ഓസ്ട്രേലിയയുടെ വിന്‍ഡീസിനെതിരെയുള്ള 4 റൺസ് വിജയത്തിൽ വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും അവസാന ഓവര്‍ എറിഞ്ഞ മിച്ചൽ സ്റ്റാര്‍ക്ക് 11 റൺസ് വിജയ ലക്ഷ്യമുള്ളപ്പോള്‍ വെറും 6 റൺസ് മാത്രം നല്കി ആന്‍ഡ്രേ റസ്സലിനെതിരെ പന്തെറിഞ്ഞതാണ് മത്സരം ഓസ്ട്രേലിയയ്ക്ക് നേടിക്കൊടുത്തത്.
ആദ്യ അഞ്ച് പന്തിൽ വെറും 2 റൺസ് പിറന്നപ്പോള്‍ അവസാന പന്തിലാണ് റസ്സൽ ഒരു ബൗണ്ടറി നേടിയത്. ആദ്യ രണ്ട് മത്സരങ്ങളിൽ അത്ര മികച്ച ബൗളിംഗ് അല്ലായിരുന്നു താരം പുറത്തെടുത്തത്. എന്നാൽ മൂന്നാം മത്സരത്തിൽ 4 ഓവറിൽ വെറും 15 റൺസ് നൽകി 1 വിക്കറ്റാണ് താരം നേടിയത്.
സ്റ്റാര്‍ക്കിന്റെ റെക്കോര്‍ഡിനെക്കുറിച്ച് നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാമെന്നും പരമ്പരയിൽ പതിഞ്ഞ തുടക്കമാണെങ്കിലും താരം ലോകത്തിലെ ഏറ്റവും മികച്ച താരമാണെന്നത് തെളിയിച്ചുവെന്നും പല യുവതാരങ്ങള്‍ക്കും താരത്തിന്റെ ഈ ബൗളിംഗ് പ്രകടനം നോക്കി പഠിക്കാവുന്നതാണെന്നും മിച്ചൽ മാര്‍ഷ് വ്യക്തമാക്കി.
ലോകത്തിലെ രണ്ട് മികച്ച താരങ്ങളാണ് ആ അവസാന ഓവറിൽ ഏറ്റുമുട്ടിയതെന്നും അത് സാക്ഷ്യം വഹിക്കുവാന്‍ ആ ഗ്രൗണ്ടില്‍ തന്നെയുണ്ടാകുകയെന്ന ഇത്തരം നിമിഷങ്ങള്‍ക്ക് വേണ്ടിയാണ് ഓരോ ആളുകളും സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കുവാന്‍ ഇഷ്ടപ്പെടുന്നതെന്നും മിച്ചല്‍ മാര്‍ഷ് സൂചിപ്പിച്ചു.
ഇത്തരത്തിലൊരു താരത്തെ സ്വന്തം ടീമിൽ ലഭിച്ചതിന് ഓസ്ട്രേലിയ ഭാഗ്യം ചെയ്തവരാണെന്നും വൈറ്റ് ബോളിലെ മികച്ച ബൗളറാണ് താരമെന്നും മിച്ചൽ മാര്‍ഷ് വ്യക്തമാക്കി.