ഇന്നലെ ഹംഗറിയോട് സമനില വഴങ്ങി ഗ്രൂപ്പ് ഘട്ടം കടന്ന ജർമ്മനി ഇനി പ്രീക്വാർട്ടറിൽ നേരിടേണ്ടത് ഇംഗ്ലണ്ടിനെയാണ്. അതും ഇംഗ്ലണ്ടിൽ വെച്ചാണ് മത്സരം നടക്കുന്നത്. ഇംഗ്ലണ്ടിനെതിരെ കളിക്കുമ്പോൾ ജർമ്മനി കുറച്ചു കൂടെ മെച്ചപ്പെട്ട ഫുട്ബോൾ കളിക്കേണ്ടതുണ്ട് എന്ന് ജർമ്മൻ പരിശീലകൻ ജോവകിം ലോവ് പറഞ്ഞു. എന്നാൽ ഹംഗറിക്ക് എതിരായ മത്സരം പൊലെ ആയിരിക്കില്ല ഇംഗ്ലണ്ടിനെതിരായ മത്സരം അത് കുറച്ചു കൂടെ തുറന്ന മത്സരമായിരിക്കും എന്നും ജർമ്മൻ പരിശീലകൻ പറഞ്ഞു.
“ഹംഗറി ബസ് പാർക്ക് ചെയ്യുകയായിരുന്നു, പന്തിന് പിന്നിൽ എല്ലാവരെയും അണിനിരത്തിയാണ് അവർ കളിച്ചത്, ഇംഗ്ലണ്ടിനെതിരെ ഉള്ളത് തികച്ചും വ്യത്യസ്തമായ മത്സരമായിരിക്കും” ലോവ് പറഞ്ഞു.
“ഇംഗ്ലണ്ട് അവരുടെ ഹോമിലാണ് കളിക്കുന്നത്, അവർ അതുകൊണ്ട് തന്നെ ആക്രമിച്ചു കളിക്കാൻ ആഗ്രഹിക്കും. പ്രീക്വാർട്ടർ ഒരു തുറന്ന മത്സരമായിരിക്കും, ഞങ്ങൾ കളി മെച്ചപ്പെടുത്തേണ്ടതുണ്ട്, ഞങ്ങൾ അതിനെക്കുറിച്ച് ബോധവാന്മാരാണ്, ഒപ്പം ഇംഗ്ലണ്ടിനെതിരെ കരുതലും വേണം, പ്രത്യേകിച്ച് സെറ്റ് പീസുകളിൽ” ലോവ് പറഞ്ഞു
“ഇംഗ്ലണ്ടിനെതിരെ വെംബ്ലിയിൽ ലണ്ടനിൽ കളിക്കുന്നത് വളരെ സന്തോഷകരമായ വാർത്തയാണ്. പോർച്ചുഗലിനെതിരെ കളിച്ചതു പോലെ കളിച്ചാൽ കാര്യങ്ങൾ അനുകൂലമായി മാറും” ലോവ് പറഞ്ഞു.