച്ചപ്പെടുത്തിയപ്പോള്‍ അവസാന രണ്ടോവറിൽ ഓസ്ട്രേലിയയ്ക്ക് ജയിക്കുവാന്‍ 22 റൺസ് വേണ്ട സ്ഥിതിയിലേക്ക് മത്സരം മാറി.
എന്നാൽ ഷഹീന്‍ അഫ്രീദി എറിഞ്ഞ 19ാം ഓവറിൽ മാത്യു വെയിഡിന്റഎ ക്യാച്ച് ഹസന്‍ അലി കൈവിടുകയും തൊട്ടടുത്ത പന്തുകളിൽ താരം രണ്ട് സിക്സുകള്‍ നേടുകയും ചെയ്തതോട് പാക് പ്രതീക്ഷകള്‍ മങ്ങിത്തുടങ്ങുയായിരുന്നു. 17 പന്തിൽ 41 റൺസ് നേടി വെയിഡും 31 പന്തിൽ 40 റൺസ് നേടി സ്റ്റോയിനിസും ആണ് ടീമിന്റെ വിജയ ശില്പിയായി മാറിയത്.
ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റിൽ 81 റൺസാണ് നേടിയത്.