ഓസ്‌ട്രേലിയൻ ഓപ്പൺ കളിക്കുമോ എന്നത് സംശയത്തിലെന്ന സൂചന നൽകി നൊവാക് ജ്യോക്കോവിച്ച്

Wasim Akram

അടുത്ത വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പണിൽ കളിക്കുന്ന കാര്യം സംശയം ആണ് എന്ന സൂചന ആവർത്തിച്ചു ലോക ഒന്നാം നമ്പർ താരം നൊവാക് ജ്യോക്കോവിച്ച്. വാക്സിനേഷൻ എടുക്കാത്തവർക്കും ഓസ്‌ട്രേലിയൻ ഓപ്പണിൽ കളിക്കാം എന്ന ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നിട്ടും ജ്യോക്കോവിച്ച് ഓസ്‌ട്രേലിയൻ ഓപ്പണിൽ കളിക്കുമോ എന്നത് ഉറപ്പിച്ചു പറയാൻ തയ്യാറായില്ല. പാരീസ് മാസ്റ്റേഴ്സിന് മുമ്പുള്ള പത്രക്കാരുടെ ചോദ്യത്തിന് ഉത്തരമായി ടെന്നീസ് ഓസ്‌ട്രേലിയയുടെ ഔദ്യോഗിക പ്രഖ്യാപനം വന്ന ശേഷമേ താൻ ഈ വിഷയത്തിൽ തീരുമാനം എടുക്കുക എന്നാണ് താരം പറഞ്ഞത്.

എന്തൊക്കെ ആയിരിക്കും അവരുടെ ഒരുക്കങ്ങൾ എന്നു വിലയിരുത്തിയ ശേഷം ആവും തന്റെ തീരുമാനം എന്നു പറഞ്ഞ ജ്യോക്കോവിച്ച് കിംവദന്തികളുടെ ഭാഗമാവാൻ തനിക്ക് താൽപ്പര്യം ഇല്ലെന്നും പറഞ്ഞു. നേരത്തെ കോവിഡ് സ്ഥിരീകരിച്ച ജ്യോക്കോവിച്ച് താൻ വാക്സിനേഷൻ എടുത്തോ ഇല്ലയോ എന്നത് ഇത് വരെ വ്യക്തമാക്കാൻ തയ്യാറായിട്ടില്ല. പലപ്പോഴും വാക്സിനേഷനു എതിരെ സംശയങ്ങൾ പ്രകടിപ്പിച്ച ലോക ഒന്നാം നമ്പർ നിരവധി വിമർശങ്ങളും നേരിട്ടിരുന്നു. ഒമ്പത് തവണ ഓസ്‌ട്രേലിയൻ ഓപ്പൺ ജേതാവ് ആയ ജ്യോക്കോവിച്ച് ഓസ്‌ട്രേലിയയിൽ എത്തിയില്ലെങ്കിൽ അത് ടൂർണമെന്റിന് ക്ഷീണം ആവും.