മാർഗരറ്റ് കോർട്ടിന്റെ 24 മത്തെ ഗ്രാന്റ് സ്ലാമും എട്ടാം വിംബിൾഡൺ കിരീടവും ലക്ഷ്യം വച്ച് ഇറങ്ങിയ 39 കാരിയായ സെറീനക്ക് കണ്ണീരോടെ വിംബിൾഡൺ സെന്റർ കോർട്ടിനോട് ആദ്യ റൗണ്ടിൽ തന്നെ വിടപറയേണ്ട കാഴ്ചക്ക് ആണ് ഇന്ന് വിംബിൾഡൺ വേദിയായത്. തന്റെ ആദ്യ സെന്റർ കോർട്ട് മത്സരത്തിനു ഇറങ്ങിയ ബെലാറസ് താരം അലക്സാൻഡ്രിയ സാസ്നോവിച്ചിനു എതിരെ ജയം പ്രതീക്ഷിച്ചു ആണ് സെറീന ഇറങ്ങിയത്. ഇരു താരങ്ങളും ആദ്യ മൂന്ന് സർവീസുകളും നിലനിർത്തിയതും കാണാൻ ആയി. എന്നാൽ തുടർന്ന് കോർട്ടിൽ തെന്നി വീണ സെറീന വേദന കൊണ്ട് പിടയുന്ന കാഴ്ചക്ക് ആണ് ആരാധകർ സാക്ഷിയായത്. ലണ്ടനിലെ മഴയെ തുടർന്ന് റൂഫിന് കീഴിൽ ആണെങ്കിലും താരങ്ങൾ തെന്നി വീഴുന്ന കാഴ്ച തുടർക്കഥ ആവുകയാണ് വിംബിൾഡണിൽ ഇതിനു തൊട്ടു മുമ്പ് നടന്ന കളിയിൽ ഫ്രാൻസ് താരം അഡ്രിയാൻ മന്നറിനോയും സമാനമായി മത്സരത്തിൽ നിന്നു പിന്മാറിയിരുന്നു.
വീണ ശേഷവും കളി തുടരാനുള്ള സെറീനയുടെ ശ്രമം വേദന കാരണം നടന്നില്ല. കണ്ണീർ അടക്കാൻ പാടുപെട്ട സെറീന ആരാധകർക്ക് ആകെ വലിയ സങ്കടം ആണ് പകർന്നത്. ആരാധകർക്ക് നേരെ കണ്ണീരോടെ യാത്ര പറഞ്ഞ 39 കാരിയായ സെറീനയുടെ വിംബിൾഡൺ അവസാന മത്സരം ആവുമോ എന്ന ആശങ്കയും ആരാധകർക്ക് ഉണ്ട്. സെറീന പിന്മാറിയതോടെ സാസ്നോവിച്ചു രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 24 മത്തെ ഗ്രാന്റ് സ്ലാം കഴിഞ്ഞ നാലു വർഷം ആയി പിന്തുടരുന്ന സെറീനക്ക് അത് നേടാൻ ഇനിയും ഒരു ബാല്യം ഉണ്ടോ എന്ന് കണ്ടറിയാം. അതേസമയം ടെന്നീസ് ആരാധകരും ആന്റി മറെ അടക്കമുള്ള ടെന്നീസ് താരങ്ങളും കടുത്ത ദുഃഖം രേഖപ്പെടുത്തി. കഴിഞ്ഞ രണ്ടു വിംബിൾഡൺ ഫൈനലിലും സെറീനക്കും ആരാധകർക്കും കണ്ണീർ സമ്മാനിച്ച വിംബിൾഡൺ സെന്റർ കോർട്ട് ഇത്തവണ ആദ്യ റൗണ്ടിൽ കാത്ത് വച്ചത് വലിയ ദുരന്തം തന്നെയായി.