സ്വീഡിഷ് ഇതിഹാസ ഫുട്ബോൾ താരം സ്ലാട്ടൻ ഇബ്രഹിമോവിച് ഇന്ന് തന്റെ നാൽപ്പതാം പിറന്നാൾ ആഘോഷിക്കുകയാണ്. നാൽപ്പതാം വഴസ്സിലും ഫുട്ബോളിൽ തന്റെതായ പ്രാധാന്യത്തോടെ നിൽക്കുന്ന സ്ലാട്ടാൻ ഒരു അത്ഭുതമാണെന്ന് അല്ലാതെ പറയാൻ ആകില്ല. 1981 ഒക്ടോബർ 3നാണ് ഇബ്ര ജനിച്ചത്. ഇപ്പോൾ മിലാന്റെ താരമായ ഇബ്രഹിമോവിച് ഇന്ന് മത്സരമുള്ളതിനാൽ രണ്ട് ദിവസം മുമ്പ് തന്നെ തന്റെ പിറന്നാൽ ആഘോഷം നടത്തിയിരുന്നു. അവസാന ഒന്നര വർഷമായി എ സി മിലാന്റെ ഒപ്പം ആണ് ഇബ്ര ഉള്ളത്. മിലാനെ തിരികെ ചാമ്പ്യൻസ് ലീഗിൽ എത്തിക്കാൻ അടക്കം ഇബ്രയുടെ സാന്നിദ്ധ്യത്തിനായിരുന്നു.
കരിയറിൽ ഇതുവരെ 954 മത്സരങ്ങൾ കളിച്ച ഇബ്രഹിമോവിച് 565 ഗോളുകളും 200ൽ അധികം അസിസ്റ്റും നേടിയിട്ടുണ്ട്. കരിയറിൽ പല രാജ്യങ്ങളിലായി 31 കിരീടങ്ങളും ഇബ്ര നേടി. നെതർലന്റ്സ്, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിൽ ഇബ്ര ലീഗ് കിരീടം നേടിയിട്ടുണ്ട്. മാൽമോയിൽ കരിയർ ആരംഭിച്ച ഇബ്ര പിന്നീട് അയാക്സ്, യുവന്റസ്, ഇന്റർ മിലാൻ, ബാഴ്സലോണ, എ സി മിലാൻ, പി എസ് ജി, മാഞ്ചസ്റ്റർ യുണൈറ്റഡ്, എൽ എ ഗാലക്സി എന്നിവിടങ്ങളിൽ കളിച്ചു. എല്ലാവിടെയും ഗോളടിച്ച് കൂട്ടിയാണ് താരം മിലാനിൽ തിരികെ എത്തിയത്.
മിലാനിൽ ഈ വരവിൽ 38 മത്സരങ്ങളിൽ നിന്ന് 26 ഗോളുകൾ നേടാൻ ആയി എന്നത് ഇബ്രയുടെ വീര്യം കൂടുയിട്ടെ ഉള്ളൂ എന്നത് വ്യക്തമാക്കുന്നു. സ്വീഡനായി 62 ഗോളുകൾ അടിച്ചിട്ടുള്ള ഇബ്ര അടുത്തിടെ വിരമിക്കൽ പിൻവലിച്ച് സ്വീഡൻ ദേശീയ ടീമിലും തിരികെ എത്തിയിരുന്നു. എന്നും ഗംഭീരമായ ഗോളുകൾ നേടുന്നതിലും ഇബ്ര പ്രസിദ്ധനാണ്. 2012ൽ ഇംഗ്ലണ്ടിനെതിരെ പെനാൾട്ടി ബോക്സിനും ഏറെ ദൂരത്ത് നിന്ന് ബൈസൈക്കിൾ കിക്കിലൂടെ ഇബ്ര നേടിയ ഗോൾ പോലെ ഏവരും ഓർമ്മിക്കുന്ന നിരവധി ഗോളുകൾ ഇബ്ര നേടിയിട്ടുണ്ട്. ഇനിയും ഫുട്ബോളിൽ തുടരാൻ തന്നെയാണ് നാൽപ്പതാം വയസ്സിലും ഇബ്ര ആഗ്രഹിക്കുന്നത്.