പ്രായമല്ല പ്രകടനങ്ങളാണ് ഫുട്ബോൾ കളത്തിൽ പ്രധാനമാകുന്നത്. 34കാരനായ ബൊണൂചിയെയും 36കാരനായ കിയെല്ലിനിയെയും യൂറോ കപ്പിലെ അവരുടെ സെന്റർ ബാക്ക് കൂട്ടുകെട്ടായി ഇറ്റലി പ്രഖ്യാപിച്ചപ്പോൾ പലരും ഈ രണ്ടു താരങ്ങളുടെയും പ്രായത്തെ കുറിച്ചാണ് ആശങ്കപ്പെട്ടത്. യൂറോപ്പിലെ മികച്ച താരങ്ങൾ അണിനിരക്കുന്ന ടൂർണമെന്റിൽ വേഗതയുള്ള താരങ്ങൾക്ക് മുന്നിൽ എത്തുമ്പോൾ ഇരുവരും പതറും എന്ന് പലരും പറഞ്ഞു. എന്നാൽ ഇന്നലെ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇരുവരും കിരീടം ഒരുമിച്ച് ഉയർത്തിയപ്പോൾ ലോകം ചോദിക്കുന്നത് അടുത്ത വർഷം ലോകകപ്പിലും ഇവർ ഉണ്ടാകില്ലേ എന്നാണ്.
ടൂർണമെന്റിലെ താരമായി ഡൊണ്ണരുമ്മ മാറി എങ്കിലും ഈ ടൂർണമെന്റ് ഓർമ്മിക്കപ്പെടുക ബൊണൂചിയുടെയും കിയെല്ലിനിയുടെയും കൂട്ടുകെട്ടിന്റെ പേരിലായിരിക്കും. 1990കളുടെ അവസാനത്തിലും 2000ന്റെ തുടത്തിലും നെസ്റ്റയയും മാൾഡിനിയും എങ്ങനെ ഇറ്റലിയുടെ മുഖമായോ അതുപ്പോലെയാണ് ഇപ്പോൾ ബൊണൂചിയും കിയെല്ലിനിയും. അന്ന് നെസ്റ്റയും മാൾഡിനിയും മിലാനിലും ഇറ്റലിയിലും ഒരുപോലെ മതിൽ തീർത്തു. ഇന്ന് ഇവർ യുവന്റസിനു വേണ്ടിയും ദേശീയ ടീമിനു വേണ്ടിയും മതിൽ തീർക്കുന്നു.
ഇരുവരും ഒരുമിച്ച് ഇതുവരെ 326 മത്സരങ്ങളിൽ സെന്റർ ബാക്ക് കൂട്ടുകെട്ടായി ഇറങ്ങി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇവർ തമ്മിലുള്ള ധാരണ അത്ര മികച്ചതാണ്. ഈ യൂറോ ടൂർണമെന്റിൽ ഒരു അറ്റാക്കിംഗ് താരം പോലും ഈ കൂട്ടുകെട്ടിനെ ഡ്രിബിൾ ചെയ്ത് മുന്നേറിയിട്ടില്ല. ഒരു ഷോട്ട് പോലും ഇവരുടെ പിഴവിൽ നിന്ന് എതിർ താരങ്ങൾക്ക് ഗിഫ്റ്റ് ആയി കിട്ടിയില്ല. പരിചയസമ്പത്ത് മറ്റേതു ഘടകത്തേക്കാളും ഫുട്ബോളിൽ പ്രധാനമാണ് എന്നതിന്റെ തെളിവു കൂടിയായി ഇവരുടെ പ്രകടനങ്ങൾ.
ഇനി ക്ലബിനായി ഒരുമിച്ച് വീണ്ടും ഇറങ്ങും മുമ്പ് ബൊണൂചിയും കിയെല്ലിനിയും ഒരുമിച്ച് കുടുംബത്തോടൊപ്പം വെക്കേഷൻ ചിലവഴിക്കാനായി യാത്രയാകും. കിയെല്ലിനിയെ വിരമിക്കാൻ വിടില്ല എന്നും അടുത്ത് ലോകകപ്പിൽ തന്റെയൊപ്പം ഇറ്റലിയുടെ സെന്റർ ബാക്കായി അദ്ദേഹം ഉണ്ടാകും എന്ന് താൻ ഉറപ്പിക്കും എന്നും ഇന്നലെ മത്സര ശേഷം ബൊണൂചി പറഞ്ഞത് ഒവർ തമ്മിൽ മൈതാനത്തിനു പുറത്തുമുള്ള സൗഹൃദം വ്യക്തമാക്കുന്നു. ക്ലബിനൊപ്പം ഒരുപാട് കിരീടങ്ങൾ ഒരുമിച്ച് നേടിയിട്ടുള്ള ഇരുവർക്കും രാജ്യത്തിനൊപ്പം പക്ഷെ അവസാന മേജർ ടൂർണമെന്റുകളിൽ നിരാശ ആയിരുന്നു. ഈ യൂറോ കിരീടം ആ നിരാശയ്ക്കും അവസാനം കുറിച്ചു