കോഴിക്കോട്, ജൂലൈ 15: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഗോകുലം കേരള എഫ് സിയെ പ്രഥമ എ എഫ് സി വിമൻസ് ക്ലബ് ചാംപ്യൻഷിപ്പിനു നാമനിർദേശം ചെയ്തു.
കഴിഞ്ഞ സീസണിൽ നടക്കാനിരുന്ന വിമൻസ് ലീഗ് കോവിഡ് കാരണം അനിശ്ചിതമായി നീട്ടിയതിനാലാണ് അവസാനം നടന്ന വിമൻസ് ലീഗ് ജേതാക്കളായ ഗോകുലത്തിനെ നാമനിർദേശം ചെയ്തത്.
ഇതോടെ പുരുഷൻമാരുടെയും വനിതകളുടെയും എ എഫ് സി ടൂര്ണമെന്റിലേക്ക് പ്രവേശനം നേടിയ ആദ്യ ഇന്ത്യൻ ക്ലബ്ബായി ഗോകുലം കേരള എഫ് സി മാറി.
“നമ്മുടെ വനിതാ ടീം, പുരുഷ ടീമിനെക്കാൾ മുന്നേ എ എഫ് സി കളിക്കും. ഏറ്റവും നല്ല ടീമിനെയാണ് ഞങ്ങൾ മത്സരിപ്പിക്കുവാൻ നോക്കുന്നത്. ഇതു വരെ ഇന്ത്യയിലെ ഒരു ക്ലബും എഫ്സി ചാംപ്യൻഷിപ് വിജയിച്ചിട്ടില്ല. വനിതകളിലൂടെ ആദ്യ കിരീടം നേടുവാനാണ് ഞങ്ങൾ ശ്രമിക്കുന്നത്,” ഗോകുലം കേരള എഫ് സി ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു.
ഇന്ത്യയിൽ ഐ എസ് എൽ, ഐ ലീഗ് ടീമുകളിൽ ഗോകുലം മാത്രമേ വനിതാ ഫുട്ബോളിൽ പങ്കെടുക്കുന്നുള്ളു. ക്ലബ്ബിന്റെ ആദ്യവർഷം മുതൽ എല്ലാ സീസണിലും ഗോകുലം വനിതാ ലീഗിൽ പങ്കെടുത്തിട്ടുണ്ട്.
എ എഫ് സി ആദ്യമായിട്ടാണ് ക്ലബ് ചാംപ്യൻഷിപ് നടത്തുന്നത്.