രണ്ടാം ദിനവും ചൈന തന്നെ ഒന്നാമത്, രണ്ടാമത് എത്തി ജപ്പാൻ, അമേരിക്കയും മെഡൽ വേട്ട തുടങ്ങി

20210725 222515

ഒളിമ്പിക്സ് രണ്ടാം ദിനത്തിലും ചൈന തന്നെ മെഡൽ വേട്ടയിൽ ഒന്നാമത്. ഇന്നലെ ലഭിച്ച മൂന്നു സ്വർണ മെഡലുകൾക്ക് ഒപ്പം മൂന്നെണ്ണം കൂടി ചേർത്ത ചൈന ഇന്ന് ഒരു വെള്ളിയും മൂന്നു വെങ്കലവും കൂടി സ്വന്തം പേരിൽ കുറിച്ചു. ഇങ്ങനെ മൊത്തം 11 മെഡലുകൾ ആണ് ചൈനക്ക് നിലവിൽ സ്വന്തമായിട്ട് ഉള്ളത്. ആദ്യ ദിനം ഒരു സ്വർണം മാത്രം ഉണ്ടായിരുന്ന ആതിഥേയർ രണ്ടാം ദിനത്തിൽ കരുത്ത് കാട്ടുന്നത് ആണ് ഇന്ന് കാണാൻ ആയത്. ഇന്ന് നീന്തലിലും സ്‌കേറ്റിങ് അടക്കമുള്ള ഇനങ്ങളിലും ആയി 4 സ്വർണ മെഡലുകൾ ആണ് ജപ്പാൻ സ്വന്തമാക്കിയത്. ഇതോടെ 5 സ്വർണവും ഒരു വെള്ളിയും ആയി അവർ രണ്ടാമത് നിൽക്കുക ആണ്.

ആദ്യ ദിനത്തിലെ നിരാശയിൽ നിന്നു തിരിച്ചു വരുന്ന അമേരിക്കയെ ആണ് രണ്ടാം ദിനം കാണാൻ ആയത്. നീന്തലിൽ തങ്ങളുടെ ആദ്യ മെഡൽ നേടിയ അമേരിക്കൻ ടീം ഇന്ന് നാലു സ്വർണവും 2 വെള്ളിയും 4 വെങ്കലവും അടക്കം 10 മെഡലുകൾ ആണ് സ്വന്തമാക്കിയത്. നീന്തലിന് പുറമെ ഷൂട്ടിങ്, ഫെൻസിങ്, തെയ്ക്കൊണ്ട എന്നിവയിൽ ആണ് അമേരിക്കക്ക് ഇന്ന് മെഡലുകൾ ലഭിച്ചത്. 2 സ്വർണം അടക്കം 5 മെഡലുകളും ആയി ദക്ഷിണ കൊറിയ നാലാമത് നിൽക്കുമ്പോൾ ഒളിമ്പിക് കമ്മിറ്റിക്ക് കീഴിൽ കളിക്കുന്ന റഷ്യൻ താരങ്ങൾ ആണ് അഞ്ചാമത്. 1 സ്വർണം അടക്കം 7 മെഡലുകൾ ആണ് റഷ്യൻ താരങ്ങൾ ഇത് വരെ ടോക്കിയോയിൽ നേടിയത്. ആദ്യ ദിനത്തെ ഒരു വെള്ളി മെഡൽ സ്വന്തമായുള്ള ഇന്ത്യ നിലവിൽ 24 സ്ഥാനത്ത് ആണ്.

Previous articleഇന്ത്യയെ ചിറകിലേറ്റി സൂര്യകുമാര്‍ യാദവ്, 164 റൺസ്
Next articleമലയാളി താരം ജിഷ്ണു ബാലകൃഷ്ണൻ ഐ എസ് എല്ലിലേക്ക്