ഇന്ന് സ്വിറ്റ്സർലാന്റ് പൊരുതി വീണു എങ്കിലും യാൻ സൊമ്മറിനെ ഒരു ഫുട്ബോൾ പ്രേമിയും അടുത്തൊന്നും മറക്കില്ല. ഇന്ന് ഉൾപ്പെടെ ഈ ടൂർണമെന്റിൽ യാൻ സൊമ്മർ നടത്തിയ പ്രകടനങ്ങൾ അത്ര മികച്ചതായിരുന്നു. ജർമ്മൻ ക്ലബായ ഗ്ലാഡ്ബാചിന്റെ ഗോൾ വല കാക്കുന്ന യാൻ സൊമ്മർ ഇന്ന് സ്പെയിനെതിരെ തന്റെ ഏറ്റവും മികച്ച ഫോമിലായിരുന്നു കളിച്ചത്. സ്പെയിൻ ഇന്ന് 28 ഷോട്ടുകൾ എടുത്തിട്ടും യാൻ സൊമ്മറിനെ കീഴ്പ്പെടുത്തിയത് ഒരു ഓൺ ഗോളായിരുന്നു.
പത്തു സേവുകൾ താരം ഇന്ന് 120 മിനുട്ടിൽ നടത്തി. ഈ യൂറോ കപ്പിൽ ഒരു കളിയിലെ ഏറ്റവും കൂടുതൽ സേവുകളാണിത്. ഇതിൽ ജെറാദ് മറേനോയുടെ ഷോട്ടിൽ നിന്നുള്ള പോയിന്റ് ബ്ലാങ്ക് സേവും ഒയർസബാലിന്റെ ഷോട്ടിൽ നിന്നുള്ള ഫുൾ ലെങ്ത് ഡൈവ് സേവുമൊക്കെ എതൊരു ഗോളിനെയും പോലെ മനോഹരവും നിർണായകവുമായിരുന്നു.
ഇത് കൂടാതെ പെനാൾട്ടി ഷൂട്ടൗട്ടിലും യാൻ സൊമ്മർ തന്റെ മികവ് തുടർന്നു. റോഡ്രിയുടെ പെനാൾട്ടി സൊമ്മർ തടയുകയും ചെയ്തു. പക്ഷെ സഹ താരങ്ങൾക്ക് മറുവശത്ത് സൊമ്മറിനെ പിന്തുണക്കാനായില്ല. കഴിഞ്ഞ മത്സരത്തിൽ എമ്പപ്പെയുടെ പെനാൾട്ടി സേവ് ചെയ്ത് സ്വിറ്റ്സർലാന്റിനെ ക്വാർട്ടറിലേക്ക് എത്തിച്ചതും സൊമ്മർ ആയിരുന്നു.