പോർച്ചുഗൽ പ്രതിരോധം തകർത്ത് ജർമ്മനി, മ്യൂണിക്കിലെ ത്രില്ലറിൽ നിർണായകമായത് രണ്ട് സെൽഫ് ഗോളുകൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോ കപ്പിലെ മരണ ഗ്രൂപ്പായ ഗ്രൂപ്പ് എഫിലെ വലിയ മത്സരത്തിൽ ജർമ്മനിക്ക് വലിയ വിജയം. ആദ്യ മത്സരത്തിൽ ഫ്രാൻസിനോട് പരാജയപ്പെട്ട ജർമ്മനി ഇന്ന് നിലവിലെ യൂറോ ചാമ്പ്യന്മാരായ പോർച്ചുഗലിനെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം ആയിരുന്നു ജർമനിയുടെ തിരിച്ചടി. അഞ്ചു മിനുട്ടിനിടയിൽ പിറന്ന രണ്ട് സെൽഫ് ഗോളുകൾ പോർച്ചുഗലിന് വലിയ തിരിച്ചടിയായി.

മ്യൂണിക്കിൽ ഇന്ന് ജർമ്മനിയുടെ തുടരാക്രമണങ്ങൾ തുടക്കത്തിൽ തന്നെ കണ്ടത്. അഞ്ചാം മിനുട്ടിൽ ഈ ആക്രണങ്ങളുടെ ഫലമായി അവർ ആദ്യമായി വലയും കുലുക്കി. അറ്റലാന്റ താരം ഗൊസെൻസിന്റെ ഗംഭീര ഫിനിഷ് പക്ഷെ ബിൽഡ് അപ്പിലെ ഓഫ് സൈഡ് കാരണം ഗോൾ നിഷേധിച്ചു. ഇതിനു പിന്നാലെ പത്താം മിനുട്ടിൽ വലിയ അവസരം ഹവേർട്സിന് കിട്ടി എങ്കിലും റുയി പട്രിസിയോ രക്ഷയ്ക്ക് എത്തി.

ജർമ്മനിയുടെ ആധിപത്യം നടക്കുന്നതിനിടയിൽ ഒരു മനോഹര കൗണ്ടറിലൂടെ പോർച്ചുഗൽ കളിയിലെ ആദ്യ ഗോൾ കണ്ടെത്തി. ബെർണാഡോ സിൽവയുടെ പാസ് സ്വീകരിച്ച ജോട ഗോൾ മുഖത്ത് വെച്ച് പന്ത് റൊണാൾഡോയ്ക്ക് മറിച്ച് കൊടുത്തു. റൊണാൾഡോ എളുപ്പത്തിൽ തന്നെ പന്ത് വലയിൽ എത്തിച്ചു. റൊണാൾഡോയുടെ ഈ യൂറോയിലെ മൂന്നാം ഗോളായിരുന്നു ഇത്.

ഈ ഗോൾ ജർമ്മനിയെ കുറച്ച് സമയം പ്രതിരോധത്തിൽ ആക്കി എങ്കിലും അവർ പതിയെ കളിയിലേക്ക് തിരികെ വന്നു. നാലു മിനുട്ടിനിടയിൽ പിറന്ന രണ്ട് സെൽഫ് ഗോളുകൾ ജർമ്മനിക്ക് കളി തിരികെ നൽകി. 35ആം മിനുട്ടിൽ റുബൻ ഡയസിന്റെ വക ആയിരുന്നു ആദ്യ സെൽഫ് ഗോൾ. ഗോസൻസിന്റെ ഷോട്ട് ആണ് റുബൻ ഡയസിന്റെ കാലിൽ തട്ടി വലയിൽ കയറി സമനില ഗോളായി മാറിയത്.

ഇതിനു പിന്നാലെ ഗുറേറോയും സെൽഫ് ഗോൾ നേടി. ഇത്തവണ കിമ്മിചിന്റെ പാസ് ക്ലിയർ ചെയ്യുന്നതിനിടയിൽ പന്ത് വലയിൽ എത്തുക ആയിരുന്നു. ആദ്യ പകുതി 2-1ന് അവസാനിപ്പിച്ച ജർമ്മനി രണ്ടാം പകുതിയും മികച്ച രീതിയിൽ തുടങ്ങി. 51ആം മിനുട്ടിൽ ഹവേർട്സിലൂടെ ആണ് ജർമ്മനി മൂന്നാം ഗോൾ നേടിയത്. ഇത്തവണയും ഗൊസെൻസിന്റെ ക്രോസ് പാസ് തടയാൻ പോർച്ചുഗീസ് ഡിഫൻസിനായില്ല. ഹവേർട്സിന്റെ ജർമ്മനിക്കായുള്ള നാലാം ഗോളായിരുന്നു ഇത്‌

ഈ ഗോൾ കഴിഞ്ഞിട്ടും ജർമ്മനി അറ്റാക്ക് നിർത്തിയില്ല. പോർച്ചുഗൽ മാറ്റങ്ങൾ വരുത്തി നോക്കി എങ്കിലും ഫലമുണ്ടായില്ല. 60ആം മിനുട്ടിൽ ജർമ്മനിയുടെ നാലാം ഗോളും വന്നു. ഇത്തവണ ഗൊസൻസിന്റെ ഹെഡർ ആണ് റുയി പട്രിസിയോയെ കീഴ്പ്പെടുത്തിയത്. കിമ്മിചിന്റെ ക്രോസിൽ നിന്നായിരുന്നു ഈ ഗോൾ. ഇതോടെ പോർച്ചുഗൽ കളിയിൽ ഒരു തിരിച്ചുവരവില്ലെന്ന് ആണ് കരുതിയത്.

പക്ഷെ 66ആം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് പോർച്ചുഗൽ രണ്ടാം ഗോൾ കണ്ടെത്തി. ജൊ മൗട്ടീനോ എടുത്ത ഫ്രീകിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ മുഖത്തേക്ക് ആക്രൊബാറ്റിക് ആയി തിരിച്ചു കൊടുത്തു. അത് ജോട വലയിലേക്കും എത്തിച്ചു. സ്കോർ 2-4. ഇതോടെ കളി ആവേശകരമായി. 77ആം മിനുട്ടിൽ റെനറ്റോ സാഞ്ചെസിന്റെ ഒരു ലോംഗ് റേഞ്ചർ ഗോൾ പോസ്റ്റ് വിറപ്പിച്ചാണ് ഗോളാവാതെ മടങ്ങിയത്. മറുവശത്ത് ഗൊറെസ്കയുടെ ഷോട്ട് ഗോൾ ബാറിന് ഉരുമ്മിയും പുറത്തേക്ക് പോയി.

പോർച്ചുഗൽ കളിയിലേക്ക് തിരികെ വരാൻ ശ്രമിച്ചു എങ്കിലും അതിന് സഹായകമാകുന്ന മൂന്നാം ഗോൾ കണ്ടെത്താൻ പറങ്കികൾക്ക് ആയില്ല. ഈ വിജയം ജർമ്മനിയെ ഗ്രൂപ്പിൽ മൂന്ന് പോയിന്റുമായി രണ്ടാമത് എത്തിച്ചു. ഫ്രാൻസ് 4 പോയിന്റുമായി ഒന്നാമതും പോർച്ചുഗൽ മൂന്ന് പോയിന്റുമായി മൂന്നാമതുമാണ്‌. അവസാന മത്സരത്തി പോർച്ചുഗൽ ഫ്രാൻസിനെയും ജർമ്മനി ഹംഗറിയെയും ആണ് നേരിടേണ്ടത്‌.