ഹാൻസി ഫ്ലിക് യുഗം ജയത്തോടെ തുടങ്ങി ജർമ്മനി, ചെക് റിപ്പബ്ലിക്കിനും ജയം

Wasim Akram

ദീർഘകാലത്തെ ജോക്വിം ലോ യുഗത്തിന് ശേഷം ജർമ്മൻ പരിശീലകൻ ആയി അരങ്ങേറ്റം കുറിച്ച ഹാൻസി ഫ്ലിക്കിന്‌ വിജയത്തുടക്കം. ലിക്റ്റൻ‌സ്റ്റൈനു എതിരെ ബെർഡ് ലെനോയെ ഗോൾ വലക്ക് മുന്നിൽ നിർത്തിയ ഫ്ലിക് മുന്നേറ്റത്തിൽ വെർണർ, ഹാവർട്‌സ്, സാനെ, മുസിയാല എന്നിവരെയും അണിനിരത്തി. മത്സരത്തിൽ 85 ശതമാനം പന്ത് കൈവശം വച്ച ജർമ്മനി 30 ഷോട്ടുകൾ ആണ് ഉതിർത്തത്. ശക്തമായ ആക്രമണം നടത്തിയിട്ടും പിടിച്ചു നിൽക്കുന്ന ലിക്റ്റൻ‌സ്റ്റൈനെ ആണ് മത്സരത്തിൽ കാണാൻ ആയത്. മുസിയാലയുടെ പാസിൽ നിന്നു 41 മിനിറ്റിൽ ഗോൾ കണ്ടത്തിയ തിമോ വെർണർ ആണ് ജർമ്മനിക്ക് മത്സരത്തിൽ മുൻതൂക്കം നൽകുന്നത്.

തുടർന്നും വലിയ ആക്രമണങ്ങൾ ജർമ്മനി നടത്തിയെങ്കിലും ലിക്റ്റൻ‌സ്റ്റൈൻ പിടിച്ചു നിന്നു. ഒടുവിൽ 77 മിനിറ്റിൽ ഗോർടസ്കെയുടെ പാസിൽ നിന്നു ലിറോയ് സാനെ ജർമ്മനിയുടെ ജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി. അതേസമയം ബെലാറസിനെ എതിരില്ലാത്ത ഒരു ഗോളിന് ആണ് ചെക് റിപ്പബ്ലിക് മറികടന്നത്. 34 മിനിറ്റിൽ അഡ്രിയാൻ ബറാക് ആണ് അവർക്ക് വിജയഗോൾ സമ്മാനിച്ചത്. ഏതാണ്ട് തുല്യ ശക്തികളുടെ പോരാട്ടത്തിൽ റൊമാനിയ ഐസിലാന്റിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപ്പിച്ചു. അതേസമയം ലിത്വാനിയയെ വടക്കൻ അയർലന്റ് ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തു.