യൂറോ കപ്പ് ക്വാർട്ടർ ഫൈനലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഡെൻമാർക്ക് ചെക്ക് റിപ്പബ്ലിക്കിനെ നേരിടും. പ്രി ക്വാർട്ടറിൽ മികച്ച വിജയങ്ങൾ നേടിയാണ് രണ്ടു ടീമുകളും ക്വാർട്ടറിൽ എത്തിയത്. എതിരില്ലാത്ത നാലു ഗോളുകൾക്ക് വെയിൽസിനെ ആയിരുന്നു ഡെൻമാർക്ക് കഴിഞ്ഞ റൗണ്ടിൽ പരാജയപ്പെടുത്തിയത്. ഈ ടൂർണമെന്റ് തുടക്കത്തിൽ റാൻഡ് മത്സരങ്ങൾ പരാജയപെട്ടു എങ്കിലും ഇപ്പോൾ ഡെൻമാർക്ക് മികച്ച ഫോമിലാണ്. അവസാന രണ്ടു മത്സരങ്ങളിൽ നിന്നായി എട്ടു ഗോളുകൾ അടിക്കാൻ ഡെൻമാർക്ക് ടീമിനായിട്ടുണ്ട്. 1992ൽ യൂറോ കിരീടം നേടിയിട്ടുള്ള ഡെൻമാർക്ക് ഇപ്പോൾ അതാവർത്തിക്കാൻ ആണ് ശ്രമിക്കുന്നത്.
പ്രി ക്വാർട്ടറിൽ ശക്തരായ ഹോളണ്ടിനെ മറികടന്നാണ് ചെക്ക് റിപ്പബ്ലിക് ക്വാർട്ടറിൽ എത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു ചെക്കിന്റെ വിജയം. ഹോളണ്ടിന് ചുവപ്പ് കാർഡ് കിട്ടിയത് അന്ന് ചെക്കിന് സഹായകമായി. എങ്കിലും ചെക്ക് ഈ ടൂർണമെന്റിൽ നല്ല ഫോമിലാണ്. ഇംഗ്ലണ്ടിന് എതിരായ മത്സരത്തിലെ പരാജയം ഒഴിവാക്കിയാൽ ചെക്ക് എല്ലാ മത്സരത്തിലും നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. സ്കോട്ലണ്ടിനെ തോൽപ്പിച്ചു കൊണ്ട് ടൂർണമെന്റ് തുടങ്ങിയ ചെക്ക് റിപ്പബ്ലിക്ക് ക്രോയേഷ്യയെ സമനിലയിലും പിടിച്ചിരുന്നു.
2004ൽ ആണ് അവസാനമായി ചെക്ക് ഒരു യൂറോ കപ്പ് സെമിയിൽ എത്തിയത്. ഡെന്മാർക്കിന് എതിരായ അവസാന 25 മത്സരങ്ങളിൽ ആകെ 2 തവണ മാത്രമേ ചെക്ക് പരാജയപ്പെട്ടിടയുള്ളൂ. ജൻ ബോരിൽ ഇന്ന് സസ്‌പെൻഷൻ മാറി ചെക്ക് നിരയിൽ തിരിച്ചെത്തും. യൂസഫ് പൗൾസൻ പരിക്ക് മാറി ഡെൻമാർക്ക് നിരയിലും എത്തും. ഇന്ന് രാത്രി 9.30നാണ് മത്സരം നടക്കുന്നത്.