മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരങ്ങളായ അമദ് ദിയാലോയും ഫകുണ്ടോ പെലിസ്ട്രിയും ഈ സീസണിൽ ലോണിൽ പോയേക്കും. സാഞ്ചോയുടെ വരവോടെ ഇരുവർക്കും അവസരം ലഭിക്കുന്നത് കുറയും എന്നത് ഈ താരങ്ങളുടെ വളർച്ചയെ ബാധിക്കും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് കരുതുന്നു. ഇതുകൊണ്ടാണ് ഇരുവരെയും ലോണിൽ അയക്കാൻ ശ്രമിക്കുന്നത്. അമദ് കഴിഞ്ഞ സീസൺ അവസാനം യുണൈറ്റഡിൽ ഇറങ്ങിയപ്പോൾ ഒക്കെ നല്ല പ്രകടനങ്ങൾ നടത്തിയിരുന്നു.
അമദിനെ പ്രീമിയർ ലീഗിൽ തന്നെ ലോണിൽ അയക്കാൻ ആകും യുണൈറ്റഡ് ശ്രമിക്കുക. താരം ഇംഗ്ലണ്ടിലെ സാഹചര്യവുമായി കൂടുതൽ ഇണങ്ങാം ഇത് സഹായിക്കും. ഉറുഗ്വേ താരമായ ഫകുണ്ടോ പെല്ലിസ്ട്രി കഴിഞ്ഞ സീസണിൽ ലാലിഗയിലെ ക്ലബായ അലാവെസിലായിരുന്നു ലോണിൽ കളിച്ചിരുന്നത്. താരം അവിടേക്ക് തന്നെ ലോണിൽ പോകണം എന്ന് ക്ലബിനോട് ഇപ്പോൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴും ടീനേജ് താരങ്ങളായ അമദിനും പെല്ലെസ്ട്രിക്കും ലോൺ സമയം വലിയ സഹായകമായേക്കും. വലതു വിങ്ങാണ് ഈ രണ്ട് താരങ്ങളുടെയും പ്രധാന പൊസിഷൻ. സാഞ്ചോ, ഗ്രീൻവുഡ് എന്നിവർ ആ പൊസിഷനിൽ കളിക്കാൻ ഉള്ളത് കൊണ്ട് വേറെ താരങ്ങൾക്ക് അവിടെ കളിക്കാൻ അവസരം കിട്ടുന്നത് വിരളമായിരിക്കും.













