യൂറോകപ്പ് പ്രീ ക്വാർട്ടർ മത്സരക്രമങ്ങൾ ആയി. ക്ലാസിക് മത്സരം അടക്കം മികച്ച 8 മത്സരങ്ങൾ ആണ് ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്. ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാർ ആയ വെയിൽസും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാർ ആയ ഡെന്മാർക്കും തമ്മിലാണ് ആദ്യ പ്രീ ക്വാർട്ടർ മത്സരം. 2016 ലെ സെമി ഫൈനൽ നേട്ടം ആവർത്തിക്കാൻ വെയിൽസ് ഇറങ്ങുമ്പോൾ 1992 ലെ അവിശ്വസനീയ യൂറോ കപ്പ് നേട്ടത്തിന്റെ ഓർമ്മയും ആയാണ് ഡെന്മാർക്ക് ഇറങ്ങുക. ഒപ്പം ക്രിസ്റ്റ്യൻ എറിക്സന്റെ അവസ്ഥയും അവസാനം അവിശ്വസനീയമായി അവസാന പതിനാറിൽ എത്തിയതും അവർക്ക് പ്രചോദനം ആവും. ഗ്രൂപ്പ് സിയിലെ ഒന്നാം സ്ഥാനക്കാർ ആയ നെതർലണ്ട്സ് ഗ്രൂപ്പ് ഡിയിൽ നിന്നു മികച്ച മൂന്നാം സ്ഥാനക്കാർ ആയി അവസാന പതിനാറിൽ എത്തിയ ചെക് റിപ്പബ്ലിക് മത്സര വിജയിയെ ആണ് ഡെന്മാർക്ക്, വെയിൽസ് മത്സര വിജയി നേരിടുക. കളിച്ച മൂന്നു കളികളും ജയിച്ചു ഉജ്ജ്വല ഫുട്ബോൾ കളിക്കുന്ന മുൻ ജേതാക്കൾ കൂടിയായ നെതർലണ്ട്സിന് തന്നെയാണ് ചെക് റിപ്പബ്ലിക്കിനെക്കാൾ സാധ്യത. എന്നാൽ ഗ്രൂപ്പിൽ മൂന്നാമത് ആയെങ്കിൽ മികച്ച പ്രകടനം തന്നെയാണ് ചെക് റിപ്പബ്ലിക് പുറത്ത് എടുത്തത്. 2004 ലെ സെമിഫൈനൽ നേട്ടം പോലൊരു പ്രകടനം ആണ് ചെക് റിപ്പബ്ലിക് ലക്ഷ്യം വക്കുന്നത്.
ഗ്രൂപ്പ് എയിൽ നിന്നു കളിച്ച മൂന്നു കളികളും ആധികാരികമായി ജയിച്ചു ഒന്നാമത് ആയി വന്ന റോബർട്ടോ മാഞ്ചിനിയുടെ ഇറ്റലിക്ക് ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാർ ആയ ഓസ്ട്രിയ ആണ് എതിരാളികൾ. മിന്നും ഫോമിലുള്ള ഇറ്റലിക്ക് ബുദ്ധിമുട്ട് നൽകാൻ കെൽപ്പുള്ളവർ ആണ് ഓസ്ട്രിയ എങ്കിലും ഒരു അട്ടിമറിയും ആരും ഈ മത്സരത്തിൽ പ്രതീക്ഷിക്കുന്നില്ല. ഗ്രൂപ്പ് ബിയിൽ കളിച്ച എല്ലാ കളിയും ജയിച്ചു ഗോൾ അടിച്ചു കൂട്ടി ഒന്നാമത് ആയി എത്തുന്ന ബെൽജിയം മികച്ച മൂന്നാം സ്ഥാനക്കാരിൽ ഒരാൾ ആയി ഗ്രൂപ്പ് എഫിൽ നിന്നു എത്തുന്ന പോർച്ചുഗൽ മത്സരവിജയിയെ ആവും ഇറ്റലി, ഓസ്ട്രിയ മത്സരവിജയി ക്വാർട്ടർ ഫൈനലിൽ നേരിടുക. യൂറോ കപ്പിലെ മിന്നും പോരാട്ടം ആവും ബെൽജിയം പോർച്ചുഗൽ പോരാട്ടം എന്നുറപ്പാണ്. മികച്ച ഫോമിലുള്ള ലുക്കാക്കു, കെവിൻ ഡ്യു ബ്രിയനെ എന്നിവർക്ക് ഒപ്പം ഹസാർഡ് സഹോദരങ്ങളും അടക്കം ബെൽജിയം സുവർണ തലമുറ ഒരു കിരീടം തന്നെയാണ് ഇത്തവണ ലക്ഷ്യം വക്കുന്നത്. എന്നാൽ വലിയ വേദിയിൽ അത് നേടാൻ റോബർട്ടോ മാർട്ടിനസിന്റെ ടീമിന് ആവുമോ എന്നത് ആണ് വലിയ ചോദ്യം. അതേസമയം ഒട്ടും മോശമല്ലാത്ത ടീമാണ് പോർച്ചുഗൽ, ഫ്രാൻസ്, ജർമ്മനി എന്നിവർ അടങ്ങിയ ഗ്രൂപ്പിൽ മൂന്നാമത് ആയെങ്കിലും 2016 ൽ കപ്പ് നേടിയപ്പോഴും മൂന്നാമത് ആയാണ് ഗ്രൂപ്പിൽ നിന്നു യോഗ്യത നേടിയത് എന്നത് അവർക്ക് പ്രചോദനം ആവും. ഒപ്പം മിന്നും ഫോമിൽ ടീമിന് പ്രചോദനം ആയി ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിനെ മുന്നിൽ നിന്നു നയിക്കുന്നുമുണ്ട്. ക്രിസ്റ്റ്യാനോയുടെ ചിറകിലേറി പോർച്ചുഗല്ലോ അല്ല ബെൽജിയം സുവർണ തലമുറയോ ക്വാർട്ടർ ഫൈനലിൽ എത്തുക എന്നത് തന്നെയാണ് വലിയ ചോദ്യം.
ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാർ ആയ ക്രൊയേഷ്യയും ഗ്രൂപ്പ് ഇയിലെ രണ്ടാം സ്ഥാനക്കാർ ആയ സ്പെയിനും നേർക്കുനേർ വരുമ്പോൾ അത് ചിലപ്പോൾ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച മത്സരം ആവാൻ ഇടയുണ്ട്. ഇംഗ്ലണ്ടിന് പിന്നിൽ രണ്ടാമത് ആയെങ്കിലും ഗ്രൂപ്പിൽ അവസാന കളിയിൽ ക്രൊയേഷ്യയുടെ പരിചയസമ്പന്നരുടെ കൂട്ടം പുറത്ത് എടുത്ത പോരാട്ട വീര്യം കാണാതെ പോവാൻ ആവില്ല. മോഡ്രിച്, പെരിസിച്, റെബിച് തുടങ്ങിയ അനുഭവസമ്പന്നർ തന്നെയാണ് ഇപ്പോഴും ക്രൊയേഷ്യയുടെ ജീവൻ. അതേസമയം ഗോൾ അടിക്കുന്നില്ല എന്ന പരാതി അവസാന മത്സരത്തിൽ 5 ഗോൾ അടിച്ചു തീർത്തു വരുന്ന സ്പാനിഷ് ടീം സ്വീഡന് പിറകിൽ രണ്ടാമത് ആയത് ആദ്യ മത്സരങ്ങളിൽ പന്ത് വലയിൽ ആക്കാൻ പ്രയാസം നേരിട്ടത് കൊണ്ടു മാത്രമാണ്. ഇത് പരിഹരിച്ചാൽ ലൂയിസ് എൻറിക്വയുടെ യുവ നിര ക്രൊയേഷ്യക്ക് വലിയ തലവേദന തന്നെയാണ് നൽകുക. ഗ്രൂപ്പ് എഫിലെ ഒന്നാം സ്ഥാനക്കാർ ആയ ഫ്രാൻസ് മികച്ച മൂന്നാം സ്ഥാനക്കാർ ആയി ഗ്രൂപ്പ് എയിൽ നിന്നു യോഗ്യത നേടിയ സ്വിസർലൻഡ് മത്സരവിജയിയെ ആണ് ക്രൊയേഷ്യ, സ്പെയിൻ മത്സരവിജയി ക്വാർട്ടർ ഫൈനലിൽ നേരിടുക. ഗ്രൂപ്പിൽ ഹംഗറി, പോർച്ചുഗൽ ടീമിനോട് സമനില വഴങ്ങിയ ലോക ജേതാക്കൾ ആയ ഫ്രാൻസ് തങ്ങളുടെ മികച്ച ഫോമിലേക്ക് ഉയർന്നിട്ടില്ല എന്നു തന്നെ വേണം പറയാൻ. മധ്യനിരയിൽ കാന്റെ, പോഗ്ബ കൂട്ടുകെട്ട് ബലം ആവുന്നു എങ്കിലും എന്നും വിശ്വസിക്കാവുന്ന പ്രതിരോധം ചെറിയ നിലക്ക് അവർക്ക് ആശങ്ക നൽകുന്നു. അതേസമയം എംബപ്പെ ഇത് വരെ ഗോൾ നേടിയില്ല എന്നതും ഗ്രീസ്മാൻ മികച്ച ഫോമിലേക്ക് വരുന്നില്ല എന്നതും വസ്തുത ആണ്. എന്നാൽ പോർച്ചുഗല്ലിന് എതിരെ തന്റെ പഴയ പ്രതാപകാലത്തെ ഫോം ഓർമ്മിപ്പിച്ചു കരീം ബെൻസെമ മികവിലേക്ക് ഉയർന്നത് അവർക്ക് വലിയ കരുത്ത് ആണ്. അവസാന മത്സരത്തിൽ തുർക്കിയെ തകർത്ത മികച്ച ഒരു ടീം ഉണ്ടെങ്കിലും സ്വിസ് ടീം ഫ്രാൻസിനെ മറികടക്കണം എങ്കിൽ അത്ഭുതം തന്നെ സംഭവിക്കണം.
ഫുട്ബോൾ ലോകത്തെ തന്നെ ഏറ്റവും വലിയ ശത്രുക്കൾ ആയ ജർമ്മനി, ഇംഗ്ലണ്ട് പോരാട്ടം പ്രീ ക്വാർട്ടറിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരം ആവും എന്നുറപ്പാണ്. ഗ്രൂപ്പ് ഡിയിലെ ജേതാക്കൾ ആയി ഇംഗ്ലണ്ട് എത്തുമ്പോൾ ഗ്രൂപ്പ് എഫിൽ നിന്നു രണ്ടാം സ്ഥാനക്കാർ ആയാണ് ജർമ്മനി പ്രീ ക്വാർട്ടറിൽ എത്തുന്നത്. 1966 ലെ ലോകകപ്പ് ഫൈനൽ വിവാദം, 2010 ലെ ലോകകപ്പ് മത്സര വിവാദം തുടങ്ങി വലിയ പോരാട്ടങ്ങൾ കണ്ട ഇംഗ്ലണ്ട്, ജർമ്മനി പോരാട്ടത്തിൽ ജർമനിക്ക് തന്നെയാണ് മുൻതൂക്കം. പോർച്ചുഗല്ലിനെ 4-2 നു തകർത്ത ജർമ്മനി പക്ഷെ ഗ്രൂപ്പിൽ ഫ്രാൻസിനോട് തോൽക്കുകയും ഹംഗറിയോട് സമനില വഴങ്ങി കഷ്ടിച്ചു രക്ഷപ്പെടുകയും ആണ് ഉണ്ടായത്. അതേസമയം ഗ്രൂപ്പിൽ ഒന്നാമത് ആയെങ്കിലും നിരാശാജനകമായ പ്രകടനം ആണ് ഗാരത് സൗത്ത്ഗേറ്റിന്റെ ഇംഗ്ലണ്ടിൽ നിന്നു ഇത് വരെ ഉണ്ടായത്. താരങ്ങളെ തിരഞ്ഞെടുക്കുന്നതിലെ വീഴ്ച മുതൽ സൗത്ത്ഗേറ്റ് നിലവിൽ വലിയ പഴി ആണ് കേൾക്കുന്നത്. ഇതിനെല്ലാം ജർമ്മനിക്ക് മേൽ ജയം നേടി മറുപടി നൽകാൻ ആവും ഇംഗ്ലീഷ് ടീം ശ്രമിക്കുക. വാശിയേറിയ മത്സരത്തിൽ തീ പാറും എന്നുറപ്പാണ്. ഗ്രൂപ്പ് ഇയിലെ ഒന്നാം സ്ഥാനക്കാർ ആയ സ്വീഡൻ മികച്ച മൂന്നാം സ്ഥാനക്കാർ ആയി ഗ്രൂപ്പ് സിയിൽ നിന്നു യോഗ്യത നേടിയ ഉക്രൈൻ മത്സരവിജയിയെ ആണ് ജർമ്മനി, ഇംഗ്ലണ്ട് മത്സരവിജയി ക്വാർട്ടർ ഫൈനലിൽ നേരിടുക. ഗ്രൂപ്പിൽ സ്പെയിൻ, പോളണ്ട് ടീമുകളെ മറികടന്നു ഒന്നാമത് ആയ സ്വീഡൻ മികച്ച ഫോമിൽ ആണ് മൂന്നു ഗോളുകളും ആയ മികവിലേക്ക് ഉയർന്ന എമിൽ ഫോർസ്ബർഗിന് ഒപ്പം മിന്നും പ്രകടനം നടത്തുന്ന യുവതാരം അലക്സാണ്ടർ ഇസാക്ക് എന്നിവരിൽ ആണ് സ്വീഡന്റെ പ്രതീക്ഷകൾ മുഴുവനും. നോർത്ത് മാസഡോണിയക്ക് മേൽ നേടിയ ജയം ആണ് പ്രീ ക്വാർട്ടർ യോഗ്യത സമ്മാനിച്ചത് എങ്കിലും ഗ്രൂപ്പിൽ ഡച്ച് പടക്ക് എതിരെ നടത്തിയ പോരാട്ടവീര്യം ഉക്രൈനെ അടയാളപ്പെടുത്തുന്നുണ്ട്. സ്വീഡന് ആണ് മുൻതൂക്കം എങ്കിലും ഉക്രൈൻ എഴുതിതള്ളാൻ പറ്റുന്ന ടീമല്ല. 26 തിയതി ശനിയാഴ്ച മുതൽ ആണ് തീ പാറുന്ന പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് യൂറോയിൽ തുടക്കമാവുക.