മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സീസണിലെ മോശം തുടക്കം മാറ്റമില്ലാതെ തുടരുന്നു. സ്വന്തം തട്ടകത്തിൽ ഒരു മത്സരത്തിൽ കൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പോയിന്റ് നഷ്ടപ്പെടുത്തി. ഇന്ന് എവർട്ടൺ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഓൾഡ്ട്രാഫോർഡിൽ 1-1ന്റെ സമനിലയിൽ തളച്ചത്.
ഇന്ന് റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളി തുടങ്ങിയത്. അവസാന മത്സരങ്ങളിൽ നിന്നൊക്കെ വ്യത്യസ്തമായ ഇന്ന് നല്ല രീതിയിൽ ആണ് യുണൈറ്റഡ് കളി ആരംഭിച്ചത്. തുടക്കം മുതൽ തന്നെ നല്ല നീക്കങ്ങൾ നടത്താൻ യുണൈറ്റഡിനായി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ നല്ല അവസരം വന്നത് കവാനിയുടെ ഹെഡറിൽ നിന്നായിരുന്നു. ഫ്രെഡിന്റെ ക്രോസിൽ നിന്ന് വന്ന ഹെഡർ ഡൈവിലൂടെ പിക്ക്ഫോർഡ് രക്ഷിച്ചു.
എവർട്ടണ് മറുവശത്ത് ഗ്രേയുടെ ഗോളെന്ന് ഉറച്ച ഷോട്ട് മനോഹരമായി സേവ് ചെയ്ത് ഡി ഹിയ താൻ ഫോമിൽ തന്നെ ആണെന്ന് ഓർമ്മിപ്പിച്ചു. ആദ്യ പകുതിയിലെ മികച്ച അവസരങ്ങൾക്ക് ആദ്യ പകുതിയിൽ തന്നെ യുണൈറ്റഡിന് ഫലം കിട്ടി. 43ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്ന് മുന്നേറി ഗ്രീൻവുഡ് പെനാൾട്ടി ബോക്സിന് വെളിയിൽ നിക്കുക ആയിരുന്ന ബ്രൂണോയെ കണ്ടെത്തി. ബ്രൂണോ ഒരു സിമ്പിൾ പാസിലൂടെ ഇടതു വിങ്ങിൽ നിന്ന് പെനാൾട്ടി ബോക്സിൽ എത്തിയ മാർഷ്യലിന് പന്ത് നൽകി. ഫസ്റ്റ് ടച്ച് സ്ട്രൈക്കിൽ ഡിഫ്ലക്ഷന്റെ ചെറിയ സഹായത്തോടെ പന്ത് വലയിൽ എത്തിച്ചു.
രണ്ടാം പകുതിയിൽ അധികം വൈകാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോയെയും സാഞ്ചോയെയും കളത്തിൽ എത്തിച്ചു. ഇതിനു പിന്നാലെ യുണൈറ്റഡ് നല്ല അറ്റാക്ക് നടത്തി എങ്കിലും ലീഡ് ഉയർത്താൻ ആയില്ല. 65ആം മിനുട്ടിൽ എവർട്ടൺ യുണൈറ്റഡിനെ ഒരു കൗണ്ടറിൽ വീഴ്ത്തുകയും ചെയ്തു. ഫ്രെഡിന്റെ പിഴവിൽ നിന്ന് വന്ന അവസരം മുതലെടുത്ത് എതിർ ഹാഫിലേക്ക് കുതിച്ച എവർട്ടൺ യുണൈറ്റഡ് ഡിഫൻസിനെ പിറകിലാക്കി. ആൻഡ്രെ ടൗൺസെൻഡിന്റെ ഫിനിഷിലൂടെ എവർട്ടൺ സമനില നേടി. ടൗൺസെൻഡ് റൊണാൾഡോയുടെ സെലിബ്രേഷൻ അനുകരിക്കുകയും ചെയ്തു.
ഇതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് പോഗ്ബയെയും കളത്തിൽ ഇറക്കി നോക്കി. പക്ഷെ അതും ഗുണം ചെയ്തില്ല. മറുവശത്ത് 85ആം മിനുട്ടിൽ യെറി മിനയിലൂടെ എവർട്ടൺ മുന്നിൽ എത്തി. പക്ഷെ ഭാഗ്യത്തിന് ചെറിയ മാർജിനിൽ ആ ഗോൾ വാർ ഓഫ്സൈഡ് വിധിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാന നിമിഷം വരെ വിജയ ഗോളിനായി ശ്രമിച്ചു എങ്കിലും ഒരു ഫലവും ഉണ്ടായില്ല.
ഈ സമനില മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏഴു മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്ത് നിർത്തുകയാണ്. എവർട്ടണും 14 പോയിന്റാണ് ഉള്ളത്.