പ്രീമിയർ ലീഗിൽ തങ്ങളുടെ സ്വപ്നകുതിപ്പ് തുടർന്ന് ബ്രന്റ്ഫോർഡ്. ഇന്ന് മികച്ച ഫോമിലുള്ള വെസ്റ്റ് ഹാമിനെയും വീഴ്ത്തിയ തേനീച്ചകൂട്ടം തങ്ങൾ അത്ഭുതം കാണിക്കാൻ ആണ് പ്രീമിയർ ലീഗിൽ വന്നത് എന്നു ഒരിക്കൽ കൂടി തെളിയിച്ചു. മത്സരത്തിന്റെ 94 മത്തെ മിനിറ്റിൽ വിജയഗോൾ നേടിയാണ് ഒളിമ്പിക് സ്റ്റേഡിയത്തിൽ ഹാമേഴ്സിനെ ബ്രന്റ്ഫോർഡ് അട്ടിമറിച്ചത്. കഴിഞ്ഞ മത്സരത്തിൽ ലിവർപൂളിന് എതിരെ 82 മിനിറ്റിൽ സമനില ഗോൾ നേടിയ വിസ ഇന്നും അവസാന നിമിഷത്തെ ഗോളിൽ മത്സരം കയ്യിലാക്കി. വെസ്റ്റ് ഹാം ആധിപത്യം കാണിച്ച മത്സരത്തിൽ 20 മിനിറ്റിൽ ബ്രയാൻ ബൂമോയിലൂടെ ബ്രന്റ്ഫോർഡ് ആണ് മത്സരത്തിൽ മുന്നിലെത്തിയത്.
തുടർന്ന് സമനില കാണാനുള്ള വെസ്റ്റ് ഹാം ശ്രമങ്ങൾ ഒന്നും ഫലം കണ്ടില്ല. തുടർന്ന് 80 മിനിറ്റിൽ ജെറോഡ് ബോവനിലൂടെ ആണ് വെസ്റ്റ് ഹാം സമനില ഗോൾ നേടിയത്. തോമസ് സൗചക്കിന്റെ പാസിൽ നിന്നായിരുന്നു ആയിരുന്നു ബോവൻ ഗോൾ നേടിയത്. മത്സരം സമനിലയിലേക്ക് പോവും എന്നു ഉറപ്പായ ഇടത്തിൽ നിന്നാണ് ഒരു സെറ്റ് പീസിൽ നിന്നു 94 മത്തെ മിനിറ്റിൽ ബ്രന്റ്ഫോർഡ് വിജയ ഗോൾ നേടുന്നത്. യോനെ വിസ ആയിരുന്നു ബ്രന്റ്ഫോർഡിനു വിജയഗോൾ സമ്മാനിച്ചത്. വിജയഗോളിനെ ഭ്രാന്തമായി ആഘോഷിക്കുന്ന ബ്രന്റ്ഫോർഡ് താരങ്ങൾ പ്രീമിയർ ലീഗിലെ സ്ഥിരം കാഴ്ച ആവുകയാണ്. ജയത്തോടെ ബ്രന്റ്ഫോർഡ് ലീഗിൽ ഏഴാം സ്ഥാനത്ത് എത്തിയപ്പോൾ വെസ്റ്റ് ഹാം ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.