സമീപകാലത്ത് വിചിത്രമായതും അതേസമയം ആരാധകരിൽ നിന്നും ഫുട്ബോൾ പണ്ഡിറ്റുകളിൽ നിന്നും വിമർശനം ഏറ്റുവാങ്ങിയ ഒരു ഫുട്ബോൾ കഥയാണ് ആഴ്സണൽ, വില്യം സാലിബ കഥ. വലിയ പ്രതിരോധ പ്രശ്നങ്ങളിൽ വിയർക്കുന്ന ആഴ്സണലിലേക്ക് പലരും വലിയ ഫുട്ബോൾ ഭാവി പ്രവചിച്ച വില്യം സാലിബ വെറും 18 മത്തെ വയസ്സിൽ എത്തുമ്പോൾ ആഴ്സണൽ ആരാധകരുടെ പ്രതീക്ഷ വാനോളം ആയിരുന്നു. ഫ്രഞ്ച് ക്ലബ് സെന്റ് എറ്റിന്റെ അക്കാദമിയിലൂടെ വളർന്നു വന്ന സാലിബ അവരുടെ ആദ്യ ടീമിൽ കഴിവ് തെളിയിച്ചപ്പോൾ ആണ് ആഴ്സണൽ താരത്തെ ടീമിൽ എത്തിച്ചത്. തുടർന്ന് ആ സീസണിൽ പഴയ ക്ലബിൽ താരത്തെ കളിക്കാൻ അനുവദിക്കുന്ന ആഴ്സണൽ പക്ഷെ അടുത്ത സീസണിൽ അണ്ടർ 21, 23 എന്നിവയിൽ 8 കളികളിൽ മാത്രം ആണ് താരത്തിന് അവസരം നൽകിയത്. സാലിബയുടെ അരങ്ങേറ്റം കാത്തിരുന്ന ആരാധകരെ നിരാശരാക്കി വീണ്ടും താരത്തെ ആഴ്സണൽ വായ്പ അടിസ്ഥാനത്തിൽ അയക്കുന്നത് ആണ് കാണാൻ ആയത്. ഈ ഇടക്ക് വ്യക്തിപരമായ പ്രശ്നങ്ങളും താരത്തെ അലട്ടി.
തുടർന്ന് നീസിലും പിന്നീട് മാഴ്സെയിലും ആയി വില്യം സാലിബ കളിക്കുന്നത് ആണ് കാണാൻ ആയത്. ലെസ്റ്റർ സിറ്റിലയിൽ സാലിബയുടെ സഹതാരം ഫൊഫാന മിന്നും പ്രകടനം പുറത്ത് എടുത്തിട്ടും 5 വർഷം കരാറുള്ള താരത്തെ ആഴ്സണൽ വീണ്ടും വായ്പക്ക് വിട്ടു നൽകുക ആണ് ഉണ്ടായത്. ഇടക്ക് പരിശീലകൻ മൈക്കിൾ ആർട്ടെറ്റ താരത്തിൽ തൃപ്തൻ അല്ല എന്ന വാർത്തയും വന്നു. അതേസമയം തന്റെ ഒരു മത്സരം പോലും കാണാൻ വരാതെയാണ് ആർട്ടെറ്റ തന്റെ കഴിവിനെ കുറിച്ച് വിധി എഴുതിയത് എന്ന ചെറിയ വിമർശനവും സാലിബയിൽ നിന്നു ഉണ്ടായി. സാലിബയെ വായ്പക്ക് അയക്കുന്ന സമയത്ത് തന്നെയാണ് ആഴ്സണൽ ക്ലബ് റെക്കോർഡ് തുകക്ക് ബ്രൈറ്റൻ പ്രതിരോധ താരം ബെൻ വൈറ്റിനെ ടീമിൽ എത്തിക്കുന്നത്. ഇത് സാലിബയിൽ ആർട്ടെറ്റ ഭാവി കാണുന്നില്ല എന്ന ആശങ്കയും ആരാധകർക്ക് നൽകി. സാലിബ ഉള്ളപ്പോൾ വൈറ്റിന് ഇത്ര വലിയ പണം മുടക്കിയത് വലിയ മണ്ടത്തരം ആണെന്ന വിമർശനവും വന്നു
എന്നാൽ താരത്തെ വിൽക്കാൻ ഉദ്ദേശം ഇല്ലെന്ന സൂചന ക്ലബിൽ നിന്നു ഉണ്ടായത് ഇടക്ക് ആശ്വാസം ആയി. നിലവിൽ ഗബ്രിയേൽ, ബെൻ വൈറ്റ് എന്നിവർ അടങ്ങുന്ന ആഴ്സണൽ പ്രതിരോധം അത്യാവശ്യം മികച്ച പ്രകടനം ആണ് സീസണിൽ ഇത് വരെ നടത്തുന്നത്.
എന്നാൽ സാലിബ ഫ്രാൻസിൽ നടത്തുന്ന പ്രകടനങ്ങളോട് ആഴ്സണലിനോ, ആർട്ടെറ്റക്കോ എത്രനാൾ കണ്ണു അടക്കാൻ ആവും എന്നത് തന്നെയാണ് ആരാധകരുടെ ചോദ്യം. മാഴ്സെയിൽ ലീഗ് വണ്ണിലും യൂറോപ്പ ലീഗിലും ക്ലബിന്റെ മതിൽ ആയി ആണ് സാലിബ നിൽക്കുന്നത്. പ്രതിരോധത്തിന് ഒപ്പം പന്ത് കൈവശം വക്കുന്നതിലും മുന്നേറുന്നതിലും നീളൻ പാസുകൾ നൽകുന്നതിലും താരത്തിനുള്ള മികവ് ഇതിനകം തന്നെ വളരെയധികം അഭിനന്ദിക്കപ്പെട്ട ഒന്നാണ്. ഇരുപതാം വയസ്സിൽ വളരെ പരിചയസമ്പന്നനായ താരത്തെ പോലെ മാഴ്സെ പ്രതിരോധം കാക്കുന്ന സാലിബ എപ്പോഴും ശാന്തനായി ആണ് കാണപ്പെടുന്നത്. ഒപ്പം ആവശ്യത്തിന് സാഹസം എടുക്കാനും സാലിബക്ക് ഒരു മടിയുമില്ല. ഇതിനുള്ള ഉദാഹരണം ആയിരുന്നു ഇന്നലെ പി.എസ്.ജിക്ക് എതിരെ തന്റെ ബാല്യകാല സുഹൃത്ത് ആയ എമ്പപ്പ് എതിരായ പിന്നിൽ നിന്ന് ഓടിയെത്തി നടത്തിയ ടാക്കിൾ. പിന്നീട് ഒന്നു പിഴച്ചാൽ ചുവപ്പ് കാർഡ് ഉറപ്പ് ഉണ്ടായിട്ടും ആ സാഹസം എടുത്ത് ടീമിനെ രക്ഷിക്കുക എന്നത് മാത്രം ആയിരുന്നു തന്റെ ഉദ്ദേശം എന്നു സാലിബ മത്സരശേഷം പറഞ്ഞു.
അക്ഷരാർത്ഥത്തിൽ മാഴ്സെയെ മത്സരത്തിൽ രക്ഷിച്ച ടാക്കിൽ തന്നെയായിരുന്നു ഇത്. സാക്ഷാൽ ലയണൽ മെസ്സി, കിലിയൻ എമ്പപ്പെ, നെയ്മർ ജൂനിയർ, ഏഞ്ചൽ ഡി മരിയ എന്നിവർ അടങ്ങിയ മുന്നേറ്റത്തെ പിടിച്ചു കെട്ടി മത്സരത്തിൽ കേമൻ ആയതും സാലിബ അല്ലാതെ മറ്റാരും ആയിരുന്നില്ല. ഇങ്ങനെ നിരന്തരം മികച്ച പ്രകടനങ്ങൾ പുറത്ത് എടുക്കുന്ന സാലിബയെ ജനുവരിയിൽ തന്നെ വായ്പയിൽ നിന്നു തിരിച്ചു വിളിക്കണം എന്ന ആവശ്യം പോലും ആഴ്സണൽ ആരാധകരിൽ നിന്നു ഇതിനകം തന്നെ ഉണ്ടായി. നിലവിൽ വൈറ്റ്, ഗബ്രിയേൽ സഖ്യത്തിൽ എത്ര തൃപ്തൻ ആണ് എന്ന് ആർട്ടെറ്റ പറഞ്ഞാലും നിരന്തരം ഇങ്ങനെ കളിക്കുന്ന വില്യം സാലിബയെ അധികനാൾ ഒഴിവാക്കാൻ ആഴ്സണൽ പരിശീലകനു ആവില്ല എന്നുറപ്പാണ്. മാഴ്സെയിലെ കളി മികവിൽ ഇതിനകം ഫ്രാൻസ് ടീമിൽ ഇടം പിടിച്ച സാലിബ ഈ സീസണിൽ അല്ലെങ്കിലും അടുത്ത സീസണിൽ എങ്കിലും ആഴ്സണൽ ജേഴ്സി അണിയുന്നത് കാണാൻ ആണ് ആഴ്സണൽ ആരാധകർ കാത്തിരിക്കുന്നത്. അടുത്ത സീസണിൽ അങ്ങനെയെങ്കിൽ സ്ഥാനത്തിന് ആയി വൈറ്റ്, സാലിബ പോരാട്ടം ആഴ്സണലിന് വലിയ നേട്ടം തന്നെയാവും. ഇനിയും സാലിബയിൽ നിന്നു ആഴ്സണൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റ മുഖം തിരിച്ചു നിൽക്കുമോ എന്നത് കാത്തിരുന്നു കാണണം.