ടി20 ലോകകപ്പിൽ ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ സ്കോട്ലാന്ഡിനെതിരെ മികച്ച ബൗളിംഗ് പ്രകടനവുമായി ബംഗ്ലാദേശ്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് സ്കോട്ലാന്ഡിനെ 53/6 എന്ന നിലയിലേക്ക് തള്ളിയിടുകയായിരുന്നു. ഒരു ഘട്ടത്തിൽ 45/1 എന്ന നിലയിൽ നിന്നാണ് സ്കോട്ലാന്ഡിന്റെ തകര്‍ച്ച. ഓപ്പണര്‍ ജോര്‍ജ്ജ് മുന്‍സേ 29 റൺസ് നേടി.
പിന്നീട് ഏഴാം വിക്കറ്റിൽ 51 റൺസ് നേടി ക്രിസ് ഗ്രീവ്സ് – മാര്‍ക്ക് വാട്ട് കൂട്ടുകെട്ടാണ് മത്സരത്തിൽ നൂറ് കടക്കുവാന്‍ സ്കോട്ലാന്ഡിനെ സഹായിച്ചത്. 22 റൺസ് നേടിയ മാര്‍ക്ക് വാട്ടിനെ വീഴ്ത്തി ടാസ്കിന് അഹമ്മദ് ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.
വാട്ട് പുറത്തായ ശേഷം മികവ് പുലര്‍ത്തിയ ക്രിസ് ഗ്രീവ്സ് വേഗത്തിൽ സ്കോറിംഗ് നടത്തിയപ്പോള്‍ സ്കോട്ലാന്ഡ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 140 റൺസാണ് നേടിയത്. അവസാന ഓവറിൽ പുറത്താകുമ്പോള്‍ ഗ്രീവ്സ് 28 പന്തിൽ 45 റൺസാണ് നേടിയത്.
ബംഗ്ലാദേശിന് വേണ്ടി മഹേദി ഹസന് മൂന്നും ഷാക്കിബ് അല്‍ ഹസന്, മുസ്തഫിസുര്‍ റഹ്മാന് എന്നിവര്‍ രണ്ടും വിക്കറ്റ് നേടി.