ബാഴ്സലോണയുടെ ക്യാപ്റ്റന്മാരിൽ ഒരാളായ സെർജി റൊബേർടോയും വേതനം കുറക്കാൻ തീരുമാനിച്ചു. 30%ത്തോടെ വേതനം കുറക്കാൻ സെർജി റൊബേർടോ സമ്മതിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താരം ബാഴ്സലോണയിൽ രണ്ട് വർഷത്തെ പുതിയ കരാറും ഒപ്പുവെക്കും. ബാഴ്സലോണയിലെ സാമ്പത്തിക പ്രതിസന്ധി തീർക്കാനായി നേരത്തെ ക്യാപ്റ്റൻ പികെ തന്റെ വേതനം വെട്ടികുറച്ചിരുന്നു. പികെ വേതനം കുറച്ചത് കൊണ്ടാണ് ബാഴ്സലോണക്ക് ഡിപായെയും ഗാർസിയയെയും ലാലിഗയിൽ രജിസ്റ്റർ ചെയ്യാൻ ആയത്.
പികെയെ കൂടെ ക്യാപ്റ്റൻ ആയ ബുസ്കെറ്റ്സും വേതനം 50%ത്തോളം കുറച്ചിരുന്നു. ഇനി നാലാം ക്യാപ്റ്റൻ ആയ ജോർദി ആൽബയും വേതനം കുറക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വെർസറ്റൈൽ താരമായ സെർജി റൊബേർടോ ബാഴ്സലോണയ്ക്കായി സീസണിലെ ആദ്യ മത്സരത്തിൽ ഗോൾ നേടിയിരുന്നു. 29കാരനായ താരം കഴിഞ്ഞ സീസൺ ഭൂരിഭാഗം സമയത്തും പരിക്ക് കാരണം പുറത്തായിരുന്നു. ബാഴ്സലോണയിൽ 2006 മുതൽ ഉള്ള താരമാണ് സെർജി റൊബേർടോ.