2008 ൽ സ്വന്തം നാട്ടിൽ ഒളിമ്പിക്സിലെ അമേരിക്കൻ സമഗ്രാധിപത്യത്തെ വെല്ലുവിളിച്ച ചൈന ആ നേട്ടം ജപ്പാനിലും ആവർത്തിക്കും എന്ന സൂചനയാണ് ഒളിമ്പിക്സ് 11 ദിനങ്ങൾ പിന്നിടുന്ന സമയത്തും ലഭിക്കുന്നത്. നീന്തലിൽ നേരിട്ട തിരിച്ചടിയാണ് അമേരിക്കക്ക് വിനയായത്. തങ്ങളുടെ ശക്തിയായ പല ഇനങ്ങളിലും ചൈനക്ക് തിരിച്ചടി നേരിട്ടെങ്കിലും അതൊക്കെ ചൈന മറികടന്നു. ഇതിനകം തന്നെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട 2016 ലെ റിയോ ഒളിമ്പിക്സിനെക്കാൾ സ്വർണം ചൈന ടോക്കിയോയിൽ നേടിയിട്ടുണ്ട്. നിലവിൽ 32 സ്വർണവും 21 വെള്ളിയും 16 വെങ്കലവും അവർ സ്വന്തം പേരിൽ കുറിച്ചു. നിലവിൽ 24 സ്വർണ മെഡലുകൾ ഉള്ള അമേരിക്ക ചൈനയെക്കാൾ 8 സ്വർണം പിറകിലാണ്.
24 സ്വർണവും 28 വെള്ളിയും 21 വെങ്കലവും സ്വന്തമായുള്ള അമേരിക്കക്ക് 73 മെഡലുകൾ ആണ് നിലവിലുള്ളത്. പതിവ് പോലുള്ള ഒളിമ്പിക് കിരീട നേട്ടം നേടാൻ അമേരിക്കക്ക് വലിയ തിരിച്ചു വരവ് തന്നെ ഇനി ആവശ്യമാണ്. ഇന്ന് രണ്ടു സ്വർണം നേടിയ ജപ്പാൻ 19 സ്വർണവുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ്. ഒളിമ്പിക്സിലെ തന്നെ ഏറ്റവും മികച്ച പ്രകടനം ആണ് മൊത്തം 36 മെഡലുകൾ നേടിയ ആതിഥേയർ ഇത് വരെ നടത്തിയത്. നീന്തലിൽ നേടിയ ഒമ്പത് സ്വർണ മെഡലുകളുടെ മികവിൽ 14 സ്വർണവുമായി ഓസ്ട്രേലിയ ആണ് നിലവിൽ നാലാം സ്ഥാനത്ത്. 13 സ്വർണം അടക്കം 52 മെഡലുകളും ആയി റഷ്യൻ ഒളിമ്പിക് കമ്മിറ്റി ടീം ആണ് അഞ്ചാമത്. 13 സ്വർണവുമായി മൊത്തം 43 മെഡലുകൾ നേടിയ ബ്രിട്ടൻ നിലവിൽ ആറാമത് ആണ്. ഒരു വെള്ളിയും വെങ്കലവുമായി ഇന്ത്യ നിലവിൽ 64 സ്ഥാനത്ത് ആണ്.