നീന്തലിൽ കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ട തിരിച്ചടി മറികടന്നു അമേരിക്കക്ക് ഇന്ന് മികച്ച തുടക്കം. അവരുടെ സൂപ്പർ സ്റ്റാർ ആയ കാലബ് ഡ്രസൽ 100 മീറ്റർ ഫ്രീസ്റ്റൈലിൽ ഒളിമ്പിക് റെക്കോർഡ് നേട്ടത്തോടെയാണ് സ്വർണം നേടിയത്. വെറും 47.02 സെക്കന്റിൽ 100 മീറ്റർ നീന്തിക്കയറിയ ഡ്രസൽ 4×100 ഫ്രീസ്റ്റൈൽ റിലെയിലും സ്വർണം നേടിയിരുന്നു. ഇനിയും മത്സരിക്കുന്ന നാലു ഇനങ്ങളിലും സ്വർണം തന്നെയാണ് ഡ്രസൽ ലക്ഷ്യം വക്കുക. ആവേശകരമായ റേസിൽ ലോക ജേതാവ് ആയ ഓസ്ട്രേലിയൻ താരം കെയിൽ ചാൽമെർസ് ആണ് ഈ ഇനത്തിൽ വെള്ളി നേടിയത്.
റഷ്യൻ ഒളിമ്പിക് കമ്മിറ്റിയുടെ ക്ലിമെന്റ് ക്ളോസനികോവ് വെങ്കലവും നേടി. 800 മീറ്റർ ഫ്രീസ്റ്റൈലിലും അമേരിക്കക്ക് തന്നെയാണ് സ്വർണം. അമേരിക്കയുടെ റോബർട്ട് ഫിങ്ക് ആണ് 800 മീറ്ററിൽ സ്വർണം നേടിയത്. 7 മിനിറ്റ് 41.87 സെക്കന്റുകൾ എടുത്താണ് 21 കാരനായ ഫിങ്ക് സ്വർണം നീന്തിയെടുത്തത്. ഇറ്റാലിയൻ താരം ഗ്രിഗോറിയോ പാൾട്ടിനെറി ഈ ഇനത്തിൽ വെള്ളി മെഡൽ നേടിയപ്പോൾ ഉക്രൈൻ താരം മിഖാലിയോ റോമൻചുക്കിന് ആണ് വെങ്കലം. ഇന്ന് രണ്ടു സ്വർണം നീന്തുയെടുക്കാൻ സാധിച്ചത് അമേരിക്കക്ക് വലിയ നേട്ടമായി.