ഇംഗ്ലണ്ട് യൂറോ കപ്പിലെ അവരുടെ പെർഫക്ട് കുതിപ്പ് തുടരുന്നു. ഒരു അനായാസ വിജയം കൂടെ നേടിക്കൊണ്ട് ഇംഗ്ലണ്ട് വെംബ്ലിയിലെ സെമി ഫൈനലിൽ സ്ഥാനം പിടിച്ചു. ഇന്ന് റോമിൽ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ ഉക്രൈനെ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ ഹാരി കെയ്നിന്റെ ഇരട്ട ഗോളുകൾ ഇംഗ്ലണ്ടിന് കരുത്തായി. ഒരു ഗോൾ പോലും വഴങ്ങാതെയാണ് ഇംഗ്ലണ്ട് സെമി ഫൈനലിൽ എത്തുന്നത് എന്ന പ്രത്യേകയും സൗത്ഗേറ്റിന്റെ ടീമിന് ഉണ്ട്.
ഇന്ന് സാഞ്ചോയെയും മൗണ്ടിനെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തി കൊണ്ടാണ് ഇംഗ്ലണ്ട് കളി ആരംഭിച്ചത്. റോമിൽ മത്സരം ആരംഭിച്ചു നാലാം മിനുട്ടിൽ തന്നെ ഇംഗ്ലണ്ട് ലീഡ് എടുത്തു. റഹീം സ്റ്റെർലിംഗിന്റെ പാസ് സ്വീകരിച്ച് ക്യാപ്റ്റൻ ഹാരി കെയ്ൻ ആണ് ഇംഗ്ലണ്ടിന് ലീഡ് നൽകിയത്. ഹാരി കെയ്നിന്റെ ടൂർണമെന്റിലെ രണ്ടാം ഗോളായി ഇത്. തുടക്കത്തിലെ ഈ ഗോൾ ഇംഗ്ലണ്ടിന് കാര്യങ്ങൾ എളുപ്പമാക്കി. ഗോളിന് ശേഷം വളരെ വേഗത കുറഞ്ഞ ഫുട്ബോൾ ആണ് ഇംഗ്ലണ്ട് കുറച്ചു നേരം കളിച്ചത്.
17ആം മിനുറ്റിൽ ഉക്രൈന് ഒരു അവസരം ലഭിച്ചു എങ്കിലും യറംചുകിന്റെ ഷോട്ട് പിക്ഫോർഡ് എളുപ്പത്തിൽ തടഞ്ഞു. ഇതിനു ശേഷം രണ്ടാം ഗോളിനായുള്ള ശ്രമങ്ങൾ ഇംഗ്ലണ്ട് ആരംഭിച്ചു. 34ആം മിനുട്ടിൽ ഡെക്ലൻ റൈസിന്റെ ഒരു പവർഫുൾ ഷോട്ട് ബുഷ്ചാൻ തടഞ്ഞത് രണ്ടാം ഗോളിൽ നിന്ന് ഇംഗ്ലണ്ടിനെ അകറ്റി. 39ആം മിനുട്ടിൽ സാഞ്ചോയുടെ ഷോട്ടും ബുഷ്ചൻ തടഞ്ഞു.
ആദ്യ പകുതി തുടങ്ങിയതിനേക്കാൾ നല്ല രീതിയിലാണ് ഇംഗ്ലണ്ട് രണ്ടാം പകുതി ആരംഭിച്ചത്. രണ്ടാം പകുതിയുടെ ആദ്യ മിനുട്ടിൽ ലഭിച്ച ഒരു ഫ്രീകിക്കിൽ നിന്ന് ഹാരി മഗ്വയർ ഇംഗ്ലണ്ടിന്റെ ലീഡ് ഇരട്ടിയാക്കി. ലൂക് ഷോ ഇടതു വിങ്ങിൽ നിന്ന് എടുത്ത വളരെ നല്ല ഫ്രീകിക്ക് ഹാരി മഗ്വയർ വലയിലേക്ക് ഹെഡ് ചെയ്തിടുകയായിരുന്നു. ഈ ഗോളിൽ തളർന്നിരുന്ന യുക്രൈനെതിരെ 50ആം മിനുട്ടിൽ വീണ്ടും ഗോൾ നേടി.
ഇത്തവണയും ഗോൾ സൃഷ്ടിച്ചത് ലൂക് ഷോ ആയിരുന്നു. ഇടതു വിങ്ങിൽ നിന്ന് ലൂക് ഷോ നൽകിയ ക്രോസ് ഉയർന്ന് ചാടി ഹാരി കെയ്ൻ ഹെഡ് ചെയ്ത് വലയിൽ എത്തിച്ചു. ഈ ഗോളോടെ കളി ഇംഗ്ലണ്ട് തങ്ങളുടേതാക്കി മാറ്റി. 61ആം മിനുട്ടിൽ ഒരു വോളിയിലൂടെ കെയ്ൻ ഹാട്രിക്കിന് അടുത്ത് എത്തി എങ്കിലും ബുഷ്ചാന്റെ സേവ് ഉക്രൈൻ രക്ഷയ്ക്ക് എത്തി.
എന്നാൽ തൊട്ടടുത്ത മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ഹെൻഡേഴ്സൺ ഇംഗ്ലണ്ടിന് നാലാം ഗോൾ നൽകി. മേസൺ മൗണ്ടിന്റെ കോർണറിൽ നിന്ന് ഹെൻഡേഴ്സൺ നേടിയ ഗോൾ അദ്ദേഹത്തിന്റെ ഇംഗ്ലണ്ട് കരിയറിലെ ആദ്യ ഗോളായി. നാലാം ഗോളിന് ശേഷം ഇംഗ്ലണ്ട് പ്രധാന താരങ്ങളെ ഒക്കെ പിൻവലിച്ച് വിശ്രമം നൽകി. ഇതിനു ശേഷം വിജയം ഉറപ്പാക്കുക എന്ന കടമ്പ മാത്രമെ ഇംഗ്ലണ്ടിന് ഉണ്ടായിരുന്നുള്ളൂ.
സെമി ഫൈനലിൽ ഡെന്മാർക്കിനെ ആകും ഇനി ഇംഗ്ലണ്ട് നേരിടുക. മറ്റൊരു സെമിയിൽ ഇറ്റലി സ്പെയിനെയും നേരിടും.