ഉറപ്പായ തോൽവിയിൽ നിന്ന് ഇന്ത്യയെ കരകയറ്റി സ്നേഹ റാണ – താനിയ ഭാട്ടിയ കൂട്ടുകെട്ട്. ഒമ്പതാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് നേടിയ 104 റൺസിന്റെ ബലത്തിൽ ഇന്ത്യയ്ക്ക് സമനില. 199/7 എന്ന നിലയിൽ ഇന്ത്യ പ്രതിരോധത്തിലായപ്പോള്‍ സ്നേഹ് റാണയും ശിഖ പാണ്ടേയുമാണ് ആദ്യം രക്ഷയ്ക്കെത്തിയത്. 41 റൺസ് നേടിയ കൂട്ടുകെട്ടിനെ ഇംഗ്ലണ്ട് തകര്‍ത്തുവെങ്കിലും താനിയ ഭാട്ടിയയോടൊപ്പം റൺസ് സ്കോര്‍ ചെയ്ത് സ്നേഹ് ഇന്ത്യയുടെ ലീഡ് ഉയര്‍ത്തിക്കൊണ്ടേയിരുന്നു.
ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 121 ഓവറിൽ 344/8 എന്ന നിലയില്‍ ആണ് അവസാനിച്ചത്. സ്നേഹ് 80 റൺസും താനിയ ഭാട്ടിയ 44 റൺസുമാണ് ഇന്ത്യയ്ക്കായി നേടിയത്. ഇംഗ്ലണ്ട് ബൗളിംഗ് നിരയിൽ സോഫി എക്ലെസ്റ്റോൺ 4 വിക്കറ്റും നത്താലി സ്കിവര്‍ 2 വിക്കറ്റും നേടി.
ഷഫാലി വര്‍മ്മ(63), ദീപ്തി ശര്‍മ്മ(54) എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ക്കൊപ്പം പൂനം റൗത്ത് 39 റൺസുമായി മികച്ച ചെറുത്ത്നില്പാണ് ഇന്ത്യയ്ക്കായി നടത്തിയതെങ്കിലും രണ്ടാം ഇന്നിംഗ്സിലെ ഹീറോ സ്നേഹ് റാണയും ഇന്ത്യയുടെ വാലറ്റവുമാണ്. താനിയ ഭാട്ടിയയുടെ പ്രകടനവും ശ്രദ്ധേയമാണ്.