വിംബിൾഡണിൽ ഫെഡറർക്ക് ഇത് ‘ലാസ്റ്റ് ഡാൻസ്’? ആരു തടയും ജ്യോക്കോവിച്ചിനെ? ആന്റി മറെക്ക് ഇത് തിരിച്ചു വരവ്.

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

2020 തിൽ കോവിഡ് മഹാമാരി കാരണം നടത്താൻ സാധിക്കാതിരുന്ന വിംബിൾഡൺ രണ്ടു വർഷങ്ങൾക്ക് ശേഷം തിരിച്ചു വരുമ്പോൾ വല്ലാത്ത ആവേശത്തിൽ ആണ് ടെന്നീസ് ആരാധകർ. ലോകത്തിലെ ഏറ്റവും പ്രൗഡമായ ടെന്നീസ് ടൂർണമെന്റിനു അരങ്ങു ഉണരുമ്പോൾ നിരവധി ചോദ്യങ്ങൾക്ക് ആണ് പുരുഷ ടെന്നീസ് വിഭാഗത്തിൽ ആരാധകർ ഉത്തരം തേടുന്നത്. ഉറപ്പായിട്ടും അതിൽ ഏറ്റവും പ്രധാനം വിംബിൾഡണിന്റെ എക്കാലത്തെയും മഹാനായ താരം, പുൽ മൈതാനത്തെ എന്നല്ല ടെന്നീസിലെ തന്നെ ഏറ്റവും മഹാനായ താരം, ആരാധക പിന്തുണയിൽ ടെന്നീസ് എന്ന കളിയെക്കാൾ ചിലപ്പോൾ വളർന്ന 8 തവണ വിംബിൾഡൺ ജേതാവ് ആയ റോജർ ഫെഡറർക്ക് ഇത് അവസാനത്തെ വിംബിൾഡൺ ടൂർണമെന്റ് ആവുമോ എന്നത് തന്നെയാണ്. ഒരു ലാസ്റ്റ് ഡാൻസിന് ആണോ റോജർ ഫെഡറർ തന്റെ ഏറ്റവും പ്രിയപ്പെട്ട, തന്നോട് ചേർത്ത് പോലും ലോകം കാണുന്ന വിഖ്യാതമായ ഓൾ ഇംഗ്ലണ്ട് ക്ലബിലെ സെന്റർ കോർട്ടിൽ ഇറങ്ങുക എന്ന ചോദ്യം തന്നെയാണ് ആരാധക മനസ്സിൽ മുഴങ്ങുന്നത്. അതിനോട് ഒപ്പം ആരാധകർ കാത്തിരിക്കുന്നത് ആർക്കെങ്കിലും ലോക ഒന്നാം നമ്പർ താരം ആയ നൊവാക് ജ്യോക്കോവിച്ചിനെ തടയാൻ ആവുമോ എന്നത് കൂടിയാണ്. തുടർച്ചയായ മൂന്നാം പ്രാവശ്യം വിംബിൾഡൺ ജയം ലക്ഷ്യം വക്കുന്ന ജ്യോക്കോവിച്ച് ആറാം വിംബിൾഡൺ കിരീടം ആണ് ലക്ഷ്യം വക്കുന്നത് ഒപ്പം ഗ്രാന്റ് സ്‌ലാം നേട്ടത്തിൽ ഫെഡറർ, നദാൽ എന്നിവരുടെ 20 ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ എന്ന റെക്കോർഡ് നേട്ടവും സെർബിയൻ താരം ഉന്നമിടുന്നു.

ജ്യോക്കോവിച്ച് ഒന്നാം സീഡ് ആയപ്പോൾ ഫെഡറർ ആറാം സീഡ് ആയാണ് കളിക്കുക. ടോപ്പ് ഹാഫിൽ ആണ് ജ്യോക്കോവിച്ച് അടക്കമുള്ളവർ അതേസമയം ബോട്ടം ഹാഫിൽ ആണ് ഫെഡറർ. രണ്ടു തവണ ജേതാവ് ആയ മൂന്നാം റാങ്കുകാരൻ ആയ റാഫേൽ നദാൽ, അഞ്ചാം റാങ്കുകാരനും യു.എസ് ഓപ്പൺ ജേതാവും ആയ ഡൊമനിക് തീം അടക്കമുള്ളവർ ഇതിനകം തന്നെ വിംബിൾഡണിൽ നിന്നു പിന്മാറിയിട്ടുണ്ട്. എന്നാൽ 2 തവണ ജേതാവ് ആയ ബ്രിട്ടീഷ് പ്രതീക്ഷ ആന്റി മറെ വിംബിൾഡണിൽ തിരിച്ചു വരുന്നുമുണ്ട്. ആറാം സീഡ് ആയ സ്വിസ് ഇതിഹാസം റോജർ ഫെഡറർ ആദ്യ റൗണ്ടിൽ ഫ്രഞ്ച് താരം അഡ്രിയാൻ മന്നറിനോയെ ആണ് നേരിടുക. ഇത് വരെ നേരിട്ടതിൽ ആറു തവണയും ജയം കണ്ട ഫെഡറർ 2 തവണ പുൽ മൈതാനത്ത് ആണ് ഫ്രഞ്ച് താരത്തെ വീഴ്ത്തിയത്. 1999 ൽ വിംബിൾഡൺ അരങ്ങേറ്റം നടത്തിയ ഫെഡറർ 8 കിരീടങ്ങൾക്ക് പുറമെ 12 ഫൈനലുകളും കളിച്ച താരം ആണ്. വിംബിൾഡണിൽ 101 ജയവും 13 പരാജയങ്ങളും ഉള്ള ഫെഡറർക്ക് മൂന്നാം റൗണ്ടിൽ ബ്രിട്ടീഷ് താരം കാമറൂൺ നോറിയെ നേരിടേണ്ടി വരാം. ക്വാർട്ടർ ഫൈനലിൽ രണ്ടാം സീഡ് ആയ ഡാനിൽ മെദ്വദേവ് ആവാം ഫെഡറർക്ക് നേരിടേണ്ട എതിരാളി. സെമിയിൽ ആവട്ടെ ജർമ്മൻ താരം നാലാം സീഡ് അലക്‌സാണ്ടർ സെരവ് അല്ലെങ്കിൽ ഇറ്റാലിയൻ താരം മറ്റെയോ ബരെറ്റിനി എന്നിവരിൽ ഒരാൾ ആവും ഫെഡറർക്ക് എതിരാളി. ഫൈനലിൽ സാക്ഷാൽ നൊവാക് ജ്യോക്കോവിച്ചും. ചിലപ്പോൾ അവസാനം ആയി മാറാവുന്ന വിംബിൾഡണിൽ ഫെഡറർ അത്ഭുതം കാണിക്കും എന്നു വിശ്വസിക്കുന്നവർ കുറവ് ആണെങ്കിലും പുൽ മൈതാനത്ത് പ്രതാപ കാലത്തെ ഓർമ്മിപ്പിക്കുന്ന പ്രകടനങ്ങളിൽ ചിലത് ഫെഡററിൽ നിന്നു ഉണ്ടാവും എന്നാണ് ആരാധക പ്രതീക്ഷ.

ഒന്നാം സീഡ് ആയ നൊവാക് ജ്യോക്കോവിച്ച് ആദ്യ റൗണ്ടിൽ ബ്രിട്ടീഷ് വൈൽഡ് കാർഡ് പ്രവേശനം ആയ ജാക് ഡ്രപ്പറെയാണ് നേരിടുക. രണ്ടാം റൗണ്ടിൽ ദക്ഷിണാഫ്രിക്കൻ താരവും 2018 ഫൈനലിൽ ജ്യോക്കോവിച്ച് തോൽപ്പിച്ച കെവിൻ ആന്റേഴ്‌സനെ ആവും ജ്യോക്കോവിച്ച് നേരിടുക. ആദ്യ റൗണ്ടുകളിൽ എളുപ്പമുള്ള മത്സരങ്ങൾ ലഭിക്കുന്ന ഒന്നാം സീഡിന് ചിലപ്പോൾ ആദ്യമായി ഒരു പോരാട്ടം ലഭിക്കുക ക്വാർട്ടർ ഫൈനലിൽ അഞ്ചാം സീഡ് ആയ റഷ്യൻ താരം ആന്ദ്ര റൂബ്ലേവിനെ നേരിടുമ്പോൾ ആവും. റൂബ്ലേവ് അല്ലെങ്കിൽ ഡീഗോ ഷ്വാർട്ട്സ്മാൻ ആവും ക്വാർട്ടറിൽ ജ്യോക്കോവിച്ചിനു എതിരാളി ആവുക. സെമിയിൽ ഫ്രഞ്ച് ഓപ്പണിൽ താൻ തോൽപ്പിച്ച മൂന്നാം സീഡ് കൂടിയായ സ്റ്റെഫനോസ് സിറ്റിപാസ് അല്ലെങ്കിൽ അത്ഭുതം കാണിച്ചാൽ ബ്രിട്ടീഷ് താരം സാക്ഷാൽ ആന്റി മറെ അല്ലെങ്കിൽ ഒമ്പതാം സീഡ് സ്പാനിഷ് താരം ബാറ്റിസ്റ്റ അഗ്യുറ്റ് എന്നിവരിൽ ആരെങ്കിലും ആവും ജ്യോക്കോവിച്ചിന്റെ സെമി ഫൈനലിലെ എതിരാളി. ഫൈനലിൽ ആവട്ടെ രണ്ടാം സീഡ് ഡാനിൽ മെദ്വദേവ്, നാലാം സീഡ് അലക്‌സാണ്ടർ സെരവ് എന്നിവരോ 2019 ലെ ഫൈനൽ ആവർത്തനം ആയി സാക്ഷാൽ റോജർ ഫെഡററോ ആവും ജ്യോക്കോവിച്ചിന്റെ എതിരാളി. ഏതാണ്ട് സെമിഫൈനൽ വരെ എളുപ്പം എന്നു തോന്നുന്ന മത്സരങ്ങൾ തന്നെയാണ് ജ്യോക്കോവിച്ചിനു. വർഷത്തിൽ നാലു ഗ്രാന്റ് സ്‌ലാമുകളും ജയിച്ച് കരിയർ സ്‌ലാം ലക്ഷ്യം വക്കുന്ന വിംബിൾഡണിൽ 72 ജയവും 10 പരാജയങ്ങളും 5 കിരീടങ്ങളും ഉള്ള ജ്യോക്കോവിച്ച് മുമ്പ് ഓസ്‌ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾ നേടിയ 2016 ൽ പക്ഷെ വിംബിൾഡൺ മൂന്നാം റൗണ്ടിൽ വീണിരുന്നു. ഇത്തവണ പക്ഷെ ചരിത്രം തിരുത്തി എഴുതുക എന്ന ഏക ലക്ഷ്യം മാത്രം ആണ് 34 കാരന് മുന്നിലുള്ളത്.

നാലു വർഷങ്ങൾക്ക് മുമ്പ് തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം വിജയം വിംബിൾഡണിൽ സ്റ്റാൻ വാവറിങ്കയെ ആദ്യ റൗണ്ടിൽ തോൽപ്പിച്ചു നേടിയ രണ്ടാം സീഡ് ആയ റഷ്യൻ താരം ഡാനിൽ മെദ്വദേവിനു പക്ഷെ ആദ്യ റൗണ്ടിൽ കാര്യങ്ങൾ എളുപ്പമല്ല. ദിവസങ്ങൾക്ക് മുമ്പ് ഹാലെ ഓപ്പണിൽ തന്നെ തോൽപ്പിച്ച ജർമ്മൻ താരം ജാൻ ലൈനാർഡ് സ്ട്രഫ് ആണ് മെദ്വദേവിന്റെ ആദ്യ റൗണ്ടിലെ എതിരാളി. വീണ്ടും ഒരു അട്ടിമറി ആവും ഇത് വരെ വിംബിൾഡൺ ക്വാർട്ടർ ഫൈനൽ പോലും കളിക്കാത്ത റഷ്യൻ താരത്തിന് മേൽ സ്ട്രഫ് ലക്ഷ്യം വക്കുക. മൂന്നാം റൗണ്ടിൽ ആവട്ടെ ലോക 32 റാങ്കു താരവും 2017 ലെ വിംബിൾഡൺ ഫൈനൽ കളിച്ച ഗ്രാന്റ് സ്‌ലാം ജേതാവ് ക്രൊയേഷ്യൻ താരം മാരിൻ സിലിച്ച് ആവും റഷ്യൻ താരത്തിന്റെ എതിരാളി. നാലാം റൗണ്ടിൽ ആവട്ടെ മികച്ച താരം ആയ ഗ്രിഗോർ ദിമിത്രോവ് ആവും മെദ്വദേവിനു വെല്ലുവിളി ആവുക. ക്വാർട്ടർ ഫൈനലിൽ ഇത് വരെ തോൽപ്പിക്കാൻ ആവാത്ത ഫെഡറർ ആവും മിക്കവാറും മെദ്വദേവിന്റെ എതിരാളി. സെമിയിൽ ആവട്ടെ സെരവ്, ബരെറ്റിനി തുടങ്ങിയവരിൽ ആരും ആവാം എതിരാളി. ഫൈനലിൽ ആവട്ടെ ജ്യോക്കോവിച്ച്, സിറ്റിപാസ് തുടങ്ങിയവരിൽ ആരും ആവാം റഷ്യൻ താരത്തിന്റെ എതിരാളി. ആദ്യ റൗണ്ടുകളിൽ തന്നെ കടുത്ത വെല്ലുവിളി തന്നെയാണ് മെദ്വദേവ് വിംബിൾഡണിൽ നേരിടുന്നത്.

മൂന്നാം സീഡ് ആയ ഫ്രഞ്ച് ഓപ്പൺ ഫൈനലിസ്റ്റ് കൂടിയായ ഗ്രീക്ക് താരം സ്റ്റെഫനോസ് സിറ്റിപാസിന് ആദ്യ റൗണ്ടിൽ വലിയ വെല്ലുവിളി ആണ് നേരിടേണ്ടത്. എന്നും അട്ടിമറിക്ക് കെൽപ്പുള്ള അമേരിക്കൻ താരം ഫ്രാൻസസ് ടിയോഫേ ആണ് സിറ്റിപാസിന്റെ എതിരാളി. ഇത് വരെ പരസ്പരം കളിച്ച ആറിൽ മൂന്നു വീതം ജയം ഇരു താരങ്ങൾക്കും ഉണ്ട്. മൂന്നാം റൗണ്ടിൽ 25 സീഡ് കാരൻ കാചനോവ് നാലാം റൗണ്ടിൽ അലക്‌സ് ഡി മിനോർ അല്ലെങ്കിൽ ഡാൻ ഇവാൻസ് എന്നിവരും കടുത്ത വെല്ലുവിളി ഉയർത്താൻ പോകുന്നവർ ആണ്. ക്വാർട്ടർ ഫൈനലിൽ ബാറ്റിസ്റ്റ അഗ്യുറ്റ് എതിരാളി ആയി എത്തുമ്പോൾ സെമിയിൽ ഒട്ടുമിക്കതും ഫ്രഞ്ച് ഓപ്പൺ ഫൈനൽ ആവർത്തനം ആയി നൊവാക് ജ്യോക്കോവിച്ച് ആവും സിറ്റിപാസിന്റെ എതിരാളി. ഇതേ സെക്ഷനിൽ ആണ് നാലു കൊല്ലത്തിന് ശേഷം വിംബിൾഡണിൽ ഇറങ്ങുന്ന മുൻ ലോക ഒന്നാം നമ്പർ ആയ ആന്റി മറെ ഇറങ്ങുക. ആദ്യ റൗണ്ടിൽ നിക്കോളാസ് ബാസിഷിവല്ലി കടുത്ത വെല്ലുവിളി ആവും മറെക്ക്. മൂന്നാം റൗണ്ടിൽ കനേഡിയൻ താരം ഡെന്നിസ് ഷപോവലോവ് നാലാം റൗണ്ടിൽ എട്ടാം സീഡ് ബാറ്റിസ്റ്റ അഗ്യുറ്റ് എന്നിവരെ മറികടന്നാൽ മാത്രമേ ക്വാർട്ടർ ഫൈനലിൽ സിറ്റിപാസിനെ നേരിടുക എന്ന കടമ്പയിലേക്ക് മറെ എത്തുകയുള്ളൂ.

വിംബിൾഡണിൽ 2017 ൽ നാലാം റൗണ്ടിൽ എത്തിയത് ഏറ്റവും മികച്ച നേട്ടമായി കയ്യിലുള്ള നാലാം സീഡ് ആയ ജർമ്മൻ താരം അലക്‌സാണ്ടർ സാഷ സെരവ് ആദ്യ റൗണ്ടിൽ ക്വാളിഫയർ കളിച്ചു വരുന്ന ഡച്ച് താരം ടാലൻ ഗ്രീക്സ്പൂരിനെ ആണ് നേരിടുക. മൂന്നാം റൗണ്ടിൽ ടൈയിലർ ഫ്രിറ്റ്സും സാഷക്ക് വെല്ലുവിളി ഉയർത്താം. നാലാം റൗണ്ടിൽ വിവാദ താരം നിക് ക്രഗ്രറിയോസ് അല്ലെങ്കിൽ ഫെലിക്‌സ് ആഗർ അലിയാസമേ അതുമല്ലെങ്കിൽ സമീപകാലത്ത് മികവ് കാണിച്ച യുവ താരം ഉഗോ ഉമ്പർട്ട് എന്നിവരിൽ ആരും ആവാം സാഷയുടെ എതിരാളി. ക്വാർട്ടറിൽ മറ്റിയോ ബരെറ്റിനിയെ കൂടി സാഷക്ക് മറികടക്കേണ്ടി വര്മ്മ സെമിയിൽ ഫെഡറർ അല്ലെങ്കിൽ മെദ്വദേവ് എന്നിവരോ ഫൈനലിൽ ജ്യോക്കോവിച്ച്, സിറ്റിപാസ് എന്നിവരിൽ ആരും ആവാം സാഷയുടെ എതിരാളി. മികച്ച യുവ താരങ്ങൾ ആയ യാനിക് സിന്നർ, ലോറൻസോ മുസെറ്റി, സെബാസ്റ്റ്യൻ കോർഡ എന്നിവർ തങ്ങളുടെ ആദ്യ വിംബിൾഡൺ മത്സരത്തിനു ആണ് ഇറങ്ങുന്നത്. രണ്ടാം സീഡ് മെദ്വദേവ് സ്ട്രഫ് പോരാട്ടം മൂന്നാം സീഡ് സിറ്റിപാസ് ടിയോഫെ പോരാട്ടം മുൻ ജേതാവ് ആന്റി മറെ ബാസിഷിവല്ലി പോരാട്ടം വിവാദ നായകൻ നിക് ക്രഗ്രറിയോസ് യുവ താരങ്ങളിൽ അത്ഭുതം കാണിക്കാൻ മികവുള്ള ഉഗോ ഉമ്പർട്ട് പോരാട്ടം എന്നിവ ആദ്യ റൗണ്ടിലെ മികച്ച പോരാട്ടങ്ങൾ ആവാൻ സാധ്യതയുള്ള മത്സരങ്ങൾ ആണ്. ഒപ്പം യുവതാരങ്ങൾ ആയ സിന്നർ, മുസെറ്റി, കോർഡ എന്നിവരുടെ അരങ്ങേറ്റ മത്സരവും മികച്ച പോരാട്ടം ആവാൻ ഇടയുണ്ട്. ആർക്കെങ്കിലും ജ്യോക്കോവിച്ച് എന്ന യന്ത്രത്തെ തടയാൻ ആവുമോ എന്ന ചോദ്യവും മറെയുടെ തിരിച്ചു വരവും വിംബിൾഡണിനെ ആവേശത്തിൽ ആക്കും. എന്നാൽ ഒരു അവസാന കവിത എഴുതാൻ ഒരു അവസാന ഡാൻസിന് ഇറങ്ങുന്നു എന്നു കരുതുന്ന റോജർ ഫെഡറർ വിംബിൾഡണിൽ എന്തെങ്കിലും അത്ഭുതം എഴുതുമോ എന്നത് തന്നെയാണ് ആരാധകരെ ഏറ്റവും കൂടുതൽ ആകാംക്ഷയിൽ നിർത്തുന്ന ചോദ്യം.