ഹര്‍ഷൽ പട്ടേലിന് മൂന്ന് വിക്കറ്റ്, സൺറൈസേഴ്സിന് 141 റൺസ്

Sports Correspondent

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദ്രാബാദിന് 7 വിക്കറ്റ് നഷ്ടത്തിൽ 141 റൺസ്. ജേസൺ റോയ്, കെയിന്‍ വില്യംസൺ എന്നിവരുടെ ബാറ്റിംഗ് മികവിലാണ് സൺറൈസേഴ്സ് ഈ സ്കോര്‍ നേടിയത്. വൃദ്ധിമന്‍ സാഹയ്ക്ക് പകരം അഭിഷേക് ശര്‍മ്മയെ ഓപ്പണിംഗിൽ പരീക്ഷിച്ച സൺറൈസേഴ്സിന് രണ്ടാം ഓവറിൽ സ്കോര്‍ 14ൽ നിൽക്കവെ അഭിഷേകിനെ(13) നഷ്ടമായി.

പിന്നീട് 70 റൺസ് കൂട്ടുകെട്ട് നേടി ജേസൺ റോയിയും കെയിന്‍ വില്യംസണും സൺറൈസേഴ്സിന് മികച്ച അടിത്തറ നല്‍കുകയായിരുന്നു. ഹര്‍ഷൽ പട്ടേൽ 31 റൺസ് നേടിയ വില്യംസണെ പുറത്താക്കിയപ്പോള്‍ പിന്നീട് തുടരെ വിക്കറ്റുകളുമായി ആര്‍സിബി മത്സരത്തിലേക്ക് തിരികെ എത്തുകയായിരുന്നു.

Danchristianrcb

പ്രിയം ഗാര്‍ഗിനെയും(15) ജേസൺ റോയിയെയും ഒരേ ഓവറിൽ പുറത്താക്കി ഡാനിയേൽ ക്രിസ്റ്റ്യന്‍ ആണ് സൺറൈസേഴ്സിനെ പ്രതിരോധത്തിലാക്കിയത്. അബ്ദുള്‍ സമദിനെ വിക്കറ്റിന് മുന്നിൽ ചഹാൽ കുടുക്കിയപ്പോള്‍ 105/2 എന്ന നിലയിൽ നിന്ന് 107/5 എന്ന നിലയിലേക്ക് സൺറൈസേഴ്സ് വീഴുകയായിരുന്നു.

20 ഓവര്‍ അവസാനിക്കുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തിൽ 141 റൺസാണ് സൺറൈസേഴ്സ് നേടിയത്. 16 റൺസാണ് ജേസൺ ഹോള്‍ഡര്‍ നേടിയത്. ഹര്‍ഷൽ പട്ടേൽ മൂന്നും ഡാന്‍ ക്രിസ്റ്റ്യന്‍ രണ്ടും വിക്കറ്റ് നേടി.