ഇന്ത്യയെ ചിറകിലേറ്റി സൂര്യകുമാര്‍ യാദവ്, 164 റൺസ്

Sports Correspondent

ശ്രീലങ്കയ്ക്കെതിരെ ആദ്യ ടി20യിൽ 5 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടി ഇന്ത്യ. സൂര്യകുമാര്‍ യാദവിന്റെ അര്‍ദ്ധ ശതകത്തിന്റെയും ശിഖര്‍ ധവാന്‍ നേടിയ 46 റൺസിന്റെയും ബലത്തിലാണ് ഈ സ്കോറിലേക്ക് ഇന്ത്യ എത്തിയത്. അവസാന ഓവറുകളിൽ ഇഷാന്‍ കിഷന്‍ 14 പന്തിൽ 20 റൺസ് നേടി.

ആദ്യ പന്തിൽ തന്നെ പൃഥ്വി ഷായെ നഷ്ടമായ ഇന്ത്യയെ ശിഖര്‍ ധവാനും സഞ്ജു സാംസണും ചേര്‍ന്ന് 50 റൺസ് കൂട്ടുകെട്ടുമായി മുന്നോട്ട് നയിക്കുകയായിരുന്നു. 20 പന്തിൽ 27 റൺസ് നേടിയ സഞ്ജു സാംസണെ വിക്കറ്റിന് മുന്നിൽ കുടുക്കി വനിന്‍ഡു ഹസരംഗയാണ് കൂട്ടുകെട്ട് തകര്‍ത്തത്.

ധവാനും സൂര്യകുമാറും ചേര്‍ന്ന് 62 റൺസ് നേടി ഇന്ത്യയെ മുന്നോട്ട് നയിക്കുന്നതിനിടെയാണ് 36 പന്തിൽ 46 റൺസ് നേടിയ ശിഖര്‍ ധവാനെയും 34 പന്തിൽ 50 റൺസ് നേടിയ സൂര്യകുമാര്‍ യാദവിനെയും അടുത്തടുത്ത ഓവറുകളിൽ നഷ്ടമായത്. ധവാനെ ചാമിക കരുണാരത്നയും സൂര്യകുമാര്‍ യാദവിനെ വനിന്‍ഡു ഹസരംഗയുമാണ് പുറത്താക്കിയത്.

ശ്രീലങ്കന്‍ ബൗളര്‍മാരിൽ ദുഷ്മന്ത ചമീരയും വനിന്‍ഡു ഹസരംഗയും രണ്ട് വീതം വിക്കറ്റ് നേടി.