ഇന്ന് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ വലിയ ഒരു മത്സരം തന്നെയാണ് നടക്കുന്നത്. പാരീസിൽ വെച്ച് പി എസ് ജിയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ ഏറ്റുമുട്ടും. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ ആവർത്തനമാണിത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് സെമിയിൽ പി എസ് ജിയെ മറികടന്നായിരുന്നു മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ എത്തിയത്. ആ പരാജയത്തിന് മറുപടി കൊടുക്കൽ കൂടിയാകും പി എസ് ജിയുടെ ലക്ഷ്യം. മികച്ച ഫോമിൽ ഉള്ള രണ്ടു ടീമുകളാണ് സിറ്റിയും പി എസ് ജിയും.
ലീഗിൽ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച് നിൽക്കുകയാണ് പി എസ് ജി. എന്നാൽ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ അവർ ക്ലബ് ബ്രുഷെയോട് സമനില വഴങ്ങിയുരുന്നു. ഇന്ന് പരിക്ക് മാറിയ ലയണൽ മെസ്സി കളിക്കാൻ ഇറങ്ങും എന്നാണ് പി എസ് ജി വിശ്വസിക്കുന്നത്. സസ്പെൻഷൻ കാരണം ഡി മറിയ ഇന്ന് ഉണ്ടാകില്ല. പരിക്ക് കാരണം വെറട്ടി, റാമോസ് എന്നിവരും ഉണ്ടാകില്ല.
മാഞ്ചസ്റ്റർ സിറ്റിയും മികച്ച ഫോമിലാണ് ഉള്ളത്. അവസാന മത്സരത്തിൽ അവർ ചെൽസിയെ പരാജയപ്പെടുത്തിയിരുന്നു. ചാമ്പ്യൻസ് ലീഗിൽ ആണെങ്കിൽ ആദ്യ മത്സരത്തിൽ ലൈപ്സിഗിനെ തകർക്കാനും സിറ്റിക്ക് ആയിരുന്നു. ഇന്ന് ഗ്വാർഡിയോള മെസ്സി പോരാട്ടം എന്നൊരു പ്രത്യേകത കൂടെ മത്സരത്തിന് ഉണ്ട്. ഇന്ന് രാത്രി 12.30നാണ് മത്സരം.