രണ്ട് തവണ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്‌സി 2021-22 സീസണിന് മുന്നോടിയായി ഗോൾകീപ്പർ ഡെബ്ജിത് മജുംദറിനെ സ്വന്തമാക്കി. 33 കാരനായ പരിചയസമ്പന്നനായ കീപ്പറുമായി ക്ലബ് രണ്ടു വർഷത്തെ കരാർ ആണ് ഒപ്പിട്ടത്. കഴിഞ്ഞ ഐഎസ്‌എൽ സീസണിൽ ഈസ്റ്റ് ബംഗാളിന്റെ വല കാത്ത ദെബ്ജിത് അവർക്കായി 15 മത്സരങ്ങളിൽ രണ്ട് ക്ലീൻ ഷീറ്റുകൾ ഉൾപ്പെടെ 50 സേവുകൾ നടത്തിയിരുന്നു. 24കാരനായ വിശാൽ കൈത്ത് ആണ് ഇപ്പോൾ ചെന്നൈയിന്റെ ഒന്നാം നമ്പർ വിശാലിന് വെല്ലുവിളി ഉയർത്താൻ ദെബിജിതിന് ആകുമോ എന്നത് കണ്ടറിയണം.
കൊൽക്കത്തയ്ക്കടുത്തുള്ള ഒരു ചെറിയ പട്ടണമായ ഹിന്ദ്‌മോട്ടറിൽ നിന്നുള്ള ഡെബ്ജിത് ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, എടികെ, മുംബൈ സിറ്റി എഫ്‌സി എന്നിവയുൾപ്പെടെയുള്ള മുൻനിര ഇന്ത്യൻ ക്ലബ്ബുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്.
മോഹൻ ബഗനുമൊത്തുള്ള നാല് സീസണുകളുടെ യാത്രയിൽ രണ്ട് ഐ-ലീഗ് ട്രോഫികളും (2015, 2020) 2016ലെ ഫെഡറേഷൻ കപ്പും ദെബിജിത് സ്വന്തമാക്കിയിരുന്നു.
“ചെന്നൈയിൻ എഫ്‌സിക്ക് വേണ്ടി കളിക്കുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്, കൂടാതെ മൂന്നാം കിരീടം നേടാൻ ടീമിന് സംഭാവന നൽകാനും ഞാൻ ആഗ്രഹിക്കുന്നു. വിശാൽ (കൈത്ത്) ഒരു നല്ല ഗോൾകീപ്പറാണ്, കഴിഞ്ഞ രണ്ട് സീസണുകളിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു, കൈത്തുമായി ആരോഗ്യകരമായ മത്സരമായിരിക്കും ഉണ്ടാവുക” കരാർ ഒപ്പുവെച്ച ശേഷം ദെബിജിത് പറഞ്ഞു.