വെംബ്ലി ഒരിക്കൽ കൂടെ ഇംഗ്ലണ്ടിനൊപ്പം നിന്നു. ഇന്ന് നടന്ന യൂറോ കപ്പ് പ്രീക്വാർട്ടറിൽ ജർമ്മനിയെ തകർത്തു കൊണ്ടാണ് ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. നാല്പതിനായിരത്തോളം വരുന്ന ഇംഗ്ലീഷ് ആരാധകരെ സാക്ഷിയാക്കി മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ജർമ്മൻ പരിശീലകൻ ജവോകിം ലോയുടെ ജർമ്മൻ പരിശീലകനായുള്ള അവസാന മത്സരമായും ഇത് മാറി.
ഇന്ന് വെംബ്ലിയിൽ ജർമ്മൻ അറ്റാക്കുകളോടെ ആയിരുന്നു കളി തുടങ്ങിയത്. എന്നാൽ ഏതാനും സമയത്തിനകം കളി തുല്യ ശക്തികളുടെ പോരാട്ടമായി മാറി. 16ആം മിനുട്ടിലാണ് കളിയിലെ ആദ്യ നല്ല ഗോൾ ശ്രമം വരുന്നത്. ഗോൾ വലയ്ക്ക് 25വാരെ അകലെ നിന്ന് പന്ത് സ്വീകരിച്ച് സ്റ്റെർലിംഗ് തൊടുത്ത ഷോട്ട് തടയാൻ ജർമ്മൻ ഗോൾ കീപ്പർ നൂയർ ഇത്തിരി കഷ്ടപ്പെട്ടു. കോർണറിൽ നിന്ന് രണ്ടു തവണ ഇംഗ്ലീഷ് സെന്റർ ബാക്ക് ഹാരി മഗ്വയറിന് അവസരം കിട്ടി എങ്കിലും രണ്ടും മുതലെടുത്തില്ല.
33ആം മിനുട്ടിൽ ഹവേർട്സിന്റെ പാസിൽ നിന്ന് വെർണറിന് അവസരം ലഭിച്ചു എങ്കില അഡ്വാൻസ് ചെയ്ത് വന്ന ഇംഗ്ലണ്ട് കീപ്പർ പിക്ക്ഫോർഡ് പന്ത് കയ്യിൽ ഒതുക്കി. ആദ്യ പകുതിയുടെ അവസാനം ഹാരി കെയ്ന് ഒരു സുവർണ്ണാവസരം ലഭിച്ചു എങ്കിലും ഹെവി ഫസ്റ്റ് ടച്ച് ഗോൾ വരക്ക് മുന്നിൽ വെച്ച് കെയ്നിൽ നിന്ന് പന്ത് നഷ്ടപ്പെടാൻ കാരണമായി. ആദ്യ പകുതിയിൽ അവസരങ്ങൾ അധികം വന്നില്ല എങ്കിലും കൂടുതൽ സമയം പന്ത് കയ്യിൽ വെച്ച് കളി നിയന്ത്രിച്ചത് ഇംഗ്ലണ്ടായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഹവേർട്സിന്റെ ഒരു ഗംഭീര ഷോട്ട് അതിനേക്കാൾ ഗംഭീരമായ സേവിലൂടെ പിക്ക് ഫോർഡ് വലയ്ക്ക് മുകളിലൂടെ തട്ടിയകറ്റി. അതിനപ്പുറം ഇരു ടീമുകളും അവസരം സൃഷ്ടിക്കാൻ രണ്ടാം പകുതിയിലും കഷ്ടപ്പെട്ടു. ഇതോടെ ജർമ്മനി ഗ്നാബറിയെയും ഇംഗ്ലണ്ട് ഗ്രീലിഷിനെയും രംഗത്ത് ഇറക്കി. 75ആം മിനുട്ടിൽ ഇംഗ്ലണ്ട് ലീഡ് എടുത്തു. വീണ്ടും റഹീം സ്റ്റെർലിംഗ് ആണ് ഇംഗ്ലണ്ടിന്റെ രക്ഷയ്ക്ക് എത്തിയത്.
ലൂക്ക് ഷോ പെനാൾട്ടി ബോക്സിന്റെ ഇടതു വശത്തു നിന്ന് കൊടുത്ത പാസ് എളുപ്പത്തിൽ ടാപിൻ ചെയ്ത് സ്റ്റെർലിംഗ് വലയിൽ എത്തിക്കുകയായിരുന്നു. ഇംഗ്ലണ്ട് ഈ യൂറോ കപ്പിൽ നേടിയ മൂന്ന് ഗോളും സ്കോർ ചെയ്തത് സ്റ്റെർലിംഗ് ആയിരുന്നു. ഈ ഗോളിന് മറുപടി കൊടുക്കാൻ 80ആം മിനുറ്റിൽ ജർമ്മനിക്ക് അവസരം ലഭിച്ചു. മുള്ളർ ഒറ്റയ്ക്ക് പന്ത് എടുത്ത് കുതിക്കുമ്പോൾ മുന്നിൽ പിക്ക് ഫോർഡ് മാത്രമെ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അവരുടെ ഏറ്റവും വിശ്വസ്തനായ താരത്തിന്റെ ഷോട്ട് പിക്ക് ഫോർഡിനെ ബീറ്റ് ചെയ്തു എങ്കിലും ലക്ഷ്യത്തിലേക്ക് എത്തിയില്ല.
86ആം മിനുട്ടിൽ ഇംഗ്ലണ്ടിന് വിജയം ഉറപ്പാക്കി കൊടുത്ത രണ്ടാം ഗോൾ എത്തി. ഇത്തവണ ലൂക് ഷോ ആണ് അറ്റാക്ക് തുടങ്ങിയത്. മധ്യനിരയിൽ നിന്ന് പന്ത് വിം ചെയ്ത ഷോ ബോക്സിലേക്ക് കുതിച്ച് ഗ്രീലിഷിന് പന്ത് കൈമാറി. ഗ്രീലിഷിന്റെ ക്രോസ് ഹെഡ് ചെയ്ത് ഹാരി കെയ്ൻ ഇംഗ്ലണ്ടിന്റെ രണ്ടാം ഗോൾ നേടി. കെയ്നിന്റെ ടൂർണമെന്റിലെ ആദ്യ ഗോളായിരുന്നു ഇത്.
ഇതിനു ശേഷം ജർമ്മനി പൊരുതാൻ നോക്കി എങ്കിലും സമയം അവർക്ക് വില്ലനായി. ഈ വിജയത്തോടെ ക്വാർട്ടറിൽ എത്തിയ ഇംഗ്ലണ്ടിന് സ്വീഡനോ ഉക്രൈനോ ആകും ഇനിയുള്ള എതിരാളികൾ.