ടി20 ലോകകപ്പിൽ തങ്ങളുടെ അപരാജിത കുതിപ്പ് തുടര്‍ന്ന് പാക്കിസ്ഥാന്. ഇന്ന് നമീബയയ്ക്കെതിരെ തുടക്കം പതിഞ്ഞ മട്ടിലായിരുന്നുവെങ്കിലും അവസാന ഓവറുകളിൽ തകര്‍ത്തടിച്ച പാക്കിസ്ഥാന് 189/2 എന്ന കൂറ്റന്‍ സ്കോറാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ നമീബിയയ്ക്ക് 5 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് മാത്രമേ നേടാനായുള്ളു.
പത്തോവര്‍ പിന്നിടുമ്പോള്‍ പാക്കിസ്ഥാനെക്കാള്‍ മെച്ചപ്പെട്ട നിലയിലായിരുന്നു നമീബിയയെങ്കിലും അവസാന ഓവറുകളിൽ പാക് ബാറ്റ്സ്മാന്മാര് പുറത്തെടുത്ത തട്ടുപൊളിപ്പന്‍ ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുവാന്‍ നമീബിയയ്ക്ക് സാധിക്കാതെ പോയപ്പോള്‍ പാക്കിസ്ഥാന് 45 റൺസ് വിജയം നേടി.
പുറത്താകാതെ 31 പന്തിൽ 43 റൺസ് നേടിയ ഡേവിഡ് വീസ നമീബിയയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ ക്രെയിഗ് വില്യംസ് 40 റൺസും സ്റ്റെഫന് ബാര്‍ഡ് 29 റൺസും നേടി.
പാക് ഇന്നിംഗ്സിലെ അവസാന മൂന്നോവറിൽ വഴങ്ങിയ 51 റൺസ് ഒഴിച്ച് നിര്‍ത്തിയാൽ അഭിമാനാര്‍ഹമായ പ്രകടനമാണ് ഇന്ന് പാക്കിസ്ഥാനെതിരെ നമീബിയ പുറത്തെടുത്തത്. ക്രിക്കറ്റിലെ ഇത്തിരി കുഞ്ഞന്മാര്ക്ക് പാക്കിസ്ഥാന്റെ കൂറ്റന്‍ സ്കോര്‍ മറികടക്കാനായില്ലെങ്കിലും തലയുയര്‍ത്തി തന്നെ ഇന്നത്തെ മത്സരശേഷം ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങാം.
ഇന്ത്യയ്ക്കും ന്യൂസിലാണ്ടിനും അഫ്ഗാനിസ്ഥാനുമെതിരെ നേടാനായ അത്ര വിക്കറ്റുകള്‍ ഇന്ന് പരിചയസമ്പത്തില്ലാത്ത നമീബിയന്‍ ബാറ്റിംഗ് നിരയ്ക്കെതിരെ പാക്കിസ്ഥാന് നേടാനായില്ല എന്നതും എടുത്ത് പറയേണ്ട കാര്യമാണ്.