യൂറോ കപ്പിൽ ഗ്രൂപ്പ് എയിൽ നടന്ന ആവേശകരമായ മത്സരത്തിൽ വെയിൽസിന് വിജയം. തുർക്കിയെ എതിരില്ലാത്ത രണ്ടു ഗോളിനാണ് വെയിൽസ് പരാജയപ്പെടുത്തിയത്. ഗ്രൂപ്പിലെ വെയിൽസിന്റെ ആദ്യ വിജയമാണിത്. ക്യാപ്റ്റൻ ഗരെത് ബെയ്ല് ഒരു പെനാൾട്ടി നഷ്ടപ്പെടുത്തി എങ്കിലും വെയിൽസിന് ആ അവസരം തുലച്ചതിന് വില കൊടുക്കേണ്ടി വന്നില്ല.
ഇന്ന് അസർബൈജാനിൽ വേഗതയാർന്ന തുടക്കമാണ് മത്സരത്തിന് ലഭിച്ചത്. ഇരുടീമുകളും ഒന്നിനു പിറകെ ഒന്നായി അറ്റാക്കുകൾ നടത്തി. വെയിൽസിനായിരുന്നു മെച്ചപ്പെട്ട അവസരങ്ങൾ ലഭിച്ചത്. ആറാം മിനുട്ടിൽ ബെയ്ലിന്റെ പാസ് സ്വീകരിച്ച റാംസിക്ക് പക്ഷെ കാകിറിനെ മറികടക്കാനായില്ല. വെയിൽസിനായി ഇടതു വിങ്ങിൽ ഡാനിയൽ ജെയിംസ് മികച്ച റണ്ണും മികച്ച ക്രോസുകളുമായി കളം നിറഞ്ഞു. 24ആം മിനിട്ടിൽ റാംസിക്ക് വീണ്ടും തുറന്ന അവസരം ലഭിച്ചു. ബെയ്ലിന്റെ പാസ് ഇത്തവണയും റാംസിക്ക് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല.
മറുവശത്ത് ബുറാഖ് യിൽമാസിന്റെ സാന്നിദ്ധ്യം വെയിൽസ് ഡിഫൻസിനെ ഇടക്കിടെ സമ്മർദ്ദത്തിലാക്കി. അയ്ഹാന്റെ ഒരു ഹെഡർ ഗോൾ ലൈനിൽ നിന്ന് മോരെൽ ക്ലിയർ ചെയ്യുന്നതും ആദ്യ പകുതിയിൽ കണ്ടു. ആദ്യ പകുതി അവസാനിക്കാൻ മൂന്ന് മിനുട്ടുകൾ മാത്രം ബാക്കിയുള്ളപ്പോൾ ആയിരുന്നു വെയിൽസിന്റെ ഗോൾ വന്നത്. വീണ്ടും ഗരെത് ബെയ്ല് റാംസി കൂട്ടുകെട്ടാണ് അറ്റാക്കിൽ ഒരുമിച്ചത്.
ബെയ്ല് തുർക്കിഷ് ഡിഫൻസിനു മുകളിലൂടെ നൽകിയ പന്ത് തന്റെ നെഞ്ചു കൊണ്ട് നിയന്ത്രിച്ച് വലം കാലു കൊണ്ട് റാംസി വലയിലേക്ക് എത്തിച്ചു. കഴിഞ്ഞ യൂറോയിലും റാംസി വെയിൽസിനായി ഗോൾ നേടിയിരുന്നു. രണ്ടാം പകുതിയിലും ഇരുടീമുകളും അറ്റാക്ക് തുടർന്നു. 61ആം മിനുട്ടിൽ ലീഡ് ഇരട്ടിയാക്കാൻ വെയിൽസിന് അവസരം ലഭിച്ചു. ഗരെത് ബെയ്ലിനെ വീഴ്ത്തിയതിന് കിട്ടിയ പെനാൾട്ടി എടുത്തതും വെയിൽസ് ക്യാപ്റ്റൻ തന്നെ ആയിരുന്നു. പക്ഷെ ബെയ്ലിന്റെ പെനാൾട്ടി കിക്ക് ആകാശത്തേക്കാണ് പോയത്.
ഇത് തുർക്കിക്ക് വീണ്ടും ഊർജ്ജം നൽകിയെങ്കിലും ഫൈനൽ പാസിന്റെ കുറവ് തുർക്കിയെ സമനില ഗോളിൽ നിന്ന് അകറ്റി. അവർ ലക്ഷ്യത്തിന് അടുത്ത് എത്തിയപ്പോൾ ഒക്കെ ഡാനി വാർഡ് തടസ്സമായി നിൽക്കുകയും ചെയ്തു. മത്സരത്തിന്റെ അവസാനം ഇരു ടീമിലെയും താരങ്ങൾ കയ്യാങ്കളിയിൽ എത്തിയത് മത്സരത്തിന്റെ മാറ്റു കുറച്ചു. അവസാന നിമിഷത്തിൽ ബെയ്ല് സൃഷ്ടിച്ച അവസരം മുതലെടുത്ത് കോണർ റൊബേർട്സ് വെയിൽസിന് രണ്ടാം ഗോളും വിജയവും ഉറപ്പിച്ച് കൊടുത്തു.
തുർക്കിക്ക് ഇത് തുടർച്ചയായ രണ്ടാം പരാജയമാണ്. ടൂർണമെന്റിലെ കറുത്ത കുതിരകൾ ആകും എന്ന് പ്രതീക്ഷിച്ചവർ നോക്കൗട്ട് റൗണ്ട് പോലും കാണാതെ പുറത്താകുമോ എന്ന ഭയത്തിലാണ് ഇപ്പോൾ. വെയിൽസിന് ഇന്നത്തെ വിജയം നോക്കൗട്ട് റൗണ്ട് യോഗ്യത ഏതാണ്ട് ഉറപ്പിക്കും. അവസാന മത്സരത്തിൽ ഇറ്റലിയെ ആകും വെയിൽസ് നേരിടേണ്ടത്. ഇപ്പോൾ 4 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ് വെയിൽസ്