കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ ബ്രന്റ്ഫോർഡിന് എതിരെ പരിക്കേറ്റു പിന്മാറിയ ജെയ്മി വാർഡി ആഴ്സണലിന് എതിരെ കളിച്ചേക്കും എന്ന സൂചന നൽകി ലെസ്റ്റർ സിറ്റി പരിശീലകൻ ബ്രണ്ടൻ റോജേഴ്സ്. കഴിഞ്ഞ ലീഗ് കപ്പ് മത്സരത്തിൽ വാർഡിക്ക് റോജേഴ്സ് വിശ്രമം നൽകിയിരുന്നു. വാർഡിയുടെ ആരോഗ്യം വച്ച് സാഹസത്തിനു മുതിരില്ലെന്നു പറഞ്ഞ റോജേഴ്സ് പക്ഷെ താരം പൂർണ ആരോഗ്യം വീണ്ടെടുത്തു എന്ന സൂചന തന്നെയാണ് നൽകിയത്.
വാർഡിയുടെ അഭാവത്തിലും ഡാക, ഇഗനാച്ചോ തുടങ്ങിയ മികച്ച മുന്നേറ്റ താരങ്ങൾ തങ്ങൾക്ക് ഉണ്ടെന്നും ലെസ്റ്റർ പരിശീലകൻ കൂട്ടിച്ചേർത്തു. സീസണിൽ അതുഗ്രൻ ഫോമിലാണ് വാർഡി, ഇത് വരെ ഒമ്പതു കളികളിൽ നിന്നു 7 ഗോളുകളും ഒരു അസിസ്റ്റും ഇംഗ്ലീഷ് താരം നേടിയിട്ടുണ്ട്. അതോടൊപ്പം വെയിൻ റൂണി കഴിഞ്ഞാൽ ആഴ്സണലിന് എതിരെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം കൂടിയാണ് വാർഡി. ഇത് വരെ ആഴ്സണലിന് എതിരെ 11 ഗോളുകൾ നേടിയ വാർഡിയുടെ സാന്നിധ്യം അതിനാൽ തന്നെ ലെസ്റ്ററിന് പ്രധാനപ്പെട്ടത് ആണ്.