ബുണ്ടസ് ലീഗയിൽ വമ്പൻ ജയവുമായി ബയേൺ മ്യൂണിക്ക്. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ഹോഫെൻഹെയിമിനെ ബയേൺ മ്യൂണിക്ക് പരാജയപ്പെടുത്തിയത്. ഈ സീസണിൽ 10ആം ബുണ്ടസ് ലീഗ ഗോൾ റോബർട്ട് ലെവൻഡോസ്കി നേടിയപ്പോൾ ബയേണിന്റെ മറ്റു ഗോളുകൾ സെർജ് ഗ്നബ്രിയും ചൗപോ മോട്ടിംഗും കിംഗ്സ്ലി കോമനും നേടി. കൊറോണ ബാധിതനായ പരിശീലകൻ ജൂലിയൻ നാഗെൽസ്മനില്ലാതെ ഇന്നിറങ്ങിയ ഇറങ്ങിയ ബയേൺ മ്യൂണിക്ക് ചാമ്പ്യൻസ് ലീഗിലെ ബെൻഫികക്കെതിരായ സ്കോർ ലൈൻ ഓർമ്മിപ്പിക്കും പ്രകടനമാണ് നടത്തിയത്.
കളിയുടെ 16ആം മിനുട്ടിൽ സെർജ് ഗ്നബ്രിയിലൂടെയാണ് ബയേൺ ആദ്യ ഗോൾ നേടിയത്. ഗോളിന് വഴിയൊരുക്കിയത് യുവതാരം ജമാൽ മുസിയലയാണ്. ഗ്നബ്രി-മുസിയല ധ്വയത്തിന്റെ ആദ്യ ബിൽഡപ്പിൽ ഫൗൾ കാരണം ഗോളനുവധിച്ചിരുന്നില്ല. പിന്നാലെ മറ്റൊരു ശ്രമത്തിൽ ആദ്യ ഗോൾ നേടാനായത്. ഒരു സെൻസേഷണൽ 20യാർഡ് ഗോളിലൂടെ 30ആം മിനുട്ടിൽ റോബർട്ട് ലെവൻഡോസ്കി ബയേൺ മ്യൂണിക്കിന്റെ ലീഡ് രണ്ടായി ഉയർത്തി. തോമസ് മുള്ളറാണ് ഗോളിന് വഴിയൊരുക്കിയത്. മറ്റ് രണ്ട് ഗോളുകളും പിറന്നത് കളിയുടെ രണ്ടാം പകുതിയിലാണ്. ജോഷ്വാ കിമ്മിഷിന്റെ അസിസ്റ്റിൽ എറിക്- മാക്സിം ചൗപോ മോട്ടിംഗാണ് സ്കോർ ചെയ്തത്. കളിയവസാനിക്കും മുൻപേ കിംഗ്സ്ലി കോമനും വല കണ്ടെത്തി.
ബുണ്ടസ് ലീഗയിൽ ഈ സീസണിൽ 33 ഗോളുകൾ ആണ് ബയേൺ അടിച്ച് കൂട്ടിയിരിക്കുന്നത്.