ഈ യൂറോകപ്പിൽ ഗ്രൂപ്പുകൾ പ്രഖ്യാപിച്ച അന്ന് മുതൽ ഫുട്‌ബോൾ ആരാധകർ മരണ ഗ്രൂപ്പ് എന്നു വിളിച്ച ഗ്രൂപ്പ് എഫിൽ വലിയ ട്രോളുകൾ ഏറ്റു വാങ്ങിയ ടീമാണ് ഹംഗറി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യൂറോ കപ്പ് ജേതാക്കൾ ആയ പോർച്ചുഗൽ, ലോക ജേതാക്കൾ ആയ എംബപ്പെ, ഗ്രീസ്മാൻ ഒപ്പം മടങ്ങി വരുന്ന കരീം ബെൻസെമ എന്നിവർ അടങ്ങിയ അതുഗ്രൻ മുന്നേറ്റ നിരയുള്ള ഫ്രാൻസ്, ഒപ്പം മുൻ ലോക ജേതാക്കൾ ആയ ഗോളടി വീരന്മാർ ആയ ജർമ്മനി എന്നിവർ അടങ്ങിയ ഗ്രൂപ്പിൽ ഹംഗറി ഗോൾ വല നിറച്ചു മേടിക്കും എന്ന പരിഹാസങ്ങൾ ആണ് എങ്ങും കേട്ടത്. എന്നാൽ ഗ്രൂപ്പ് മത്സരങ്ങൾ അവസാനിച്ചു എല്ലാവരും പ്രതീക്ഷിച്ച പോലെ ഗ്രൂപ്പിൽ അവസാനക്കാർ ആയി ഹംഗറി മടങ്ങുമ്പോൾ പക്ഷെ ഫുട്‌ബോൾ ആരാധകർ ബഹുമാനത്തോടെയാണ് അവരെ യാത്രയാക്കുന്നത്. ബ്ളാക്ക് ലൈഫ് മാറ്ററിനെ താരങ്ങൾ മുട്ടു കുത്തി പിന്തുണക്കുന്നത് എതിർത്ത, സ്വവർഗ ലൈംഗീകത പിന്തുണക്കുന്ന റെയിൻബോ ചിഹ്നം തങ്ങൾ കളിക്കുന്ന ബയേണിന്റെ അലിയാൻസ് അറീനയിൽ നിന്നു ഒഴിവാക്കണം എന്നു ആവശ്യപ്പെട്ട ആരാധകരുടെ മോശം പ്രവർത്തികൾക്ക് ഇടയിലും ഹംഗറി ഫുട്‌ബോൾ ടീമിന് അഭിമാനിക്കാനുള്ള വക മാത്രം ആണ് ഈ യൂറോ നൽകിയത്.
1950 കളിലെ 1954 ലോകകപ്പ് ഫൈനൽ കളിച്ച അത്ഭുത മക്യാറുകൾ എന്നു പേരു കേട്ട വിഖ്യാത ടീമിന്റെ പിന്മുറക്കാർ ആണ് തങ്ങൾ എന്നു തെളിയിക്കുക ആയിരുന്നു ഹംഗറി ടീം ഫുട്‌ബോൾ മൈതാനത്ത്. ആദ്യ മത്സരത്തിൽ തങ്ങളുടെ ആരാധകർക്ക് മുന്നിൽ യൂറോ കപ്പ് ജേതാക്കൾ ആയ പോർച്ചുഗീസ് പടയെ അവർ വരിഞ്ഞു മുറുക്കി. എന്നാൽ അവസാന നിമിഷങ്ങളിൽ കളി നിർഭാഗ്യം കൊണ്ട് കൂടി അവർ 3-0 നു തോൽക്കുന്നു. തുടർന്ന് മത്സരം ലോക ജേതാക്കൾ ആയ ഫ്രാൻസിനോട്. സ്വന്തം കാണികൾക്ക് മുന്നിൽ കുറെ മത്സരങ്ങളായി 500 ൽ അധികം മിനിറ്റുകൾ ഗോൾ വഴങ്ങാതെ നിന്ന ഫ്രാൻസിനെതിരെ അവർ ആദ്യ പകുതിയുടെ അവസാന നിമിഷം ഗോൾ നേടിയപ്പോൾ പുഷ്‌കാസ് അറീന അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിക്കുക ആയിരുന്നു. ഫിയോളയുടെ ഗോൾ ഫ്രാൻസിന് ഞെട്ടലും ഹംഗേറിയൻ ആരാധകർക്ക് സ്വർഗ്ഗവും സമ്മാനിച്ചു. തുടർന്ന് ഗ്രീസ്മാന്റെ ഗോളിൽ ഫ്രാൻസ് രക്ഷപ്പെട്ടു പോവുക തന്നെയായിരുന്നു.
മൂന്നാം മത്സരം റെയിൻബോ വിവാദവും ഒപ്പം ആദ്യമായി സ്വന്തം ആരാധകർക്ക് മുന്നിൽ കളിക്കാത്തതും കൊണ്ടു ഹംഗറി ടീമിന് ജർമ്മനിയിൽ ജർമ്മനിക്ക് എതിരെ വലിയ തോൽവി സംഭവിക്കും എന്നായിരുന്നു സകല പ്രവചനങ്ങളും. എന്നാൽ 11 മത്തെ മിനിറ്റിൽ ആദം സലായിലൂടെ ഹംഗറി മുന്നിലെത്തിയപ്പോൾ ജർമനിക്ക് എന്ന പോലെ ലോകത്തിനും അത് ഞെട്ടൽ ആയി. 65 മിനിറ്റ് വരെ അവർ ലീഡ് തുടർന്നപ്പോൾ അട്ടിമറിയും മരണഗ്രൂപ്പിൽ ഒരു പ്രമുഖൻ പുറത്ത് പോവുമോ എന്ന അത്ഭുതവും ഫുട്‌ബോൾ ആരാധകരിൽ നിറഞ്ഞു. എന്നാൽ 66 മിനിറ്റിൽ ഹമ്മൽസിന്റെ പാസിൽ കായ് ഹാവർട്ട്‌സ് ജർമനിക്ക് സമനില ഗോൾ സമ്മാനിച്ചു. എന്നാൽ തൊട്ടടുത്ത നിമിഷം ആന്ദ്രസ് ഷഫറിലൂടെ വീണ്ടും ഗോൾ നെറ്റിൽ ഹംഗറി ഫുട്‌ബോൾ ആരാധകർക്ക് വീണ്ടും ഞെട്ടൽ പകർന്നു. വീണ്ടും അവിശ്വസനീയ കാഴ്ച കാണാൻ ആവുമോ എന്നു ഫുട്‌ബോൾ ആരാധകർ സ്വപ്നം കണ്ടു. എന്നാൽ ജർമ്മൻ യന്ത്രം അതിന്റെ പണി എടുത്തപ്പോൾ 84 മത്തെ മിനിറ്റിൽ ലിയോൺ ഗോരെസ്ക ജർമനിക്ക് അവസാന പതിനാറിലേക്ക് ടിക്കറ്റ് നൽകിയ സമനില ഗോൾ സമ്മാനിച്ചു.
ആദ്യ റൗണ്ടിൽ അവസാന സ്ഥാനക്കാർ ആയി ഗ്രൂപ്പിൽ നിന്നു പുറത്ത് പോവുന്ന ഹംഗറി ഫുട്‌ബോൾ ആരാധരുടെ ഹൃദയം കൂടിയാണ് കൊണ്ടു പോവുന്നത്. യൂറോ കപ്പ് ജേതാക്കൾ ആയ പോർച്ചുഗല്ലിനെ വിറപ്പിച്ച അവർ ലോക ജേതാക്കൾ ആയ ഫ്രാൻസിനെയും മുൻ ലോക ജേതാക്കൾ ആയ ഫുട്‌ബോൾ വമ്പന്മാർ ആയ ജർമ്മനിയെയും സമനിലയിൽ തളച്ചു. ഗോൾ വാങ്ങി കൂട്ടും എന്നു സകലരും പ്രവചിച്ച അവർ വെറും 7 മിനിറ്റ് നേരം ആണ് മൂന്നു മത്സരങ്ങളിലും ആയി ഗ്രൂപ്പിൽ പിറകിൽ നിന്നത്. ജർമനിക്ക് എതിരെ രണ്ടു ഗോളുകൾ അടക്കം മൂന്നു ഗോളുകൾ അടിച്ച അവർ 6 ഗോളുകൾ ആണ് വഴങ്ങിയതും. അതും ഭാഗ്യം കൈവിട്ടു എന്നതിനാൽ മാത്രം വഴങ്ങിയ പോർച്ചുഗല്ലിന് എതിരായ 3-0 ന്റെ വലിയ തോൽവി ഒരിക്കലും അവരുടെ പോരാട്ട വീര്യത്തെ അടയാളപ്പെടുത്തുന്നില്ല എന്നത് ആണ് വാസ്തവം. ഉറപ്പായിട്ടും ഈ യൂറോ കപ്പിൽ ഗ്രൂപ്പ് മത്സരങ്ങളിൽ ആളുകളെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയ ഒപ്പം വിധി ഓർത്ത് സങ്കടപ്പെടുത്തിയ ടീം അത് ഹംഗറി തന്നെ ആയിരിക്കും. എക്കാലത്തെയും മഹാനായ ഫുട്‌ബോൾ താരമായ പുഷ്‌കാസിന്റെ നാട്ടുകാർ ഏറ്റവും മഹത്തായ ഫുട്‌ബോൾ ടീമുകളിൽ ഒന്നായ മാജിക് മക്യാറുകളുടെ നാട്ടുകാർ ആ ഫുട്‌ബോൾ പാരമ്പര്യം തങ്ങളിൽ ഇന്നും ഉണ്ട് എന്ന് തെളിയിക്കുക ആയിരുന്നു ഈ യൂറോയിൽ ഒരിക്കൽ കൂടി. ആർക്കും അത്ഭുതപ്പെടുത്താവുന്ന കളി അയതിനാൽ ആണ് ഫുട്‌ബോളിനു ഇത്ര ഭംഗി. ഹൃദയത്തിൽ സൂക്ഷിക്കാൻ അത്ഭുത പ്രകടനം സമ്മാനിച്ചതിനു ഓരോ ഫുട്‌ബോൾ ആരാധകരും ഹംഗറിയോട് കടപ്പെട്ടിരിക്കും എന്നുറപ്പാണ്, നന്ദി ഹംഗറി.