യു.എസ് ഓപ്പണിൽ രണ്ടാം റൗണ്ടിൽ ക്ലാര തൗസനെ തകർത്തു മൂന്നാം റൗണ്ടിലേക്ക് മുന്നേറി ഒന്നാം സീഡ് ആഷ് ബാർട്ടി. 11 ഏസുകൾ മത്സരത്തിൽ ഉതിർത്ത ബാർട്ടി 5 തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്. തന്റെ പൂർണ മികവ് ഒന്നാം സെറ്റിൽ ബാർട്ടി പുറത്ത് എടുത്തപ്പോൾ ക്ലാരക്ക് ഉത്തരം ഉണ്ടായില്ല. 6-1 നു ആദ്യ സെറ്റ് ബാർട്ടി നേടി. രണ്ടാം സെറ്റിൽ ക്ലാര പൊരുതിയെങ്കിലും 7-5 നു സെറ്റ് കയ്യിലാക്കിയ ബാർട്ടി മൂന്നാം റൗണ്ട് ഉറപ്പിച്ചു. ഇറ്റാലിയൻ താരം മാർട്ടിനയെ 6-3, 6-1 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത സ്വിസ് താരവും 11 സീഡുമായ ബലിന്ത ബെനചിച്ചും മൂന്നാം റൗണ്ട് ഉറപ്പിച്ചു.
ഫ്രഞ്ച് താരം ഫിയോന ഫെരോയെ മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് ഏഴാം സീഡ് ഇഗ സ്വിയറ്റക് വീഴ്ത്തിയത്. ആദ്യ സെറ്റ് 6-3 നു നഷ്ടമായ ശേഷമാണ് ഇഗ തിരിച്ചു വന്നത്. രണ്ടാം സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ ഇഗ മൂന്നാം സെറ്റ് 6-0 നു നേടി മൂന്നാം റൗണ്ട് ഉറപ്പിച്ചു. നാട്ടുകാരിയായ ക്രിസ്റ്റീന പ്ലിസ്കോവയെ 7-6, 6-2 എന്ന നേരിട്ടുള്ള സ്കോറിന് തോൽപ്പിച്ച പത്താം സീഡ് ചെക് റിപ്പബ്ലിക് താരം പെട്ര ക്വിറ്റോവയും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. 14 സീഡ് റഷ്യയുടെ അനസ്‌തേഷ്യ, 17 സീഡ് ഗ്രീക്ക് താരം മരിയ സക്കാരി എന്നിവരും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. അതേസമയം 24 സീഡ് സ്പാനിഷ് താരം പൗല രണ്ടാം റൗണ്ടിൽ പുറത്തായി.