പ്രായം തളർത്താതെ വീനസ് വില്യംസ് രണ്ടാം റൗണ്ടിൽ, ഗോഫും കെർബറും മുന്നോട്ട്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

തന്റെ 90 മത്തെ ഗ്രാന്റ് സ്‌ലാമിൽ പങ്കെടുത്തു 41 മത്തെ വയസ്സിൽ വിംബിൾഡണിലെ തന്റെ 90 മത്തെ ജയം കുറിച്ചു ഇതിഹാസ താരം വീനസ് വില്യംസ്. കോർട്ട് 3 ൽ മത്സരം വച്ചത് തന്നെ ബാധിക്കാത്ത പ്രകടനം ആണ് വീനസിൽ നിന്നുണ്ടായത്. റൊമാനിയൻ താരം മിനഹെലയെ മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് അമേരിക്കൻ താരം മറികടന്നത്. 10 ഏസുകൾ അടിച്ച വീനസ് പലപ്പോഴും പ്രായത്തെ തോൽപ്പിക്കുന്ന വിധം ആണ് കളത്തിൽ ടെന്നീസ് കളിച്ചത്. 7-5 നു ആദ്യ സെറ്റ് നേടിയ വീനസ് രണ്ടാം സെറ്റ് 6-4 നു കൈവിട്ടു എങ്കിലും മൂന്നാം സെറ്റ് 6-3 നു നേടിയ വീനസ് മത്സരം സ്വന്തം പേരിൽ കുറിച്ചു.

ബ്രിട്ടീഷ് താരം ഫ്രാൻസസ്‌ക ജോൺസിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഇരുപതാം സീഡും അമേരിക്കൻ യുവതാരവും ആയ കൊക്കോ ഗോഫ് മറികടന്നത്. 7-5 നു നേടിയ ആദ്യ സെറ്റിൽ ചെറിയ വെല്ലുവിളി നേരിട്ടെങ്കിലും രണ്ടാം സെറ്റിൽ ഗോഫ് 6-4 നു സെറ്റ് നേടി രണ്ടാം റൗണ്ട് പ്രവേശനം എളുപ്പമാക്കി. മത്സരത്തിൽ 9 ഏസുകൾ അടിച്ച ഗോഫ് ഓരോ സെറ്റിലും ഓരോ ബ്രൈക്ക് വീതം നേടി. അതേസമയം മുൻ ജേതാവും 25 സീഡും ആയ ജർമ്മൻ താരം ആഞ്ചലി കെർബറും അനായാസം രണ്ടാം റൗണ്ടിൽ എത്തി. സെർബിയൻ താരം നിനയെ 6-4, 6-3 എന്ന സ്കോറിന് ആണ് 2018 ലെ വിംബിൾഡൺ ജേതാവ് ആയ കെർബർ തകർത്തത്.