പോർച്ചുഗീസ് റൈറ്റ് ബാക്ക് ആയ ഡിയാഗോ ഡാലോടിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ നിലനിർത്തിയേക്കും. ഡാലോട്ടിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ എ സി മിലാൻ തുടരുകയാണെങ്കിലും താരത്തെ മാഞ്ചസ്റ്ററിൽ നിലനിർത്താനാണ് ഒലെ ഗണ്ണാർ സോൾഷ്യാർ ആലോചിക്കുന്നത്. കഴിഞ്ഞ സീസണിൽ മിലാനു വേണ്ടി നടത്തിയ പ്രകടനവും അണ്ടർ 23 യൂറോ കപ്പിൽ പോർച്ചുഗലിനായി നടത്തിയ ഡാലോട്ടിന്റെ പ്രകടനവും ആണ് യുണൈറ്റഡ് പുനരാലോചന നടത്താൻ കാരണം.
മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു ലോണിൽ എ സി മിലാനിൽ കളിക്കുകയായിരുന്ന ഡാലോട്ടിനെ മിലാൻ ഒരിക്കൽ കൂടെ ലോണിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ ട്രാൻസ്ഫറിന് യുണൈറ്റഡ് തയ്യാറല്ല എന്ന് അറിയിച്ചിരിക്കുകയാണ്. 21 കാരനായ താരം മിലാനിൽ കഴിഞ്ഞ സീസണിൽ നിർണായക ഗോളുകൾ അടക്കം നേടിയിരുന്നു. ഇപ്പോൾ യൂറോ കപ്പിൽ പോർച്ചുഗൽ യൂറോ സ്ക്വാഡിൽ ഡാലോട്ട് ഉണ്ട്. യുണൈറ്റഡിൽ നിൽക്കുക ആണെങ്കിൽ വാൻ ബിസാകയ്ക്ക് വെല്ലുവിളി ഉയർത്തുന്ന പ്രകടനം ഡാലോട്ട് നടത്തേണ്ടി വരും.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ വലിയ പ്രതീക്ഷയോടെ എത്തിയ യുവതാരത്തിന് യുണൈറ്റഡിൽ തന്റെ മികവ് തെളിയിക്കാൻ ആയിരുന്നില്ല. ഒലെയുടെ കീഴിൽ മാച്ച് സ്ക്വാഡിൽ പോലും ഡാലോട്ടിന് എത്താനായിരുന്നില്ല. പോർട്ടോയിൽ നിന്നായിരുന്നു രണ്ട് വർഷം മുമ്പ് 19കാരനായിരിക്കെ ഡിയാഗോ ഡാലോട്ട് യുണൈറ്റഡിലേക്ക് എത്തിയത്.