പരിക്ക് മാറി തിരികെയെത്തിയ കെവിൻ ഡി ബ്രുയിൻ തന്റെ വരവറിയിച്ച മത്സരമാണ് ഇന്ന് കോപൻ ഹേഗനിൽ കണ്ടത്. ഡെന്മാർക്കിനെ നേരിട്ട ബെൽജിയം ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകിൽ പോയിരുന്നു. രണ്ടാം പകുതിയിൽ സബ്ബായി എത്തി ഒരു ഗോളും ഒരു അസിസ്റ്റും ഒരുക്കി കെവിൻ ഡി ബ്രുയിൻ ബെൽജിയത്തെ വിജയത്തിലേക്ക് നയിക്കുന്നതാണ് കാണാനായത്. ഈ വിജയം ബെൽജിയത്തിന്റെ നോക്കൗട്ട് റൗണ്ടും ഉറപ്പാക്കി കൊടുത്തു എന്ന് പറയാം.
ഇന്ന് ബെൽജിയത്തെ ഞെട്ടിച്ചു കൊണ്ടാണ് ഡെന്മാർക്ക് തുടങ്ങിയത്. രണ്ടാം മിനുട്ടിൽ തന്നെ അവർ ലീഡ് എടുത്തു. ബെൽജിയം ഡിഫൻസിന്റെ ഒരു മിസ് പാസ് കൈക്കലാക്കി മുന്നേറിയ ഡെന്മാർക്കിനായി പൗൾസനാണ് ഗോൾനേടിയത്. ഈ ഗോളിൽ ഞെട്ടിയ ബെൽജിയം താളം കണ്ടെത്താൻ വിഷമിച്ചു. ഒന്നിനു പിറകെ ഒന്നായി ഡെന്മാർക്ക് ആക്രമണങ്ങളും തുടക്കത്തിൽ കണ്ടു. എന്നാൽ പതിയെ ബെൽജിയം കളത്തിലേക്ക് തിരികെ വന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിലാണ് മാർട്ടിനെസ് ഡി ബ്രുയിനെ സബ്ബായി എത്തിച്ചത്. ഇത് ബെൽജിയത്തിന്റെ കളി തന്നെ മാറ്റി. 54ആം മിനുട്ടിൽ അവർ സമനില ഗോളും കണ്ടെത്തി. ലുകാകു തുടങ്ങി വെച്ച അറ്റാക്കിൽ പന്ത് ഡിബ്രുയിന്റെ കാലിലേക്ക് എത്തി. ഡെന്മാർക്ക് ഡിഫൻസിനെ വേറെ ദിശയിലേക്ക് അയച്ച് ഡിബ്രുയിം പന്ത് പാസ് ചെയ്തു. അത് തൊട്ടു കൊടുക്കേണ്ട പണിയെ തോർഗൻ ഹസാർഡിനുണ്ടായിരുന്നുള്ളൂ.
ഈ ഗോളിന് പിന്നാലെ ഈഡൻ ഹസാർഡിനെയും ബെൽജിയം കളത്തിൽ എത്തിച്ചു. എഴുപതാം മിനുട്ടിൽ സുന്ദരമായ ഒരു ടീം ഗോൾ ബെൽജിയത്തെ മുന്നിലും എത്തിച്ചു. ഇത്തവണയും അറ്റാക്ക് തുടങ്ങുയത് ലുകാകു ആയിരുന്നു. വലതു വിങ്ങിൽ ചെന്ന് ഡെന്മാർക്ക് ഡിഫൻസിനെ വട്ടം കറക്കി മുന്നേറിയ ലുകാകു പന്ത് തോർഗൻ ഹസാർഡിന് കൈമാറി. അനിയൻ ഹസാർഡ് ഒറ്റ ടച്ചിൽ പന്ത് ഏട്ടൻ ഹസാർഡിന് നൽകി. ഈഡൻ ഹസാർഡ് വൺ ടച്ചിൽ ഡിബ്രുയിനെ കണ്ടെത്തി. ഡിബ്രുയിന്റെ ഫസ്റ്റ് ടച്ച് ഫിനിഷ് വലയ്ക്കകത്തും. ഈ ടൂർണമെന്റ് കണ്ട ഏറ്റവും മനോഹരമായ ടീം ഗോളായിരുന്നു ഇത്.
ഈ ഗോളിന് ശേഷം സമനിലക്കായി ഡെന്മാർക്ക് ശ്രമിച്ചു എങ്കിലും കോർതൊയും ബെൽജിയം ഡിഫൻസും എല്ലാ ആക്രമണങ്ങളും തടഞ്ഞു. 87ആം മിനുട്ടിലെ ബ്രെത്വൈറ്റിന്റെ ഹെഡർ ഗോൾ ബാറിന് ഉരസി പുറത്ത് പോകുന്നതും കാണാൻ ആയി. ബെൽജിയത്തിന് ഇത് ഗ്രൂപ്പിലെ രണ്ടാം വിജയമാണ്. 6 പോയിന്റുമായി ഒന്നാമത് നിൽക്കുന്ന ബെൽജിയം ഗ്രൂപ്പിൽ നിന്ന് പ്രീക്വാർട്ടറിലേക്ക് കടക്കും എന്ന് ഏതാണ്ട് ഉറപ്പായി. രണ്ടു മത്സരങ്ങളും പരാജയപ്പെട്ട ഡെന്മാർക്കിന് ഇനി ഒരു തിരിച്ചുവരവ് പ്രയാസമാണ്.